Monday, November 11, 2024
Homeഇന്ത്യമുംബൈയെ ദുരിതത്തിൽ ആഴ്ത്തി വീണ്ടും വെള്ളപ്പൊക്കം

മുംബൈയെ ദുരിതത്തിൽ ആഴ്ത്തി വീണ്ടും വെള്ളപ്പൊക്കം

മുംബൈ –രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇത്തവണയും ഉണ്ടായ വെള്ളപ്പൊക്കം ദുരിതത്തിൽ ആഴ്ത്തിയിരിക്കുകയാണ്. എല്ലാ മഴക്കാലത്തും കനത്ത മഴക്കെടുതികൾ ഏറ്റവുമധികം ബാധിക്കുന്ന നഗരങ്ങളിൽ ഒന്നാണ് മുംബൈ. 2005 നും 2015 നും ഇടയിൽ വെള്ളപ്പൊക്കത്തിൽ മുംബൈയ്ക്ക് ഉണ്ടായ നഷ്ടം ഏകദേശം 14,000 കോടി രൂപയോളമാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. യുഎസ് ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഏജൻസിയും പ്രമുഖ അക്കൗണ്ടിംഗ് കമ്പനിയായ കെപിഎംജിയും ചേർന്ന് നടത്തിയ പഠനത്തിലാണ് വെള്ളപ്പൊക്കം മുംബൈ നഗരത്തിനുണ്ടാക്കുന്ന നാശത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

ഇതിന് ശേഷമുള്ള വർഷങ്ങളിലും ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നത് ഉറപ്പാണ് .2005 ജൂലൈയിലുണ്ടായ പ്രളയത്തിൽ നൂറുകണക്കിനാളുകളാണ് മരണമടഞ്ഞത്. അന്ന് മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 944 മില്ലിമീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് മുംബൈ നഗരത്തെ വെള്ളത്തിലാക്കിയത്. ഇനിയും മഴക്കെടുതികൾ നാശം വിതക്കാനുള്ള സാഹചര്യങ്ങളുണ്ട്.

വലിയ വികസന പദ്ധതികളും നിർമാണ പദ്ധതികളും ഒക്കെയുണ്ടെങ്കിലും വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള പദ്ധതികൾ നമ്മുടെ നഗരാസൂത്രണ പദ്ധതികളിൽ ഇല്ല. അപകട സാധ്യതയുള്ളതും ദുരന്ത സാധ്യതയുള്ളതുമായ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് നിർമാണ മേഖലയിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒന്നുമില്ലാതെ വാർത്തിട്ടിരിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും നിലങ്ങളും ഒക്കെ വെള്ളപ്പൊക്ക സാധ്യത കൂട്ടുന്നു. എല്ലാ മഴക്കാലത്തും മുംബൈ മെട്രോപൊളിറ്റൻ മേഖലയും പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലാകാറുണ്ട്.

നാശനഷ്ടങ്ങൾ കണക്കാക്കിയാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഉണ്ടായ നഷ്ടം വീണ്ടും കൂടും. അശസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഒട്ടേറെ നഗരങ്ങളുണ്ട്. കൊച്ചിയുൾപ്പെടെ വളർന്നുകൊണ്ടിരിക്കുന്ന പല നഗരങ്ങൾക്കും വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. ശക്തമായ ഒരു മഴ പെയ്താൽ നഗരത്തിൻ്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലാകുന്ന അവസഥ. ഇതിന് പരിഹാരം കാണാൻ ഇടപടെലുകളും ക്രിയാത്മക നിർദേശങ്ങളും വേണം. കാലവർഷക്കെടുതികൾ ആളപായം വരുത്തുന്നതിനൊപ്പം ചെറുതല്ലാത്ത സാമ്പത്തിക നഷ്ടവും ഓരോ സംസ്ഥാനങ്ങൾക്കുമുണ്ടാക്കുന്നുണ്ട്.

കാടും മരങ്ങളും ഒക്കെ വെട്ടിത്തെളിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെയും പ്രകൃതിയുടെയും ഒക്കെ താളം തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാനും ബദൽ മാർഗങ്ങൾ വേണം. രാജ്യത്തെ കെട്ടിട നിർമാണ മേഖല ഈ അപായ സൂചനയെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട് .

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments