കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി നീക്കം. ബോര്‍ഡ് അംഗമായിരുന്ന ജി സുന്ദരേശനും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യാജരേഖ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് റെജിലാലിനെതിരെ കണ്ടെത്തിയത്.
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കൃത്യനിര്‍വഹണത്തിലെ പങ്ക് സംബന്ധിച്ച് വിശദമായ പരിശോധന നടത്താനാണ് എസ്‌ഐടി തീരുമാനം. 2020-2025 കാലത്ത് ജോലി ചെയ്ത ദേവസ്വം ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കാണ് പരിശോധിക്കുക
സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ വിവരശേഖരണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും മുന്‍ അംഗം അജികുമാറിനെയും ഇന്ന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. 2025ലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഇരുവരെയും വിശദമായി ചോദ്യം ചെയ്യണമെന്ന് എസ്‌ഐടി അറിയിച്ചു.
പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്ഐടിയുടെ പരാമര്‍ശം. 2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില്‍ പുതിയ ബോര്‍ഡ് ഉത്തരവിറക്കിയെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ സ്വര്‍ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണമുണ്ടാക്കാന്‍ അവസരം ഒരുക്കിയെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ അപഹരണം മറക്കാനാണ് 2025 വീണ്ടും സ്വര്‍ണം പൂശല്‍ നടത്തിയതെന്ന് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തി.
പി എസ് പ്രശാന്തും എ അജികുമാറും നിലവില്‍ റിമാന്‍ഡിലാണ്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും 13 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഇരുവരും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.



