ഇടുക്കി: ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിൽ അനധികൃതമായി കയ്യേറിയ 10 ഹെക്ടർ ഭൂമി വനംവകുപ്പ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു.
കയ്യേറ്റഭൂമിയിൽ നട്ടുപിടിപ്പിച്ചിരുന്ന ഏലക്കൃഷി നശിപ്പിക്കുകയും
കൃഷിയിടങ്ങൾക്ക് സംരക്ഷണം തീർക്കാനായി സ്ഥാപിച്ചിരുന്ന ഫെൻസിങ്ങുകൾ പൊളിച്ചുനീക്കുകയും ചെയ്തു.
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപഥങ്ങളും ആനത്താരകളും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെ ശക്തമായ നടപടി.
ചിന്നക്കനാൽ റേഞ്ച് ഓഫീസർ അരുൺ ഇ.ഡിയുടെയും സ്പെഷ്യൽ റവന്യൂ ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
വർഷങ്ങൾക്ക് മുൻപ് പ്രൊപ്പോസ്ഡ് വനമായി പ്രഖ്യാപിച്ച ഈ മേഖലയിൽ 56 ഹെക്ടറോളം വനംഭൂമി കയ്യേറിയതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികൾ.
കെഎസ്ഇബിയുടെ വൃഷ്ടിപ്രദേശത്തും സമാനമായ രീതിയിൽ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
.ഈ പ്രദേശങ്ങളിലേക്കും വരുംദിവസങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ വ്യാപിപ്പിക്കും.
മേഖലയിൽ രൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനും വന്യജീവികളുടെ
സ്വാഭാവിക സഞ്ചാരപാത ഉറപ്പാക്കുന്നതിനും ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
ഒഴിപ്പിക്കൽ നടപടികൾക്ക് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



