Saturday, June 22, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 28 | ചൊവ്വ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 28 | ചൊവ്വ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹പ്രകടന പത്രികയില്‍ എല്‍.ഡി.എഫ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തകിടം മറിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മദ്യനയം തയ്യാറാക്കിയതെന്നും അതു മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മുന്‍ കെപിസിസി പ്രസിഡണ്ട് വിഎംസുധീരന്‍ കുററപ്പെടുത്തി. പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകള്‍ മാത്രമായിരുന്നു. അതിപ്പോള്‍ 920 നുമേല്‍ കവിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔹അങ്കമാലിയില്‍ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരും സസ്പെന്‍ഷനിലായി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു.

🔹പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സര്‍വകലാശാലയുടേത് ചരിത്ര നേട്ടമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു . വെള്ളിയാഴ്ച പ്രാക്ടിക്കല്‍ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റര്‍ ബി.എസ്.സി പരീക്ഷകളുടെ റിസള്‍ട്ടാണ് സര്‍വകലാശാല ഞായറാഴ്ച തന്നെ പ്രസിദ്ധീകരിച്ചത്.

🔹എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സ്‌ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inല്‍ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വര്‍ഷത്തെ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

🔹കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 25 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

🔹പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്നുണ്ടായ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുഴയില്‍ പരിശോധനകള്‍ കര്‍ശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കല്‍സ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അര്‍ജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

🔹റോഡിലെ മരം, സമീപത്തെ കെട്ടിടത്തിന് അപകട ഭീഷണി ഉയര്‍ത്തുന്നെന്നും, മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി കേരള ഹൈക്കോടതി. സുഗതകുമാരിയുടെ കവിത പരാമര്‍ശിച്ചാണ് ഹര്‍ജി ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണന്‍ തള്ളിയത്. പട്ടാമ്പി വഴിയുള്ള പാലക്കാട് – പൊന്നാനി റോഡിലുള്ള മരം മുറിയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

🔹അതിഥിത്തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാതായ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി മാണിക്കിനെ (18) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ കൂടെ കൊണ്ടുപോയെന്നാണ് മൊഴി. ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.. കഴിഞ്ഞ ദിവസം വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്.

🔹സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെവിചാരണ ജൂണ്‍ 17 ലേക്ക് മാറ്റി.കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും അന്വേഷണ സംഘം പ്രതിഭാഗത്തിന് നല്‍കാത്തതാണ് കാരണം. അഞ്ചു തവണ ആവശ്യപ്പെട്ടിട്ടും മുഴുവന്‍ രേഖകളും അന്വേഷണ സംഘം കൈമാറിയില്ല. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാത്തത് കാരണം കേസ് വീണ്ടും മാറ്റി.

🔹കാലവര്‍ഷം സാധാരണയേക്കാള്‍ കടുക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവര്‍ഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേര്‍ന്നേക്കുo. രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

🔹നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് രക്ഷിച്ചു. കോഴിക്കോട് ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് എഞ്ചിന്‍ തകരാറിലായാണ് 14 നോട്ടിക്കല്‍ മൈല്‍ അകലെ പത്ത് മത്സ്യത്തൊഴിലാളികളുമായാണ് കടലില്‍ കുടുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയോടെ ബോട്ടും, മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ഹാര്‍ബറില്‍ തിരിച്ചെത്തിച്ചു.

🔹കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡപ്യൂട്ടി ഡയറക്ടറായി മുന്‍ മന്ത്രി അനൂപ് ജേക്കബ് എംഎല്‍എയുടെ ഭാര്യ, അനില മേരി ഗീവര്‍ഗീസിനെ നിയമിച്ചതില്‍ അഴിമതി ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സമാനമായ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റാണ് അനില മേരി ഗീവര്‍ഗീസ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉള്‍പ്പെടെയായിരുന്നു ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം.

🔹പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയുടെ അമ്മയും സഹോദരിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ പൊലീസ് ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഹുലിന്റെ അമ്മ ഉഷാ കുമാരി, സഹോദരി കാര്‍ത്തിക എന്നിവര്‍ക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

🔹പാലക്കാട് പേവിഷ ബാധയെ തുടര്‍ന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുന്‍പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു.

🔹മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ഇളയ സഹോദരന്‍ റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ദാമോദര മാരാര്‍ (102) കോഴിക്കോട്ട് അന്തരിച്ചു. വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിയിലായിരുന്നു അന്ത്യം.

