Sunday, October 13, 2024
Homeഅമേരിക്കഫാദർ ജോസഫ് വടക്കൻ; ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ജൻ (ലേഖനം) ✍ സി. ഐ. ഇയ്യപ്പൻ,...

ഫാദർ ജോസഫ് വടക്കൻ; ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ജൻ (ലേഖനം) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

കേരള രാഷ്ട്രീയത്തിൽ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കണ്ടിരുന്ന ഒരു രാഷ്ട്രീയ തന്ത്രശാലിയായിരുന്നു ഫാദർ ജോസഫ് വടക്കൻ.
കേരളത്തിൽ വിഘടിച്ച് നിന്നിരുന്ന രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കി രൂപം കൊടുത്തതിന്റെ സൂത്രധായകൻ വടക്കനച്ചൻ ആയിരുന്നു. മുന്നണി രാഷ്ട്രീയത്തിന് ജന്മം കൊടുത്ത സ്ഥാനം വടക്കനച്ചനു മാത്രം അവകാശപ്പെട്ടതാണ്.എന്നാൽ പിന്നീട് കേരളത്തിൽ പല രൂപത്തിൽ മുന്നണികൾ കെട്ടിപടുത്തു തുടങ്ങിയപ്പോൾ വടക്കനച്ചനെ കേരള രാഷ്ട്രീയം മറന്നുപോയി.
വടക്കനച്ചന്റെ സ്ഥാനം ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ലേഖനം എഴുതുന്നത്.

ഞാൻ ചില ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് തൊഴിലാളി പത്ര ഓഫീസിൽ പോകാറുണ്ട്. പത്ര ഓഫീസിന്റെ മൂന്നാം നില കഴിഞ്ഞുള്ള ടെറസിൽ ചില ദിവസങ്ങളിൽ വടക്കനച്ചനോടൊപ്പം അവിടെ നടക്കാൻ ഞാനും പോകാറുണ്ട്. ഞാൻ പോകുന്നത് അതിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാനാണ്. വടകനച്ചൻ ഒന്നും സംസാരിക്കാതെയാണ് നടക്കുക. പിറ്റേ ദിവസം തൊഴിലാളി ദിനപത്രത്തിൽ എഴുതാനുള്ള മുഖപ്രസംഗം മനസ്സിൽ രൂപപ്പെടുത്തുകയായിരുന്നു അച്ചനെന്ന് പിന്നീടാണ് മനസ്സിലായത്. താഴെ വന്നാൽ പിറ്റേ ദിവസത്തെ തൊഴിലാളി ദിനപത്രത്തിൽ വരേണ്ട മുഖപ്രസംഗം വടക്കനച്ചൻ പ്രസംഗിക്കുകയാണ് ചെയ്യുക.
ടൈപ്പ് റെക്കാർഡിങ് ചെയ്യുന്ന ജോസും, വടക്കനച്ചനും മാത്രമേ ആ മുറിയിൽ പിന്നെ ഉണ്ടാവുകയുള്ളൂ. അച്ചനെഴുതുന്ന മുഖപ്രസംഗങ്ങൾ വായിക്കുമ്പോൾ തന്നെ നമുക്ക് ഒരു ആവേശം ഉണ്ടാകും.

ആ കാലത്ത് തൊഴിലാളി ദിനപത്രം ഓഫീസിൽ ചെല്ലുമ്പോൾ ശ്രീ കെ. ആർ. ചുമ്മർ, ജോയ് ശാസ്താം പടിയ്ക്കൽ, തോമാസ് പാറന്നൂർ, വർഗീസ് മേച്ചേരി, മാത്യു മണിമല, എന്നീ സഹ പത്രാധിപന്മാരാൽ നിറഞ്ഞു നിന്നിരുന്നു. അവിടെ മുറിയുടെ ഒരു ഭാഗത്ത് ടെലി പ്രിന്ററിൽ കൂടി ലോകത്തു നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പ്രിൻറ് ചെയ്ത കടലാസ് പുറത്തേക്ക് വരുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിൽക്കാറുണ്ട്. ആ കാലത്ത് അച്ചിൽ അക്ഷരങ്ങൾ നിരത്തി വെച്ചിട്ടാണ് പ്രിൻറ് ചെയ്തിരുന്നത്. എഴുതി കൊടുക്കുന്നത് പ്രിൻറ് ചെയ്ത് പ്രൂഫ് നോക്കാൻ കൊണ്ടുവരും. മിക്കവാറും ദിവസങ്ങളിൽ അവരിൽ ആരെയെങ്കിലും സഹായിക്കാൻ എന്നെ വിളിക്കും. ഞാൻ വായിച്ചു കൊടുക്കുമ്പോൾ തെറ്റുകൾ തിരുത്തുന്നത് കാണാൻ ഒരു രസമുണ്ട്. അക്ഷരങ്ങൾക്ക് പുറത്തേക്ക് ഒരു വര വരച്ചതിൽ ഒരു വട്ടമിട്ട് അതിലാണ് തിരുത്തുന്നത് എഴുതുക.

തൊഴിലാളി ദിനപത്രത്തിന്റെ സഹപത്രാധിപരായിരുന്ന കെ .ആർ. ചുമ്മാർ ആ കാലത്ത് തൊഴിലാളി ദിനപത്രത്തിൽ “നിയമസഭാ അവലോകനം” എന്ന ഒരു പക്തി ” ശ്രീലൻ” എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നു. അന്നത്തെ രാഷ്ട്രീയ നേതാക്കന്മാരെല്ലാം “ശ്രീലന്റെ ” തൂലികയുടെ വിമർശനങ്ങളുടെ ചൂട് അറഞ്ഞവരാണ് . മലയാള മനോരമ പത്രാധിപർ കെഎം മാത്യുവും, വടക്കനച്ചനും നല്ല സുഹൃത്തുക്കൾ ആയിരുന്നു. തൊഴിലാളി ദിനപത്രത്തിലെ സഹ പത്രാധിപർ ആയിരുന്ന കെ. ആർ .ചുമ്മാറിനെ മനോരമയിൽ സേവനം ചെയ്യാൻ കെ എം മാത്യു ആവശ്യപ്പെട്ട പ്രകാരമാണ് വടക്കനച്ചൻ ചുമ്മാരേട്ടനെ മനോരമയ്ക്ക് നൽകിയത്.

അന്തരിച്ച പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറ ചിതാ ഭസ്മം വഹിച്ചുകൊണ്ടുള്ള വാഹനത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രി ആയിരുന്ന ആർ ശങ്കർ നിന്നിരുന്നു. തൊഴിലാളി ദിനപത്രം ഓഫീസിന്റെ ബാൽക്കണിയിൽ നെഹ്റുവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വടക്കൻനച്ചനോടൊപ്പം ഞാനും ഉണ്ടായിരുന്നു. തൊഴിലാളി പത്ര ഓഫീസിന്റെ മുന്നിൽ ചിതാ ഭസ്മ വാഹനം എത്തിയപ്പോൾ മുഖ്യമന്ത്രി ആർ ശങ്കർ വടക്കനച്ചനെ നോക്കി കൈകൾ കൂപ്പി നെഹ്റുവിനുള്ള ആദരാഞ്ജലികൾ ഏറ്റുവാങ്ങി . അവർ തമ്മിലുള്ള ആത്മബന്ധം അത്രമാത്രം വലുതായിരുന്നു.
തൊഴിലാളി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ബാലജനസഖ്യം ആരംഭിച്ചു. അതിൻറെ സംസ്ഥാന പ്രസിഡണ്ടായി എന്നെയാണ് തെരഞ്ഞെടുത്തത്. ടോം ജോസ് അങ്കമാലി ആയിരുന്നു അതിൻറെ രക്ഷാധികാരി.

ബ്രദർ ജോസഫ് വടക്കൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി സ്ഥാപിച്ച കാലത്ത് ബ്രദർ വടക്കൻ തേക്കിൻകാട് മൈതാനത്ത് പ്രസംഗിച്ചു തുടങ്ങുമ്പോൾ മുതൽ കേൾവിക്കാർക്ക് ശല്യം ഉണ്ടാക്കും വിധം കുറച്ച് ആളുകൾ കൂകി തുടങ്ങും. ഒരു ദിവസം ആറടിയോളം പൊക്കവും, അതിനൊത്ത വണ്ണവുമുള്ള യുവാവായ ഡോക്ടർ വക്കൻസനും , കൂടെ പത്തോളം പേരും കൂവൽ തുടങ്ങിയ ഉടനെ അരയിൽ നിന്ന് എന്തോ എടുക്കുന്നത് പോലെ ആംഗ്യം കാട്ടി കുത്തിമലർത്തടാ ആ തെമ്മാടികളെ എന്ന അട്ടഹസിച്ചുകൊണ്ട് വേഥിയിൽ നിന്ന് ചാടി ഇറങ്ങി. പിന്നെ അന്നന്നല്ല ഒരിക്കലും പിന്നെ കൂവൽ ഉണ്ടായില്ല.

ഉയരവും, അതിനൊത്ത വണ്ണവുമുള്ള ആരോഗ്യ ദൃഢഗാത്രനായ വടക്കനച്ചനെ ഏത് ആൾക്കൂട്ടത്തിനിടയിലും, തലയിടുപ്പോടെ കാണാം.
വടക്കനച്ചന്റെ പ്രസംഗത്തെ പറ്റി പറയുകയാണെങ്കിൽ സിംഹ ഗർജനം എന്നാണ് ഞാൻ വിശേഷിപ്പിക്കുക. ശബ്ദത്തിന്റെ ഗാംഭീരതയ്ക്ക് ഇടിമുഴക്കത്തിന്റെ സാമ്യം ഉണ്ടായിരുന്നു. അളന്നു മുറിച്ച് കൊള്ളേണ്ടിടത്ത് ശരിക്കും കൊള്ളുന്ന കുറിക്ക് കൊള്ളുന്ന വിധം വടക്കനച്ചനിൽ നിന്നു വരുന്ന വാക്കുകൾ കേട്ട് ഏതൊരു ആളും കൈകൾ താനെ അടിച്ചു പോകും. അതുകൊണ്ടാണ് വടക്കനച്ചന്റെ ശത്രുക്കൾ പോലും പ്രസംഗം കേൾക്കാൻ വന്നിരുന്നത്.

തേക്കിൻകാട് മൈതാനത്തിലേക്ക് വടക്കനച്ചൻ പ്രസംഗിക്കാൻ വരുമ്പോൾ അദ്ദേഹത്തിൻറെ കാറ് മൈതാനത്തിലേക്ക് പ്രവേശിക്കുന്നത് കാണുന്നതോടെ , കടലിലെ തിരമാലകൾ കരയിലേക്ക് ഇരച്ച് കയറുന്നത് പോലെ എവിടെനിന്നോ ജനം വിദ്യാർത്ഥി കോർണറിലേയ്ക്ക് ഇരച്ച് കയറുന്നതായി ഞാൻ കണ്ടിട്ടുണ്ട്. അതോടൊപ്പം വടക്കനച്ചന് ജയ് വിളിക്കുന്നവരേയും കാണാം.
ഒരു വർഷം തൃശൂർ ലൂർദ് പള്ളിയിൽ നടന്ന ദുഃഖവെള്ളിയാഴ്ചയിലെ ചടങ്ങുകളിൽ പ്രസംഗിച്ചത് ഫാദർ ജോസഫ് വടക്കാനായിരുന്നു ക്രിസ്തുവിന്റെ പീഡാനുഭവത്തെ വിവരിക്കുന്ന വടക്കനച്ചന്റെ പ്രസംഗം കേട്ടവർ എല്ലാം നിറകണ്ണുകളോടെയാണ് അത് കേട്ടിരുന്നത്.

ആത്മീയമായാലും, സാമൂഹ്യമായാലും അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രത്യേകമായ പ്രസംഗ ശൈലി അദ്ദേഹത്തിനു ണ്ടായിരുന്നു.
ഒരിക്കൽ വടക്കനച്ചൻ വിദേശത്ത് പോയപ്പോൾ കേരളത്തിലെ പഴങ്ങളെ കുറിച്ച് ആരോ ചോദിച്ചു. പഴങ്ങളുടെ പേര് ഇംഗ്ലീഷിൽ പറയാൻ കഴിയാതെ വന്നപ്പോൾ വടക്കനച്ചൻ ഇംഗ്ലീഷ് ഉച്ചാരണത്തോടെ നേന്ത്രൻ , പൂവൻ പാളേൻകുടൻ എന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ച് സായിപ്പുമാർ ഇരുന്ന കഥ വടച്ചനച്ചൻ പറയുന്നത് കേട്ടിട്ടുണ്ട് .

മഹാത്മാഗാന്ധിയെ സ്നേഹിക്കുകയും, തന്നിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ബ്രദർ ജോസഫ് വടക്കൻ, മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചത് കേട്ട് വാവിട്ട് കരഞ്ഞതായി അദ്ദേഹത്തോടൊപ്പം സെമിനാരിയിൽ പഠിച്ചിരുന്ന വൈദിക വിദ്യാർഥികൾ പറയാറുണ്ട്. ഖദർ ലോഹ ധരിക്കുന്ന വൈദികനായിരുന്ന അദ്ദേഹം.
കേരളത്തിൽ വടക്കനച്ചൻ സ്ഥാപിച്ച മൂന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവയാണ്. 1) കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി, 2) മലനാട് കർഷക യൂണിയൻ, 3) കർഷക – തൊഴിലാളി പാർട്ടി.

കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം ബ്രദർ ജോസഫ് വടക്കൻ മട്ടാഞ്ചേരിയിൽ നടന്ന കമ്മ്യൂണിസ്റ്റ് വിരുധ മുന്നണിയുടെ യോഗത്തിൽ അവതരിപ്പിച്ച “മട്ടാഞ്ചേരി തീസിസ്” എന്ന് അറിയപ്പെട്ടിരുന്ന പ്രമേയത്തിൽ കോൺഗ്രസ് , പ്രജാ സോഷൃലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ് എന്നീ കക്ഷികൾ ഒരു മുന്നണിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയൊരു പ്രമേയം ബ്രദർ ജോസഫ് വടക്കൻ അവതരിപ്പിക്കുന്നതിന് മുമ്പായി കേരളത്തിൻറെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ സഞ്ചരിച്ച് ജനങ്ങളുടെ വികാരം മനസ്സിലാക്കിയിരുന്നു. വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കണ്ട് ബ്രദർ വടക്കൻ ചർച്ച ചെയ്തപ്പോൾ അവർ ബ്രദർ വടക്കന്റെ ആവശ്യം അവജ്ഞയോടെ തള്ളുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് വന്നു. ആ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷത്തോടെ ജയിച്ച് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചു.
കേരളം കണ്ടതിൽ ഏറ്റവും മിടുക്കന്മാരായ മന്ത്രിമാർ ഉള്ള മന്ത്രിസഭയായിരുന്നു അത്. അവർ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമം, വിദ്യാഭ്യാസ ബില്ല് എന്നിവ തങ്ങൾക്കെതിരാകുമെന്ന്കണ്ട് ഒരു വിമോചന സമരം സംഘടിപ്പിക്കാൻ വടക്കനച്ചനെ മുൻ നിരയിൽ പ്രതിഷ്ഠിച്ചതും പള്ളിയും, പട്ടക്കാരുമാണ്.

വടക്കനച്ചന്റെ ചെറുപ്പകാലത്ത് വീട്ടിൽ ദാരിദ്രം ആയിരുന്നു അതുകൊണ്ട് ഏഴാം ക്ലാസിൽ പഠിപ്പ് അവസാനിപ്പിച്ച് തൊഴുക്കാവിൻ ഒരു പള്ളി സ്കൂളിൽ വാദ്ദ്യാർ ആയി ജോലി നോക്കേണ്ടിവന്നു. സ്കൂൾ മാനേജർ ആയിരുന്ന അച്ചൻ കുറച്ച് പൈസ പിടിച്ച് ബാക്കിയാണ് ശമ്പളമായി കൊടുത്തിരുന്നത്. ഔസേപ്പുണ്ണി എന്നാണ് ചെറുപ്പകാലത്തെ പേര്. ഔസേപ്പുണ്ണി വാദ്ദ്യാർ ഇതിനെതിരെ സമരത്തിന് ഇറങ്ങി. അവസാനം മുഴുവൻ ശമ്പളവും കൊടുക്കാൻ മാനേജർ തയ്യാറായി .
വിമോചന സമരത്തിന് കാരണമായ വിദ്യാഭ്യാസ ബില്ല് അവതരിപ്പിച്ചത് സെൻറ് തോമസ് കോളേജിൽ പ്രൊഫസർ ആയിരുന്ന ജോസഫ് മുണ്ടശ്ശേരി മാഷ് ആയിരുന്നു. മാഷിൻറെ അനുഭവമാണ് വിദ്യാഭ്യാസബില്ലിന്റെ മൂല കാരണം.

ഔസേപ്പുണ്ണി വാദ്ദ്യാർ തൊഴുക്കാവിലേയും, സമീപ പ്രദേശങ്ങളിലുള്ള കർഷകരെയും സംഘടിപ്പിച്ച് കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്തതായും നമുക്ക് കാണാൻ കഴിയും. ഇതിനൊക്കെ നേതൃത്വം കൊടുത്ത വടക്കനച്ചൻ പിന്നീട് എന്തിനായിരുന്നു ഒരു വിമോചന സമരം നയിച്ചത്. വടകനച്ചന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയും, തൊഴിലാളി ദിനപത്രവും വിമോചന സമരത്തിൽ മുഖ്യപങ്ക് വഹിച്ചു. പിന്നീട് നമ്മൾ കാണുന്നത് ചെയ്തുപോയ തെറ്റിന് മനസ്ഥാപപ്പെട്ടുകൊണ്ട് ഇടതുപക്ഷ മുന്നണിക്ക് രൂപം കൊടുക്കുന്ന വടക്കനച്ചനെയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധനായ വടക്കനച്ചന്റെ പാത പിൻന്തുടർന്നാണ് പിന്നീട് കോൺഗ്രസ് , കമ്മ്യൂണിസ്റ്റ് മുന്നണി രൂപം കൊണ്ടത്. അതുകൊണ്ട് കേരളത്തിലെ വലത്, ഇടത്ത് മുന്നണിയുടെ എല്ലാം അമരക്കാരൻ വടക്കനച്ചൻ മാത്രമാണ്.

എട്ടുംപൊട്ടും അറിയാത്ത കാലത്ത് ഞാനും സജീവമായി വിമോചന സമരത്തിൽ പങ്കെടുത്തു.ആ കാലത്ത് വീട്ടിൽ തൊഴിലാളി ദിനപത്രമാണ് വായിക്കാൻ ഉണ്ടായിരുന്നത്. അതിൽ നിന്ന് വായിച്ച രാഷ്ട്രീയമായിരിക്കാം എന്നെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പരിപാടിയിലേക്ക് ചെന്നെത്തിച്ചത്. വിമോചന സമര സമിതിയുടെ ഓഫീസ് അരിങ്ങാടിയിൽ തുറന്നു. അന്നുതന്നെ ഞാൻ അവിടെ പോയി. അവിടെ ചെന്നപ്പോൾ സമര സമിതിയുടെ തൃശൂരിന്റെ കൺവീനറായ വടക്കനച്ചൻ അവിടെ ഉണ്ടായിരുന്നു. ഓഫീസ് കാര്യങ്ങൾ നോക്കുന്ന ലൂർദ് പള്ളിയ്ക്ക് അടുത്തുള്ള ചീനിയ്ക്ക കുരിയപ്പൻ ചേട്ടൻ എന്നോട് “ഇയ്യപ്പന് പരിചയമുള്ള ധാരാളം വീടുകൾ ഉണ്ടല്ലോ, ഇന്ന് വൈകുന്നേരം ഒരു പന്തം കൊളുത്തി പ്രകടനം ഉണ്ട് പന്തം ചുറ്റാൻ കുറിച്ച് പഴയ തുണി സംഘടിപ്പിക്കാമോ” എന്ന് എന്നോട് ചോദിച്ചു. 9 വയസ്സ് കാരനായ ടൗസറിട്ട് നടക്കുന്ന പ്രായക്കാരനായ ഞാൻ വേഗം എനിക്ക് പരിചയമുള്ള വീടുകളിലേക്ക് ചെന്ന് കാരൃം പറഞ്ഞ് പഴന്തുണി ആവശ്യപ്പെട്ടു. എൻറെ ആവേശവും മറ്റും കണ്ടപ്പോൾ അവർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. കീറിയ മുണ്ടും മറ്റുമായി ധാരാളം തുണികൾ കിട്ടി. അത് ഒരു ഭാണ്ഡക്കെട്ട് ആക്കി സമരസമിതി ഓഫീസിൽ കൊണ്ടുപോയി കൊടുത്തു. അന്ന് വൈകുന്നേരം ഞാൻ ഓഫീസിൽ ചെന്നപ്പോൾ ഞാൻ കൊടുത്ത പഴന്തുണി കോലുകളിൽ ചുറ്റി എണ്ണയിൽ മുക്കി ചുമരിൽ ചാരി വച്ചിരുന്നതായികണ്ടു. അന്നു രാത്രി നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ ധാരാളം ആളുകൾ പങ്കെടുത്തു. വിമോചന സമരം പ്രഖ്യാപിച്ചു കൊണ്ടുള്ള ആദ്യത്തെ പ്രകടനമായിരുന്നു അത്.

വിമോചന സമരത്തിലെ പല ജാഥകളും ലൂർദ് പള്ളി കേന്ദ്രീകരിച്ചാണ് ആരംഭിച്ചിരുന്നത്. കളക്ടറേറ്റ് പിക്കറ്റ് ചെയ്യാൻ ലൂർദ് പള്ളിയിൽ നിന്ന് പുറപ്പെട്ട ജാഥയിൽ ഞാനും പങ്കെടുത്തിരുന്നു. സ്ത്രീകളടക്കം ധാരാളം ആളുകൾ ജാഥയിൽ പങ്കെടുത്തു. ആവേശത്തോടെ മുദ്രാവാക്യം വിളിക്കാൻ ഞാനുമുണ്ടായിരുന്നു. സമരത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി തുടങ്ങി. പഠിപ്പ് മുടക്കി നടത്തുന്ന ജാഥക്കാരെ ചില അവസരങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്ത് ഹൈ റോഡിൽ ഉണ്ടായിരുന്ന പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. ഉച്ച ആകുന്നതോടെ എല്ലാംകൂടി ഓളിയിട്ട് തുടങ്ങും. വിശക്കുന്നു ചോറുതരണം ഇതാണ് ആവശ്യം. അന്നത്തെ പോലീസ് സ്റ്റേഷന്റെ വരാന്തയിൽ നടത്തുന്ന ഈ കരച്ചിൽ ഹൈറോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഒരു കൗതുക കാഴ്ചയായിരുന്നു.

