തിരുവനന്തപുരം: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഗുരുതരമായ ജനിതക രോഗമായ എസ്എംഎ കുട്ടികളുടെ പേശീബലത്തെയും ചലനശേഷിയെയും ശ്വസനശേഷിയെയും ബാധിക്കുന്നുണ്ട്. രോഗത്തിന്റെ പുരോഗതി നിയന്ത്രിക്കുന്നതില്‍ റിസ്ഡിപ്ലാം പോലുള്ള മരുന്നുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എന്നാല്‍, ഇത്തരം അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ ഉയര്‍ന്ന ചെലവ് രോഗികളെയും കുടുംബങ്ങളെയും സര്‍ക്കാരിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നതാണ്. അതിനാല്‍ കുട്ടികള്‍ക്ക് തുടര്‍ച്ചയായ ചികിത്സ ഉറപ്പാക്കുകയും ചികിത്സയുടെ സാമ്പത്തികഭാരം കുറച്ച് കൂടുതല്‍ കുട്ടികളിലേക്ക് മരുന്ന് എത്തിക്കുന്നതുമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഐഎംഎ പത്രക്കുറിപ്പില്‍ പറഞ്ഞു.
റോഷെ കമ്പനിയുടെ Eveyedi എന്ന ബ്രാന്‍ഡഡ് മരുന്നിന് പകരമായി നാറ്റ്കോ ഫാര്‍മയുടെ Natsmart എന്ന കുറഞ്ഞ വിലയിലുള്ള റിസ്ഡിപ്ലാം മരുന്ന് ലഭ്യമാക്കുന്നത് ചികിത്സ കൂടുതല്‍ താങ്ങാനാവുന്നതാക്കാനുള്ള അവസരമാണ്. മരുന്നുകളുടെ വില കുറയുന്നത് അപൂര്‍വരോഗ ചികിത്സാ പദ്ധതികളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ വിഭവങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുമെന്നും ഐഎംഎ പറഞ്ഞു.
കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ രോഗികളുടെ താല്പര്യത്തിന് അനുസൃതമായി മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം, മരുന്നിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുകയും ആവശ്യമായ അംഗീകാരങ്ങളും ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. ബ്രാന്‍ഡഡ് മരുന്നായാലും കുറഞ്ഞ വിലയിലുള്ള ബദല്‍ മരുന്നായാലും ശാസ്ത്രീയമായ തെളിവുകളുടെയും വിദഗ്ധ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം ചികിത്സാ തീരുമാനങ്ങള്‍.
എസ്എടി ആശുപത്രിയില്‍ ആരംഭിച്ച ചികിത്സാപദ്ധതിയിലൂടെ നിരവധി കുട്ടികള്‍ക്ക് വിലയേറിയ ചികിത്സ ലഭ്യമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടം നിലനിര്‍ത്തുന്നതിനും കൂടുതല്‍ കുട്ടികളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും മരുന്നിന്റെ തുടര്‍ച്ചയായ ലഭ്യതയും കാര്യക്ഷമമായ വിതരണ സംവിധാനവും അനിവാര്യമാണെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.