🔹എന്‍ഡിഎ സ്ഥാനാര്‍ഥിയും ലൈംഗിക അതിക്രമ കേസില്‍ പ്രതിയുമായ പ്രജ്വല്‍ രേവണ്ണ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. ഏപ്രില്‍ 27 മുതല്‍ ഒളിവിലായ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്റെ നീക്കം. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

🔹വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. രാജ്യത്തെ സേനാ മേധാവിമാരുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കുന്നത് അപൂര്‍വ്വമാണ്. തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള സ്വാഭാവിക നടപടി എന്ന വിശദീകരണമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

🔹മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പദ്മശ്രീ പുരസ്‌ക്കാരം തിരികെ നല്‍കാന്‍ പാരമ്പര്യ വൈദ്യനായ ഹേംചന്ദ് മാഞ്ചി. ഈ വര്‍ഷമാണ് മാഞ്ചിക്ക് പത്മശ്രീ ലഭിക്കുന്നത്. മാവോയിസ്റ്റുകള്‍ ഇന്നലെ രാത്രിയില്‍ നാരായണ്‍പൂരിലെ ചമേലി ഗ്രാമത്തില്‍ മൊബൈല്‍ ടവറിന് തീയിട്ട ശേഷം മാഞ്ചിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.നാരായണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പ് ഖനി കമ്മീഷന്‍ ചെയ്തത് മാഞ്ചിയുടെ അറിവോടെയാണെന്നും മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു.

🔹മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സ്ത്രീ മരണപ്പെട്ടു. യെദ്യൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചതായി പരാതി നല്‍കിയ 53-കാരിയാണ് ബെംഗളൂരു ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

🔹ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്ക് വോട്ടുചോദിച്ച് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. തേജസ്വി യാദവ് അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ വേദിയിലേക്കെത്തിയതോടെയാണ് വേദിയുടെ ഒരു ഭാഗം തകര്‍ന്ന് താഴേക്ക് പോയത്.

🔹പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബല്‍ക്കര്‍ സിംഗ് ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചു എന്ന് ആരോപണം. ബിജെപി യുവനേതാവ് തജ്ജിന്ദര്‍ ബാഗ സാമൂഹിക മാധ്യമമായ എക്സില്‍ ബല്‍ക്കര്‍ സിംഗിന്റേതെന്ന് ആരോപിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ഉയരുന്നത്.

🔹ഇതിഹാസ താരം റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തോല്‍വി. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വാരേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് പുറത്തായത്. നദാലിന്റെ അവസാന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റായിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

🔹ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും എഡ്‌ടെക് വമ്പന്മാരായ ബൈജൂസും തമ്മിലുള്ള കരാര്‍ പുതുക്കിയേക്കില്ല. കഴിഞ്ഞ മൂന്നു സീസണുകളായി ബൈജൂസ് ആയിരുന്നു കേരളാ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. സി.ഇ.ഒ ബൈജു രവീന്ദ്രന്‍ പ്രത്യേക താല്പര്യമെടുത്തായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടിരുന്നത്. ബൈജൂസിലെ വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് കരാര്‍ പുതുക്കാതിരിക്കാനുള്ള പ്രധാന കാരണം. ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബിന് നിലവില്‍ കിട്ടുന്നതിലും വലിയ തുകയ്ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. ഓരോ സീസണിലും 12-16 കോടിക്ക് ഇടയിലായിരുന്നു ഇതിനായി ബൈജൂസ് മുടക്കിയിരുന്നത്. എഡ്‌ടെക് കമ്പനിയുടെ പിന്മാറ്റം സാമ്പത്തികമായി അത്ര മികച്ച സ്ഥിതിയിലല്ലാത്ത ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌പോണ്‍സര്‍ഷിപ്പിനായി നോട്ടം ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് ആസ്ഥാനമായുള്ള ചില ബഹുരാഷ്ട്ര കമ്പനികള്‍ താല്പര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളിലുള്ള വലിയ ആരാധകസാന്നിധ്യം സ്‌പോണ്‍സര്‍ഷിപ്പില്‍ ഗുണകരമായി മാറിയേക്കും. ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന അവകാശവാദത്തോടെ എത്തിയ ഇന്ത്യന്‍ സൂപ്പര്‍ലീഗിന് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ക്ലബുകളെല്ലാം തുടര്‍ച്ചയായി കോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. സമീപകാലത്തൊന്നും ക്ലബുകള്‍ ലാഭത്തിലെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

🔹അന്താരാഷ്ട്ര- ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ബിരായാണിക്ക് ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബുവിന്റെ പുതിയ സിനിമ വരുന്നു. ‘തിയറ്റര്‍- ദി മിത്ത് ഓഫ് റിയാലിറ്റി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അന്‍ജന- വാര്‍സ് നിര്‍മ്മിക്കുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം വര്‍ക്കലയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. സജിന്‍ ബാബു തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സംസ്ഥാന പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിന്‍ ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. സരസ ബാലുശ്ശേരി, ഡൈന്‍ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments