സ്വർഗ്ഗസ്ഥ പിതാവിനെ മഹത്വപ്പെടുത്തുക (മത്താ. 5:13 – 16)
” അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (വാ.16).
ഏറെ വർഷങ്ങൾക്കു മുമ്പു നടന്ന ഒരു സംഭവമാണിത്.
ദക്ഷിണാഫ്രിക്കയിലെ കേപ്പ് കോളനിയുടെ ഗവർണറായിരുന്ന ബാർട്ടിലി പ്രഭു അവധിക്ക് തന്റെ ഭാവനത്തിലേക്കു മടങ്ങിച്ചെല്ലുകയായിരുന്നു. സമീപ കാലത്ത് ജോലിയിൽ പ്രവേശിച്ച അവരുടെ കുതിരവണ്ടിക്കാരനോടു റയിൽവേ സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുവാൻ അദ്ദേഹത്തിന്റെ സഹധർമ്മിണി ആവശ്യപ്പെട്ടു. പ്രഭ്വിയോടു കുതിരവണ്ടിക്കാരൻ ഇപ്രകാരം പറഞ്ഞു:
“ഞാൻ പ്രഭുവിനെ ഇതുവരെ കണ്ടിട്ടില്ലല്ലോ. ആൾക്കൂട്ടത്തിനിടയിൽ ഞാൻ അദ്ദേഹത്തെ എങ്ങനെ തിരിച്ചറിയും?” അല്പ നേരത്തെ ആലോചനയ്ക്കു ശേഷം പ്രഭ്വി പറഞ്ഞു: “ഏതെങ്കിലും ഒരു മാന്യൻ ബുദ്ധിമുട്ടുന്ന ആരെയെങ്കിലും സഹായിക്കുന്നതു കണ്ടാൽ, ആ വ്യക്തി എന്റെ ഭർത്താവ് ആണ് എന്നു ചിന്തിച്ചുകൊൾക!”
കുതിരവണ്ടിക്കാരൻ റയിൽവേ സ്റ്റേഷനിൽ ബാർട്ടി ലി പ്രഭുവിനെ കാത്തു നിന്നു. ട്രയിൻ വന്നു ചേർന്നു. അപ്പോൾ അതാ ഒരു സ്ത്രീ ട്രയിനിൽ നിന്നും ഒന്നിലധികം പെട്ടികളുമായി ഇറങ്ങുന്നു. അവർ ഏറെ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ, ഒരു മാന്യൻ, അവർ ആവശ്യപ്പെടാതെ തന്നെ, അവരുടെ ആവശ്യം മനസ്സിലാക്കി അവരെ സഹായിക്കുകയും, ഒരു കുതിര വണ്ടി പിടിച്ചുകൊണ്ടു വന്ന് അവരുടെ പെട്ടികളെല്ലാം അതിൽ കയറ്റി വെച്ച്, അവരെ യാത്രയാക്കുകയും ചെയ്തു! ഇതെല്ലാം വീക്ഷിച്ചു കൊണ്ടു നിന്ന പ്രഭ്വിയുടെ വണ്ടിക്കാരൻ ആ മാന്യനെ സമീപിച്ച് അദ്ദേഹമാണോ ബാർട്ടിലി പ്രഭു എന്നു തിരക്കി. അദ്ദേഹം തന്നെയാണ്
ബാർട്ടിലി പ്രഭു എന്നു മനസ്സിലാക്കിയ കുതിര വണ്ടി ക്കാരൻ അദ്ദേഹത്തെ വണ്ടിയിൽ കയറ്റി ഭവനത്തിലേക്കു പോകുകയും ചെയ്തു.
നമ്മെ മറ്റുള്ളവർ തിരിച്ചറിയുന്നതും അതിലൂടെ സ്വർഗ്ഗസ്ഥ പിതാവിനെ തിരിച്ചറിയുന്നതും, മഹത്വപ്പെടുത്തുന്നതും എങ്ങനെയാണ്? നാം ചെയ്യുന്ന സൽപ്രവർത്തികൾ, നാം ആരാണെന്ന് വെളിപ്പെടുത്തും. അതിനാൽ സൽപ്രവർത്തികൾ നമ്മുടെ മുഖമുദ്രആയിരിക്കട്ടെ. ധ്യാന ഭാഗത്തു സൂചിപ്പിക്കുന്നതു പോലെ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് സൽഗുണ പൂർണ്ണനാണ്. തന്നെപ്പോലെ തന്റെ മക്കളായ നാമും സൽഗുണ പൂർണ്ണർ ആയിരിക്കണം എന്നാണ്
താൻ ആഗ്രഹിക്കുന്നത് (മത്താ. 5:48). ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവും ആയിരിക്കുവാനായിട്ടാണ് ദൈവം നമ്മെ ഈ ലോകത്തിൽ ആക്കിയിരിക്കുന്നത്. നമ്മുടെ വെളിച്ചം ലോകത്തിന്റെ മുമ്പിൽ പ്രകാശിപ്പിക്കേണ്ടതിനാണ് നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്! നമ്മുടെ ധർമ്മം വിശ്വസ്തതയോടെ നിറവേറ്റി നമുക്കു ദൈവത്തെ മഹത്വപ്പെടുത്താം? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: നമ്മുടെ വാക്കുകളല്ല, നമ്മുടെ പ്രവൃത്തികളാണു നാം ആരാണെന്ന്
വെളിപ്പെടുത്തുന്നത്!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍



