ലിറ്റിൽ എൽം (ടെക്സാസ്): ടെക്സാസിലെ ലിറ്റിൽ എൽമിൽ ഡ്യൂട്ടിക്കിടെ യു.എസ്. പോസ്റ്റൽ സർവീസ് (USPS) ജീവനക്കാരനായ ഉമേഷ്‌കുമാർ താക്കർ (58) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുന്നു. ജൂലൈ 20-നാണ് (തിങ്കളാഴ്ച) സംഭവം നടന്നത്. അന്നേദിവസം നോർത്ത് ടെക്സാസിലുടനീളം 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുള്ള കനത്ത ചൂടിനെ തുടർന്ന് ഹീറ്റ് അഡ്വൈസറി നിലവിലുണ്ടായിരുന്നു.
സർവെയ്ലൻസ് ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് ഏകദേശം 12:20-ഓടെ ലിറ്റിൽ എൽമിലെ തോൺഹിൽ ലെയിൻ – ഗ്രേസ്റ്റോൺ ഡ്രൈവ് പ്രദേശത്ത് താക്കറിന്റെ USPS വാഹനം ഹസാർഡ് ലൈറ്റുകൾ തെളിഞ്ഞ നിലയിൽ നിർത്തിയിട്ടതായി കാണപ്പെട്ടു. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ വാഹത്തിനുള്ളിൽ ബോധരഹിതനായി കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ലിറ്റിൽ എൽം ഫയർ ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തി.
രക്ഷാപ്രവർത്തകർ സി.പി.ആർ. നൽകിയെങ്കിലും ഉമേഷ്‌കുമാർ താക്കറിനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
മരണം അതിശക്തമായ ചൂടുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന കാര്യം USPS ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ നാഷണൽ റൂറൽ ലെറ്റർ കാരിയേഴ്സ് അസോസിയേഷൻ (NRLCA) താക്കറിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനുശോചനം രേഖപ്പെടുത്തി. അതേസമയം, നാഷണൽ അസോസിയേഷൻ ഓഫ് ലെറ്റർ കാരിയേഴ്സ് (NALC) നേതാക്കൾ തപാൽ ജീവനക്കാർക്കായി കൂടുതൽ സുരക്ഷയും ചൂടുകാല തൊഴിൽ സംരക്ഷണ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
അയൽവാസികൾ പറയുന്നതനുസരിച്ച്, തപാൽ വാഹനം ഏറെ നേരം ഒരിടത്ത് നിൽക്കുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് വാഹനങ്ങളും അഗ്നിശമനസേനയും എത്തി രക്ഷാപ്രവർത്തനം നടത്തിയതായി അവർ പറഞ്ഞു.
ഡാലസ്–ഫോർട്ട് വേർത്ത് മേഖലയിലെ അതിശക്തമായ വേനൽച്ചൂടിൽ തപാൽ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2023-ൽ ഡാലസിൽ തപാൽ ജീവനക്കാരനായ യൂജിൻ ഗേറ്റ്സും, 2025-ൽ ജേക്കബ് ടെയ്‌ലറും ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങൾക്കും പിന്നാലെയാണ് ഈ ദുരന്തം



