Wednesday, November 4, 2026
Homeഅമേരിക്കനന്തി ഹിൽസ് അല്ലെങ്കിൽ നന്ദിദുർഗ്ഗ് (യാത്രാനുഭവം) ✍ ഡോളി തോമസ് ചെമ്പേരി

നന്തി ഹിൽസ് അല്ലെങ്കിൽ നന്ദിദുർഗ്ഗ് (യാത്രാനുഭവം) ✍ ഡോളി തോമസ് ചെമ്പേരി

കർണാടകയിലെ ചിക്ബല്ലാപ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് ഇത്. ബംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കിടക്കുന്ന ഈ പ്രദേശം, സഞ്ചാരികളുടെ, പ്രത്യേകിച്ച് ബംഗളൂരു നിവാസികളുടെ ഒരു പ്രധാന വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമാണ്. ചരിത്രപ്രസിദ്ധമായ ഒരു കോട്ട ഇവിടെയുണ്ട്. ടിപ്പു സുൽത്താന്റെ വേനൽക്കാല വസതിയായിരുന്ന ‘താഷ്ക്-ഇ-ജന്നത്ത്’ (ലക്ഷ്വറി ഗാർഡൻ) അല്ലെങ്കിൽ (സ്വർഗ്ഗത്തിന്റെ അസൂയ) എന്ന് പേരിട്ടിരിക്കുന്ന വസതി ഇതിനുള്ളിലാണ്.

​യാത്രയുടെ തുടക്കവും ട്രാഫിക് ബ്ലോക്കും

​ബാംഗ്ലൂരിലേക്കുള്ള രണ്ടാമത്തെ വരവിൽ സന്ദർശനത്തിന് എത്തിയതാണ് നന്തി ഹിൽസിലേക്ക്. തലേന്ന് തന്നെ കാർ ബുക്ക് ചെയ്തിരുന്നു. വെളുപ്പിനെ നാലുമണിയായപ്പോൾ പുറപ്പെട്ടു ഏകദേശം അഞ്ചര മണി കഴിഞ്ഞപ്പോഴേക്കും നന്തി ഹിൽസിന്റെ എൻട്രൻസ് എത്തി. അവിടെ 5:45 വരെ കാത്ത് കിടക്കേണ്ടി വന്നു പാസ് കിട്ടാൻ. അപ്പോഴേക്കും റോഡ് നിറയെ വാഹനങ്ങളുടെ നിര രൂപപ്പെട്ടു വന്നു. ധൃതി കൂട്ടി നിരതെറ്റിച്ച് മുന്നോട്ടു കയറുന്ന വാഹനങ്ങൾ മൂലം അത്യാവശ്യം നല്ലൊരു ട്രാഫിക് ബ്ലോക്കും അവിടെ രൂപപ്പെട്ടു കഴിഞ്ഞു.

​സെക്യൂരിറ്റിക്കാർ ഇങ്ങനെ നിരതെറ്റി വരുന്ന വാഹനങ്ങളെ നിരയായി കയറ്റിവിടാൻ നന്നേ കഷ്ടപ്പെടുന്നുണ്ട്. ഒരാളുടെ തിരക്ക് മൂലം മുന്നേ വന്നവർക്കുള്ള അവസരമാണ് നഷ്ടപ്പെട്ടു പോകുന്നത് എന്നുള്ള ചിന്ത പോലുമില്ലാതെയാണ് ഓരോരുത്തരും മുന്നിലേക്ക് കടന്നു പോകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകൾ മൂലം തങ്ങൾക്കും മറ്റുള്ളവർക്കും സൂര്യോദയം കാണാനാവാതെ പോകുന്നത് ദുഃഖകരം തന്നെ. ബ്ലോക്കിൽ പെട്ട് കിടക്കുന്ന വാഹനത്തിന്റെ പിന്നിൽ നിന്ന് നിരന്തരമായി ഹോൺ മുഴക്കി വെറുപ്പിക്കുന്ന വിരുതന്മാരും കുറവല്ല. വാഹനങ്ങളുടെ നിരയിൽ നിന്ന് ക്ഷമയോടെ മുന്നോട്ടുപോയാൽ ഒരുപക്ഷേ ഇതിനേക്കാൾ പെട്ടെന്ന് മുകളിൽ എത്താൻ സാധിക്കും എന്ന് ഇവർക്ക് അറിയില്ലേ ആവോ?

​മഞ്ഞിന്റെ മായിക പ്രപഞ്ചത്തിലേക്ക്

​5:45 കഴിഞ്ഞു എൻട്രൻസിൽ നിന്നും പാസ് കിട്ടാൻ. മുകളിലേക്ക് പോകുന്തോറും കോടമഞ്ഞിന്റെ പുതപ്പിനുള്ളിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതയിലൂടെയുള്ള മനോഹരമായ യാത്ര. ആറു മണി കഴിഞ്ഞപ്പോഴേക്കും നന്തി ഹിൽസിന്റെ താഴത്തെ എൻട്രൻസിൽ എത്തി. അവിടെ എത്തിയപ്പോഴാണ് മഞ്ഞിനാൽ മൂടപ്പെട്ട ഒരു മായിക പ്രപഞ്ചം മുന്നിൽ തെളിഞ്ഞത്. എങ്ങോട്ട് നോക്കിയാലും മഞ്ഞിൻ്റെ നരച്ച വെളുപ്പ് നിറം മാത്രം.

​മഞ്ഞ് മഴ പോലെ പെയ്യുകയാണ്. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉണ്ടായിട്ടുപോലും വീശുന്ന കാറ്റിൽ തണുപ്പ് ആ വസ്ത്രത്തിനുള്ളിലൂടെ അരിച്ചു അകത്തേക്ക് കയറുന്നു. തണുപ്പിനെ പ്രതിരോധിക്കാനായി അവിടെയുള്ള ടീ ഷോപ്പിൽ നിന്നും ഓരോ ഗ്ലാസ് ചൂടു ചായ കുടിച്ചിട്ടാണ് മുകളിലേക്ക് കയറാൻ തുടങ്ങിയത്.
​
ബാംഗ്ലൂരിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുന്ന അതിമനോഹരമായ ഒരു കുന്നിൻ പ്രദേശം! മഞ്ഞും കോടയും അതിനിടയിലൂടെ ഇടയ്ക്കിടെ തെളിഞ്ഞുവരുന്ന സമതലങ്ങളും ഒരു മായിക പ്രപഞ്ചം തന്നെയാണ്. കയറിച്ചെല്ലുന്നത് കുന്നിന്റെ ഒരുവശം മുഴുവൻ നിരന്നു കിടക്കുന്ന അതിവിശാലമായ പാറയുടെ ചുവട്ടിൽ. അതിലൂടെ കൊത്തി ഉണ്ടാക്കിയ പടവുകൾ. പാറയുടെ ഒരുവശത്ത് ഒരു ചെറിയ ക്ഷേത്രം. പടവിലൂടെ മുകളിലേക്ക് കയറി. കോടമഞ്ഞിനാൽ പുതഞ്ഞു കിടക്കുന്ന പ്രദേശം; തൊട്ടുമുന്നിൽ മാത്രമാണ് കാഴ്ച. പിന്നെയെല്ലാം വെളുപ്പ്.

​മഞ്ഞും കാറ്റും തമ്മിലുള്ള കണ്ണാരംപൊത്തിക്കളി

​നിറയെ മരങ്ങൾ, വ്യൂ പോയിന്റുകൾ. ഓരോ മരങ്ങളെയും മഞ്ഞ് പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്. നിരന്തരമായി വീശുന്ന കാറ്റിൽ മഞ്ഞ് മഴ പോലെ പെയ്യുന്നു. കുന്നിന് ചുറ്റും കെട്ടി ഉണ്ടാക്കിയ കോട്ട മതിലുകൾ. കോട്ടമതിൽ ഇല്ലാത്ത ഭാഗത്ത് സുരക്ഷയ്ക്കായി ഗ്രില്ലിട്ട് ഉറപ്പിച്ചിരിക്കുന്നു; അവിടെനിന്നും അനേകായിരം അടി താഴെ മനോഹരമായ ഭൂപ്രദേശം. കോടമഞ്ഞിനെ കാറ്റ് അടിച്ചു പറത്തി കൊണ്ടുപോകുന്ന നയനാനന്ദകരമായ കാഴ്ച! കാറ്റ് മഞ്ഞിനെ ഒരു വശത്തേക്ക് അടിച്ചു കളയുമ്പോൾ വീണ്ടും മഞ്ഞ് മൂടുപടമിടുന്നു. കാറ്റിന് ലെവലേശം പോലും വിശ്രമമില്ല.

​”കാഴ്ച കാണാൻ എത്തിയിരിക്കുന്ന സന്ദർശകർക്ക് അതിമനോഹരമായ ഭൂപ്രദേശത്തിന്റെ കാഴ്ച കാണണ്ടേ, അതിനാൽ നീ അല്പം അങ്ങോട്ട് മാറി നിൽക്ക്” എന്ന ഭാവത്തിൽ കാറ്റ് മഞ്ഞ് അടിച്ചു നീക്കി നിർത്തുന്നത് പോലെ തോന്നും.

​മഞ്ഞിനിടയിലൂടെ ഒരൊറ്റ സെക്കൻഡ് കാഴ്ച! വീണ്ടും കാഴ്ച മറയുന്നു, വീണ്ടും തെളിയുന്നു, വീണ്ടും മറയുന്നു. അങ്ങനെ മഞ്ഞിന്റെ ഒരു കണ്ണാരം പൊത്തി കളി തന്നെയാണ് അവിടെ നടക്കുന്നത്. ഉദയം കാണാൻ പോയ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് നല്ല വെളുവെളുത്ത സൂര്യനെയാണ്. കോടമഞ്ഞ് സൂര്യനെയും വെള്ള പട്ട് പുതപ്പിച്ചിരിക്കുന്നു. മരങ്ങൾക്കിടയിലൂടെ മഞ്ഞിനെ തുളച്ചു സൂര്യപ്രകാശം കടന്നുവരുന്ന കാഴ്ചയും അതിമനോഹരം. ഓരോ മരച്ചില്ലകളിലും ഓരോ കുടന്ന മഞ്ഞ് കൂടുകെട്ടിയിരിക്കുന്നു. കാറ്റു വരുമ്പോൾ മരച്ചില്ല ഇളകും; അപ്പോൾ നമുക്ക് തോന്നുക ചില്ലയിൽ നിൽക്കുന്ന മഞ്ഞിനെ “ഇറങ്ങിപ്പോ” എന്ന ഭാവത്തിൽ മരം കുടഞ്ഞ് താഴേക്ക് കളയാനുള്ള ശ്രമമാണ് എന്നാണ്.

​ഇരുമ്പ് കൊണ്ടുണ്ടാക്കിയ വ്യൂ പോയിന്റുകളിൽ കുരങ്ങന്മാരും തമ്പടിച്ചിരിക്കുന്നു. ഇടയ്ക്ക് ഓരോരുത്തരുടെ കൈകളിലുള്ള ഭക്ഷണപ്പൊതികൾ അവർ തട്ടിപ്പറിച്ചു കൊണ്ടുപോകുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ കയ്യിലുള്ള സർവ്വതും അവർ തട്ടിക്കൊണ്ടുപോകും. മരക്കൂട്ടങ്ങൾക്ക് ഇടയിൽ മനോഹരമായ പൂന്തോട്ടവും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്.

​നെഹ്റു നിലയവും ഹോർട്ടികൾച്ചർ ഗാർഡനും

​നന്തി ഹിൽസിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നാണ് അവിടെയുള്ള മനോഹരമായ പൂന്തോട്ടം. സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ് പരിപാലിക്കുന്നതാണിത്. പലതരത്തിലുള്ള അപൂർവ സസ്യങ്ങൾ, വലിയ വൃക്ഷങ്ങൾ, വർണ്ണാഭമായ പൂച്ചെടികൾ എന്നിവയാൽ സമ്പന്നമാണ് ഈ പ്രദേശം. നടപ്പാതകളും പച്ചപ്പുല്ല് വിരിച്ച മൈതാനങ്ങളും ഇവിടെയുണ്ട്.

​ഈ പൂന്തോട്ടത്തിന് സമീപത്തായാണ് ചരിത്രപ്രസിദ്ധമായ ‘നെഹ്റു നിലയ’ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു താമസിച്ചിരുന്ന ഈ ബംഗ്ലാവിനോട് ചേർന്നുള്ള ഗാർഡൻ ഏരിയ വളരെ മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. വിദേശ ഇനത്തിൽപ്പെട്ട പല ചെടികളും ഇവിടെ കാണാം. വൈവിധ്യമാർന്ന റോസാപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഭാഗം സഞ്ചാരികളുടെ പ്രധാന ഫോട്ടോ സ്പോട്ടാണ്. പുലർകാലത്തെ മഞ്ഞിൽ പൂന്തോട്ടത്തിലൂടെയുള്ള നടത്തം സവിശേഷമായ ഒരു അനുഭവമാണ്. കുടുംബമായി എത്തുന്നവർക്കായി ചെറിയൊരു ചിൽഡ്രൻസ് പാർക്കും ഇതിനോട് ചേർന്നുണ്ട്.

​പകലിന്റെ കാഴ്ചകളും ‘ടിപ്പു ഡ്രോപ്പും’

​ഈ മരക്കൂട്ടങ്ങൾക്കിടയിൽ സിമന്റ് ബെഞ്ചുകൾ ഉണ്ടെങ്കിലും അതിലൊന്ന് ഇരിക്കാൻ പോലും പറ്റില്ല; കാരണം മഞ്ഞുപെയ്ത് നിറയെ വെള്ളമാണ്. എങ്കിലും കോട്ടമതിലുകൾക്ക് സമീപത്തുകൂടി അങ്ങ് നടന്നാൽ കുന്നിന് ചുറ്റുമുള്ള ഭൂപ്രകൃതികൾ ഒന്നൊഴിയാതെ കാണാൻ സാധിക്കും. ഏതാണ്ട് 8 മണിയോടുകൂടിയാണ് മഞ്ഞ് പൂർണമായും ഒഴിവാകാൻ തുടങ്ങിയത്. അപ്പോഴേക്കും അങ്ങ് ദൂരെ വയലുകളും ചെറിയ കെട്ടിടങ്ങളും മറ്റും തെളിഞ്ഞുവന്നു. ഇടയ്ക്കിടെ കുന്നുകളും കുന്നിനു മുകളിൽ കുടചൂടിച്ച മേഘത്തിന്റെ ദൃശ്യഭംഗിയും! അതിനിടയിലൂടെ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും ഉയർന്നുപൊങ്ങുന്ന ഫ്ലൈറ്റുകളും കാഴ്ചയുടെ വിരുന്ന് ഒരുക്കുന്നു.
​കോട്ടമതിലിനു സമീപത്ത കൂടി നടക്കുമ്പോൾ സൂയിസൈഡ് പോയിന്റ് പോലെ ഒരു പ്രദേശം. കോട്ടമതിലിൽ ചാരി നിന്നു പോലും താഴേക്ക് നോക്കുമ്പോൾ കാലുകളിൽ നിന്നും ഒരു വിറയൽ അരിച്ചു കയറുന്നത് പോലെ തോന്നും, അത്രയ്ക്കുണ്ട് താഴ്ച. ‘ടിപ്പു ഡ്രോപ്പ്’ എന്നാണ് ഇതിന് പേര്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് കുറ്റവാളികളെ താഴേക്ക് തള്ളിയിട്ട് വധശിക്ഷ നടപ്പാക്കിയിരുന്ന 600 മീറ്റർ ഉയരമുള്ള ഒരു പാറയിടുക്കാണിത്. ഈ ഭാഗത്ത് കോട്ടമതിലുകൾക്ക് ഓരോ വിടവുകളുണ്ട്; ആ വിടവിൽ കയറി നിന്ന് ഫോട്ടോ എടുക്കുന്നവരെ കാണാം. എങ്ങാനും ഒന്ന് കാല് തെറ്റിയാൽ അഗാധമായ കൊക്കയിലേക്ക് ആയിരിക്കും പതിക്കുക.

​ഭോഗനന്ദീശ്വര ക്ഷേത്രവും ഐതിഹ്യവും

​ഇവിടെ വർഷം മുഴുവൻ ശുദ്ധജലം നിറഞ്ഞുകിടക്കുന്ന മനോഹരമായ ഒരു കുളമുണ്ട്. വീണ്ടും നിറയെ പച്ചപ്പും മരങ്ങളും കാട്ടുചെടികളും നട്ടുപിടിപ്പിച്ച ചെടികളും നിറഞ്ഞ, കല്ല് പാകി മനോഹരമാക്കിയ പാതയിലൂടെ നടന്നു കവാടത്തിലെത്തി. ബാംഗ്ലൂരിലെ തിരക്കുകൾക്കിടയിലും അല്പം സ്വസ്ഥതയും ശാന്തതയും ശുദ്ധവായുവും വിശ്വസിക്കാൻ പറ്റുന്ന ഒരിടമാണ് നന്തി ഹിൽസ്.

​മലയടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഒൻപതാം നൂറ്റാണ്ടിലെ ഭോഗനന്ദീശ്വര ക്ഷേത്രവും ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. പുരാതനമായ ഈ ശിവക്ഷേത്രം ചോളന്മാരുടെ കാലത്താണ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഉറങ്ങിക്കിടക്കുന്ന ഒരു കാളയുടെ (നന്തി) ആകൃതി ഉള്ളതുകൊണ്ടാണ് ഈ കുന്നിന് ‘നന്തി ഹിൽസ്’ എന്ന് പേര് വന്നതെന്നാണ് ഒരു വിശ്വാസം.

​കുന്നിറങ്ങുമ്പോൾ


​
ആ കുറച്ച് സമയങ്ങൾ കൊണ്ട് സർവ്വതും മറന്നുപോകുന്ന മായിക അനുഭവം നുകർന്ന് ഒൻപതു മണിയോടെ ഞങ്ങൾ താഴേക്ക് ഇറങ്ങി. 9 മണി കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കുക അല്പം സാഹസമാകും; സൂര്യൻ അതിന്റെ സർവപ്രഭാവത്തോടും കൂടി ഈ കുന്നിൻ മുകളിൽ ഉയർന്നുനിൽക്കുന്നുണ്ടാകും. രാവിലത്തെ മഞ്ഞും തണുപ്പും കുളിരും എല്ലാമുള്ള ആവേശം അപ്പോഴേക്കും ചൂടുപിടിക്കാൻ തുടങ്ങും. തണുത്ത കാറ്റ് സൂര്യരശ്മികളെ പ്രതിരോധിക്കുമെങ്കിലും മെല്ലെ ക്ഷീണം നമ്മുടെ ശരീരത്തെ ഗ്രസിക്കാൻ തുടങ്ങും. കൂടെ വിശപ്പും. എങ്ങനെയെങ്കിലും താഴേക്ക് എത്തിയാൽ മതിയെന്ന് ആകും പിന്നെ.

​കോടമഞ്ഞ് ഇല്ലാത്ത സമയത്ത് ഉദയം അതിമനോഹരമായിരിക്കുമെന്ന് പറഞ്ഞു കേട്ടുള്ള അറിവ്. പക്ഷേ അവിടെ ചെന്നപ്പോൾ കട്ടപിടിച്ച മഞ്ഞിനിടയിലൂടെ എത്തിനോക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന സൂര്യനെയാണ് കാണാൻ കഴിഞ്ഞത്.

​വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഏറ്റവും മികച്ചത്. കടുത്ത വേനൽക്കാലത്തും ഇവിടുത്തെ കാലാവസ്ഥ താരതമ്യേന തണുപ്പുള്ളതായിരിക്കും.

കുരങ്ങന്മാർ ധാരാളമുള്ള പ്രദേശമാണിത്. കയ്യിൽ ഭക്ഷണസാധനങ്ങൾ ഉണ്ടെങ്കിൽ കുരങ്ങന്മാർ പിടിച്ചുപറിക്കാൻ സാധ്യതയുണ്ട്, അതിനാൽ സൂക്ഷിക്കുക. കടുവയും ഉണ്ടെന്ന് പറയപ്പെടുന്നു.

പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. പരിസരം വൃത്തികേടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. നാം കൊണ്ടുപോകുന്ന വെള്ളക്കുപ്പികൾ പോലും സെക്യൂരിറ്റിക്കാർ താഴെ പിടിച്ചു വയ്ക്കും. പ്രകൃതിയെ കേടുകൂടാതെ സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ് എന്ന് ഓർമ്മയിൽ വയ്ക്കുക.
​
ആകാശം മുട്ടുന്ന ഫ്ലാറ്റുകളും നിരത്തിലൂടെ നിറഞ്ഞൊഴുകുന്ന അനുസ്യൂതമായ വാഹനത്തിരക്കിനിടയിലും ബംഗളൂരു നിവാസികൾക്ക് പ്രകൃതി അനുഗ്രഹിച്ചു നൽകിയിരിക്കുന്ന ഒരു പ്രദേശമാണ് നന്തിഹിൽസ്. ഒരാഴ്ചയിലെ ജോലിത്തിരക്കും മടുപ്പും ഒറ്റ നിമിഷം കൊണ്ട് ആവിയായി പോകുന്ന ദൃശ്യമനോഹരമായ ഒരു പ്രദേശമാണ് ഇവിടം. ഇവിടെ വന്നാൽ ഒരാഴ്ചത്തെ ഊർജ്ജവുമായി തിരികെ ഇറങ്ങാം. ആഴ്ചാവസാനങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്ന പിക്നിക് പോയിൻ്റ് കൂടിയാണ് ഇവിടം.

ഡോളി തോമസ് ചെമ്പേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