തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു സാധാരണ ചുമട്ടു തൊഴിലാളി ആയിരുന്ന മണിയൻ എന്ന് വിളിപ്പേരുള്ള ഗോപൻ, എന്തോ ഉൾപ്രേരണയിൽ ഒന്ന് ഉറക്കമുണർന്ന് എഴുന്നേറ്റപ്പോൾ ഗോപൻ സ്വാമി എന്ന നാമധേയം സ്വീകരിച്ച്, സ്വയം ഒരു ദൈവീക പരിവേഷം നൽകുന്നു.
ആർക്കും ഒരു ദ്രോഹവും ചെയ്യാതെ, പൂജാദി കർമ്മങ്ങളൊക്കെ നടത്തി, തൻ്റെ ഭാര്യയുടേയും സന്താനങ്ങളുടേയും സപ്പോർട്ടോടു കൂടി കാലം കഴിച്ചു കൂട്ടുന്നു.
താൻ ഒരിക്കലും മരിക്കുകയില്ല, പകരം സമാധിയടയുവാനാണു പോകുന്നതെന്ന് അദ്ദേഹം മുൻകുട്ടി തന്നെ തന്റെ ഭാര്യയേയും, മക്കളേയും മറ്റു ചില അടുത്ത പരിചയക്കാരേയും അറിയിച്ചിരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.
സമാധി അടയുവാനുള്ള സമയം അടുത്തപ്പോൾ അദ്ദേഹം സീമന്തപുത്രനെ അരികിൽ വിളിച്ചിട്ടു പറഞ്ഞു…
വത്സാ! എനിക്കു സമാധി സ്വീകരിക്കുവാനുള്ള സമയമായി. ഈ ബ്രഹ്‌മമൂഹൂർത്തം തെറ്റിക്കുവാൻ പാടില്ല. മറ്റാരും ഈ കർമ്മം ദർശിക്കുവാൻ അനുവദിക്കരുത്. അങ്ങിനെ സംഭവിച്ചാൽ സമാധി അശുദ്ധമാകും, ഈശ്വര കോപം ഉണ്ടാകും. ഭസ്മം, കർപ്പൂരം, മറ്റു സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ടുവേണം എൻ്റെ ഭൗതീക ശരീരം മറവു ചെയ്യുവാൻ.
അങ്ങിനെ ആ ദിവസം സമാഗതമായി. ഗോപൻ സ്വാമി അതിരാവിലെ ഉണർന്നു. പതിവുപോലെ സ്നാനം കഴിഞ്ഞിട്ട്, പൂജാദി കർമ്മങ്ങളൊക്കെ നടത്തി. പിന്നീടു പ്രിയതമ സ്നേഹം കലർത്തി വിളമ്പി കൊടുത്ത കഞ്ഞി കുടിച്ചു.
അതിനു ശേഷം, രക്തസമ്മർദ്ദത്തിനും, ഡയബറ്റീസിനും മറ്റുമുള്ള മരുന്നുകൾ കഴിച്ചു.
ബ്രഹ്‌മമുഹൂർത്തത്തിൽ, ചിന്നസ്വാമിയായ മൂത്ത മകനേയും കൂട്ടി അവിടെ സജീകരിച്ചിരുന്ന പീഠത്തിൽ പത്മാസനത്തിൽ ഉപവിഷ്ഠനായി. ധ്യാനനിമഗനനായി, മകൻ്റെ മന്ത്രോചരണങ്ങൾ ശ്രവിച്ചുകൊണ്ടു ഗോപാൻ സ്വാമി സമാധാനത്തോടെ സമാധി വരിച്ചു.
മുൻകുട്ടി തയ്യാറാക്കി വെച്ചിരുന്ന ‘ആചാര്യ ഗുരു ബ്രഹ്‌മശ്രീ ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ പ്രദർശിപ്പിച്ചു, സമാധി വാർത്ത വിളംബരം ചെയ്തു.
വലിയ കോലാഹലമൊന്നുമില്ലാതെ ആദ്യദിനം കടന്നു പോയി. പിന്നീടാണ് ജനവികാരം ആളികത്തിയത്-അല്ലെങ്കിൽ ആരോ കത്തിച്ചത്.
