Friday, July 24, 2026
Homeഇന്ത്യപരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട്...

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാർത്ഥികളും പ്രതിപക്ഷ എം പിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചിരിക്കുന്നത്. പാർലമെന്റിന്റെ നിലവിലെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബിൽ എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും ഇത്തരം സംഭവങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

‘ഇത് നിസാരമായി കാണാനാകുന്ന വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്’ എന്നായിരുന്നു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ‘വിദ്യാർഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാൻ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അതിനാൽ എത്രയും വേഗം പരീക്ഷ വീണ്ടും നടത്തേണ്ടത് അനിവാര്യമായിരുന്നു’വെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

‘ഏകദേശം 22 ലക്ഷം വിദ്യാർഥികൾക്കായി ഏറ്റവും വേഗത്തിൽ പരീക്ഷ സംഘടിപ്പിക്കാൻ സർക്കാരിന്റെ മുഴുവൻ സംവിധാനവും പ്രവർത്തിച്ചു. അഞ്ചോ ആറോ ദിവസം മുമ്പ്, ജൂലൈ 19ന് ഫലം പ്രസിദ്ധീകരിച്ചു. വിജയിച്ച വിദ്യാർഥികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്’ എന്നും നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ സർക്കാർ ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിരവധി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ടെന്നും എന്നാൽ അതുകൊണ്ട് മാത്രം തൃപ്തിപ്പെടാൻ കഴിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘അറസ്റ്റും തടവും മാത്രം മതിയെന്ന നിലപാടല്ല ഞങ്ങളുടേത്. അതിനാലാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾക്കായുള്ള വ്യവസ്ഥകൾ തയ്യാറാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്  ഞാൻ നിർദേശം നൽകിയത് എന്നും അദ്ദേഹം വ്യക്തമാക്കി. എൻ്റെ നിർദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ ദിവസം മുഴുവൻ പ്രവർത്തിച്ച് കരട് നിയമം തയ്യാറാക്കി വ്യാഴാഴ്ച രാത്രി തന്നെ സമർപ്പി’ച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

‘ഫാസ്റ്റ് ട്രാക്ക് കോടതികളും കർശന ശിക്ഷാ വ്യവസ്ഥകളും ഉൾക്കൊള്ളുന്ന കരട് നിയമമാണിത്. ഇത് വെള്ളിയാഴ്ച മന്ത്രിസഭയിൽ ചർച്ച ചെയ്യും. മന്ത്രിസഭാ സഹപ്രവർത്തകരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബില്ലിന്റെ അന്തിമ രൂപം തയ്യാറാക്കും’ എന്നാണ് നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കുന്നത്. ‘തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ആഴ്ചയിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് ലോക്‌സഭയും രാജ്യസഭയും എത്രയും വേഗം പാസാക്കാൻ സർക്കാർ ശ്രമിക്കു’മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബിൽ ഇരുസഭകളും എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തും എന്നായിരുന്നു നരേന്ദ്ര മോദി വ്യക്തമാക്കിയത്.

വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി നേരത്തെ രം​ഗത്ത് വന്നിരുന്നു. വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവർ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ് ച ഏറെ വേദനാജനകമാണെന്നുമാണ് എക്സ് പോസ്റ്റിലൂടെ മുരളി മനോഹർ ജോഷി പ്രതികരിച്ചത്.’രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാർഥ്യമുള്ളവയാണ്. അതിനാൽ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ട് എന്നാണ് മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് വിഷയം ​ഗൗരവമായി പരി​ഗണിക്കുമെന്ന നിലപാടുമായി നരേന്ദ്ര മോദി രം​ഗത്ത് വന്നിരിക്കുന്നത്.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്. ഇതിനിടെ ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം നടന്നു. എംപിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധിസ്മൃതിയിലെത്തുകയായിരുന്നു. ഇൻഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിനായി എത്തിയിരുന്നു. രാ​ഹുൽ ​ഗാന്ധി അടക്കമുള്ള എംപിമാർ ​ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചിരുന്നു. ​ഗാന്ധി സ്മൃതിയിലേയ്ക്ക് എത്തിയ വാഹനത്തിൽ നിന്നും പ്ലക്കാർഡുമായി ഇറങ്ങിയ എംപിമാരുടെ മുൻനിരയിൽ പ്രിയങ്ക ​ഗാന്ധി, മി‍ർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങിയ വനിത എം പിമാരാണ് അണിനിരന്നത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധമുണ്ടായത്. എംപിമാർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ഗാന്ധി സ്മൃതിയിൽ ദേശീയഗാനം ചെല്ലിയാണ് പ്രതിഷേധം അവസാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com