Friday, July 24, 2026
Homeഅമേരിക്കഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും ചിന്തകളും (13) ✍ സതീഷ് കുമാർ താണിശ്ശേരി

ഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും ചിന്തകളും (13) ✍ സതീഷ് കുമാർ താണിശ്ശേരി

മരം ഉണങ്ങുന്നത് ആദ്യമറിയുക കിളികളാണ് ..
എന്തോ കുഴപ്പമുണ്ട് എന്നവർ ചില്ലകളോട് പറയും
അസാധാരണമായത് എന്തോ നടക്കുന്നുണ്ട് ..
പല മരങ്ങൾ കണ്ട അവർക്കത്‌ വേഗം മനസ്സിലാവും.

വെറുതെയാണ് ..
ഇത്തിൾക്കണ്ണി മരത്തോട്‌ പറയും
നിന്റെ ഇലകളും എന്റെ ഇലകളും ചേർന്ന് പച്ചപ്പിൽ നാം ധനികരാണ്
അതിന്റെ അസൂയയാണ് സകലർക്കും.

ഈ കിളികൾ അസൂയക്കാരുടെ ദൂതരാണ്
അവറ്റകളെ അകറ്റി നിർത്തുക

അവളെ വിശ്വസിക്കരുത് ..
കിളികൾ മരത്തോട് പറയും
നാം ചിരപരിചിതർ, ഒന്നിച്ചു വളർന്നവർ
നിന്റെ കണ്ണും കാതുമായവർ, നിനക്കായി ദേശങ്ങൾ കണ്ടവർ
ഉണങ്ങിയ മരങ്ങളുടെ കഥകളറിയുന്നവർ ..

കിളികൾ എന്തിനാണ് നിന്നെപ്പോലൊരു മരത്തിന് .?
എന്തിനാണവ, നിന്റെ ചില്ലകളിൽ കൂടുവെച്ച് ,നിന്റെ പഴങ്ങൾ തിന്ന്
നിന്റെ ഇലത്തണലിൽ വിശ്രമിച്ച് ..

അവറ്റകളെ ആട്ടിയോടിക്കുക,
ഇത്തിൾക്കണ്ണി മരത്തോട് പറയും

എന്നെ നോക്കൂ .നിനക്ക് തണലുനല്കാനാണ് നിന്റെ ഇലകൾക്കും മീതെ
ഞാനിങ്ങനെ വെയിലു കൊള്ളുന്നത്‌ ..

നിനക്ക് തണുക്കാതിരിക്കാനാണ് ഞാൻ നിന്റെ ദേഹത്തോട് ചേർന്നിങ്ങനെ ഉരുകി നിൽക്കുന്നത്

എനിക്ക് പ്രിയനായത് കൊണ്ടാണ് എന്റെ വേരുകൾ നിന്റെ ഹൃദയം തേടി ചെല്ലുന്നത്

ഞാനുള്ളപ്പോൾ എന്തിനാണ് നിനക്കീ കിളികൾ ..
പഴം കഥകൾ പറഞ്ഞ് നിന്റെ മനസ്സിളക്കുന്നവർ ..

കിളികൾ പോകുക തന്നെ ചെയ്യും,
തിന്ന പഴങ്ങൾക്കും ഇലത്തണലിനും നന്ദി പറഞ്ഞു കൊണ്ട് അവ മരം മാറും

മറ്റൊരു മരത്തിന്റെ ഇളം ചില്ലയിലിരുന്ന് അവ മരത്തെ നോക്കി സങ്കടപ്പെടും

കിളികളെ നോക്കി ഇത്തിൾക്കണ്ണി ചിരിക്കും
അവയുടെ ചുണ്ടുകളിലൊളിപ്പിച്ച് അവൾ കടത്തിയ വിഷവിത്തുകൾ
പുതു മരത്തിൽ കിളിർക്കുന്നത്‌ അവൾ സ്വപ്നം കാണും

ഒടുവിൽ മരമുണങ്ങുംബോൾ അവൾ രക്തസാക്ഷിയുടെ ഉടുപ്പുകൾ ധരിക്കും
നീയില്ലെങ്കിൽ ഞാനുമില്ലെന്ന് ഒരു സതിയിലൂടെ ചിലപ്പോൾ അവൾ ആരാധ്യയാകും

ഉണങ്ങുന്ന മരത്തിൽ നിന്ന് വേർപ്പെട്ട് പോകാൻ കഴിയാത്ത അസ്വാതന്ത്ര്യത്തെക്കുറിച്ച് കവിതകളെഴുതും അവൾ ചിലപ്പോൾ

കിളികൾ മാത്രം സങ്കടത്തോടെ പറയും
നല്ല മരമായിരുന്നു ,തണൽ തന്ന് പോറ്റിയവനായിരുന്നു
കൊണ്ടാലുമറിയാത്ത വിഡ്ഢിയും

സതീഷ് കുമാർ താണിശ്ശേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com