‘ചുമട്ടുകാരൻ എങ്ങിനെ സ്വാമിയായി? ഇയാൾക്കു വല്ല വിവരമോ വിദ്യാഭ്യാസവുമുണ്ടോ?
ആരോടു ചോദിച്ചിട്ടാണു ഇവനെ പീഠത്തിലിരുത്തി കർപ്പൂരം ഇട്ടു മൂടണമെന്ന്? തള്ളയും മക്കളും കൂടി തല്ലിക്കൊന്ന ഇയാൾ സമാധിയായി എന്നു പറയുന്നത് എന്തിനാണ്?’ -അങ്ങിനെ അനേകം ചോദ്യശരങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു.
ചത്തു, മരിച്ചു. ചരിഞ്ഞു, നാടുനീങ്ങി, നിര്യാതനായി, ദിവംഗതനായി, സമാധിയായി, കാലം ചെയ്തു-തുടങ്ങിയ ഏതു പദമുപയോഗിച്ച് മരണത്തെ അടയാളപ്പെടുത്തിയാലും, ഒരാളുടെ കാറ്റു പോയാൽ, അയാൾ വടിയായി എന്നാണതിന്റെ പച്ചമലയാളം.
ഗോപൻ സ്വാമിയെ മാത്രമല്ലല്ലോ പീഠത്തിലിരുത്തി സുഗന്ധദ്രവ്യങ്ങൾ കൊണ്ടു മൂടുന്നത്? ചില മഹാപുരോഹിതന്മാരെ, മരണശേഷം കൈയ്യും കാലും തല്ലിയൊടിച്ചു, ഒടിച്ചു മടക്കി സിംഹാസനത്തിലിരുത്തി കുന്തിരിക്കമിട്ടു മുടിയല്ലേ സംസ്‌കരിക്കുന്നത്? ഇതൊന്നും ആരും ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ലല്ലോ!
അക്ഷരാഭ്യാസമില്ലാത്ത പലരും ഇവിടെ ആൾദൈവങ്ങളായി വിലസുന്നുണ്ടല്ലോ! സകലമാന കൊള്ളരുതായ്‌മകളും കാണിച്ചിട്ട്, ഒരു സുപ്രഭാതത്തിൽ, ദൈവം രോഗശാന്തി വരം നൽകിയെന്ന് അവകാശപ്പെട്ട്, ഒരു യൂട്യൂബ് ചാനൽ തുടങ്ങി മറുഭാഷയും പറഞ്ഞ് പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന എത്രയോ ദൈവദാസന്മാർ ഇവിടെ വിളവെടുക്കുന്നു!
ഏതായാലും ചാനലുകാരും, പോലീസും, സർക്കാരുമെല്ലാം ഉണർന്നു പ്രവർത്തിച്ച്, സമാധി പൊളിച്ചു. സംശയിച്ചതു പോലെയുള്ള അസ്വഭാവികതയൊന്നും ആ മരണത്തിനുണ്ടായിരുന്നില്ല.
ഏതായാലും കുടുംബക്കാരും കൂട്ടരും ബംബറടിച്ചെന്നു വേണം അനുമാനിക്കാൻ-
സമാധി ഇപ്പോൾ മഹാസമാധിയായി.
ഋഷി പീഠത്തിലിരുത്തി, ചന്ദനതൈലം പൂശിയാണ് ഇനി ആ സന്യാസിവര്യൻ്റെ ശരീരം മറവു ചെയ്യുന്നത്.
ഇനി അവിടെ ഒരു സ്‌മാരക മണ്ഡപം!
പിന്നാലെ ഒരു ക്ഷേത്രം!!
തീർത്ഥാടന കേന്ദ്രം!!
നെയ്യാറ്റിൻകരയിൽ മാത്രം അറിയപ്പെട്ടിരുന്ന ഗോപൻ സ്വാമി ആഗോളതലത്തിൽ അറിയപ്പെടുന്ന ആചാര്യഗുരു ബ്രഹ്‌മശ്രീ ഗോപൻ പെരിയ സ്വാമിയായി പുനരവധരിച്ചു.
ഭഗവാന്റെ ഓരോ ലീലാവിലാസങ്ങളേ!