തിരുവല്ല: കറ്റോട് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ കറ്റോട് മുതിരക്കാലായിൽ തോമസ് ജോൺ (ഷിബു)–അന്നമ്മ ദമ്പതികളുടെ മകൻ ജോയൽ തോമസ് (20) ആണ് മരിച്ചത്.
സെപ്റ്റംബർ 3 വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 3.30-ഓടെ കറ്റോട് കാട്ടുവള്ളിക്കാട് കടവിലായിരുന്നു അപകടം. മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ജോയൽ ആഴമുള്ള കയത്തിൽ അകപ്പെടുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ജോയലിനെ വെള്ളത്തിൽനിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബംഗളൂരുവിൽ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന ജോയൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.