ചില ദിവസങ്ങളിൽ മുതിർന്ന വിദ്യാർത്ഥികൾ ക്ലാസുകളിൽ വന്ന് ഇന്ന് പഠിപ്പു മുടക്കം ആണെന്ന് അറിയിക്കും. ഇത് കേൾക്കേണ്ട താമസം വിദ്യാർത്ഥികൾ സന്തോഷത്തോടെ കൂട്ടത്തോടെ ഓളിയിട്ട് സ്കൂളിനു പുറത്തേക്ക് പോകും. ചില കുട്ടികൾ വിദ്യാർത്ഥി നേതാക്കളുടെ നേതൃത്വത്തിൽ ജാഥയായി ടൗണിലേക്ക് പോകും. അവരിൽ ചിലർ ട്രാൻസ്പോർട്ട് ബസ്സിലേക്ക് കല്ലെറിയും. അങ്ങനെ അക്രമണങ്ങൾ നടത്തുന്നവരെ നേരിടാൻ മലബാറിൽ നിന്നുള്ള എം എസ് പി കാർ ഇറങ്ങും. അവരുടെ നീണ്ട വടി കൊണ്ടുള്ള അടി അത്തരക്കാർക്ക് വേണ്ടുവോളം കിട്ടാറുണ്ട്. സമാധാനപരമായി നടത്തുന്ന ജാഥകളിൽ മാത്രമേ ഞാൻ പങ്കെടുക്കാറുള്ളൂ. പഠിപ്പ് മുടക്കുന്ന ദിവസം നേരെ വീട്ടിലേക്ക് വരണമെന്നാണ് വീട്ടുകാർ പറയാറ്. അങ്ങനെ പഠിപ്പ് മുടുക്കിയ ഒരു ദിവസം ഞാൻ വീട്ടിലേക്ക് വരുന്നതിന് മുമ്പ് ഞങ്ങളുടെ സോപ്പ് കമ്പനിയിൽ പോയി അവിടെനിന്ന് സോപ്പിൽ നിറത്തിന് ഉപയോഗിക്കുന്ന, വെള്ളത്തിൽ ചേരുന്ന, പല നിറത്തിലുള്ള ചായപ്പൊടികളും, സോപ്പ് പൊതിയാൻ, ആ കാലത്ത് കിട്ടിയിരുന്ന ഒരു വശം മാത്രം അച്ചടിച്ച പത്ര കടലാസ്സുകൾ വാങ്ങി വെച്ചതിൽ കുറച്ച് എണ്ണവുമെ ടുക്കും. വീട്ടിൽ ചെന്ന് ഞങ്ങളെ നല്ല ശീലം പഠിപ്പിക്കാൻ ട്യൂഷൻ ടീച്ചർക്ക് വാങ്ങി കൊടുത്തിട്ടുള്ള, ചൂരരിലെ ചെറിയ ഒരു കഷണം ഒരറ്റം ചതച്ച് ബ്രഷ് ആക്കും.അത് ചായത്തിൽ മുക്കി ജാഥകളിൽ കേട്ടിട്ടുള്ള മുദ്രാവാക്യങ്ങൾ അതിൽ എഴുതും. മൈദ കുറുക്കി പശയാക്കിയത് ഒരു ചിരട്ടയിൽ ആക്കിയതുമായി കരിപ്പ് നേരത്ത് ഇറങ്ങും. ഞങ്ങളുടെ വീടിൻറെ സമീപം സിനിമ പോസ്റ്ററുകൾ ഒട്ടിക്കുന്ന ചുമരുകളിൽ, അതിൻറെ കൂടെ ഞാനെഴുതിയ കടലാസും ഒട്ടിക്കും.

ഒരു ദിവസം വൈകുന്നേരം സമരസമിതി ഓഫീസിലേക്ക് ഞാൻ ചെന്നപ്പോൾ അവിടെ എനിക്ക് പരിചയമുള്ള ഒരു ഫോട്ടോഗ്രാഫർ കാറിൽ പോരുന്നുണ്ടോ എന്ന് ചോദിച്ചു. ഒന്നും ആലോചിക്കാതെ ഞാൻ കാറിൽ കയറി ഇരുന്നു. എന്നെ കൂടാതെ ഡ്രൈവറും ഫോട്ടോഗ്രാഫറും മാത്രമേ ആകാറിൽ ഉണ്ടായിരുന്നുള്ളു. സമരസമിതിക്ക് മൂന്ന് വലിയ കാറുകൾ ഉണ്ടായിരുന്നു. അതിലൊന്നിലാണ് യാത്ര. അന്തിക്കാട് കണ്ടശാങ്കടവ് എന്നീ പ്രദേശങ്ങളിലേയ്ക്കാണ് പോയത്. അവിടെ സമരസമിതി ഓഫീസുകളുടെ മുകളിലെ മുറികളിൽ ഞങ്ങൾ ചെല്ലുമ്പോൾ പത്തോളം കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ സേനാനികൾ മഞ്ഞ കൊടികൾ കൈയിൽ പിടിച്ച് തലയിൽ പാള തൊപ്പിയുമായി നിൽക്കുന്നുണ്ടായിരുന്നു .അവരുടെ ഫോട്ടോ എടുക്കുന്നതിനാണ് ഞങ്ങൾ അവിടങ്ങളിൽ പോയത്. തിരിച്ച് തൃശൂരിലേയ്ക്ക് പുറപ്പെടുമ്പോഴേക്കും സമയം ഇരുട്ടായി. ആ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല ശക്തിയുള്ള സ്ഥലങ്ങളാണ്. വടക്കനച്ചന്റെ കാറും ആളുകളും ആണ് എന്ന് അറിഞ്ഞാൽ ഒരു അക്രമണം ഉണ്ടാകാൻ എല്ലാം സാധ്യതകളും ഉള്ള സ്ഥലങ്ങളായിരുന്നു. ഇന്ന് അത് ഓർക്കുമ്പോൾ പേടിയാകുന്നു. ഞാൻ വീട്ടിൽ എത്തുമ്പോൾ എന്നെ കാണാതെ വിഷമിച്ച് അപ്പൻ മുന്നിലെ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിന്നിരുന്നു. ഞാൻ പടികടന്ന് വീടിന്റെ അകത്തേക്ക് കടന്നതും കാണാതായതിലെ സങ്കടവും , കണ്ടതിലുള്ള സന്തോഷവും കൂടി അപ്പൻ കൈയിൽ കരുതിയിരുന്ന ചൂരൽ വടികൊണ്ട് എന്റെ പുറത്ത് ആഞ്ഞു ഒരു അടി തന്നു. ചോദ്യവും, ഉത്തരവും അതോടെ കഴിഞ്ഞു. കുളിക്കാൻ വെള്ളം പുറത്ത് ഒഴിച്ചപ്പോഴാണ് അടിയുടെ ചൂട് ഞാൻ അറിഞ്ഞത്. കരിപ്പായാൽ കുട്ടികൾ വീട്ടിൽ മുളയണം എന്നാണ് ചട്ടം.

മന്നത്തു പത്മനാഭനെ മയൂരസിംഹാസനത്തിൽ ഇരുത്തി തൃശൂരിൽ ഒരു ഘോഷയാത്ര നടത്തിയിരുന്നു. ആ സ്വീകരണ ഘോഷയാത്രയിൽ ഞാനും പങ്കെടുത്തിരുന്നു. ഘോഷയാത്ര തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരുന്നത് വരെ അവിടെ നടന്ന സ്വീകരണ പൊതുയോഗത്തിൽ കെ. ആർ ചുമ്മാർ നടത്തിയ അത്യുഞ്ജല പ്രസംഗം കേട്ട് കോതരിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
സമരത്തിന്റെ ഭാഗമായി കവലകൾ തോറും വിശദീകരണ യോഗങ്ങൾ നടന്നുകൊണ്ടിരുന്നു. സമരസമിതി ആഹ്വാനം ചെയ്യുന്ന പ്രതിഷേധ ജാഥകളിലും, പൊതുയോഗങ്ങളിലും ഞാൻ പങ്കെടുത്തിരുന്നു. വിമോചന സമരത്തിൽ എന്റെ സാന്നിദ്ധ്യത്തെ കുറിച്ച് മാത്രമാണ് ഞാൻ ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. സമരത്തെ നേരിടാൻ പലയിടത്തും വെടിവെപ്പ് നടന്നു. ജനങ്ങൾക്ക് സൗര്യമായി ജീവിക്കാൻ കഴിയാതെ കേരളം സംഘർഷം കൊണ്ട് നിറഞ്ഞു. ഒടുവിൽ ക്രമസമാധാന തകർച്ച എന്നു പറഞ്ഞു 1959 ജൂലൈ 31ന് ഇഎംഎസിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ടു. കേരളത്തിൽ പ്രസിഡണ്ട് ഭരണം വന്നു .
കേരളത്തിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ജയിക്കില്ല എന്ന സത്യം കോൺഗ്രസ് നേതാക്കൾക്ക് ബോധ്യപ്പെട്ടു. കോൺഗ്രസിനോടൊപ്പം തന്നെ, ചിലപ്രദേശങ്ങളിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് ശക്തിയുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നു. അതുപോലെതന്നെ മുസ്ലിംലീഗിന് ചില പ്രദേശങ്ങളിൽ ശക്തിയുണ്ടായിരുന്നു. വിഘടിച്ചു നിൽക്കുന്ന ഈ രാഷ്ട്രീയ കക്ഷികളെ യോജിപ്പിക്കുക അസാധ്യമായിരുന്നു. ഈ കക്ഷികളെ യോജിപ്പിക്കുന്ന ദൗത്യം വടക്കനച്ചനെ തന്നെ ഏൽപ്പിച്ചു.

വടക്കനച്ചൻ കോൺഗ്രസ് നേതാവ് ആർ ശങ്കറുമായും , പി. എസ്. പി യുടെ പട്ടം തണുപ്പിള്ളയുമായും, മുസ്ലിംലീഗിന്റെ സീതാ സാഹിബിനേയും കണ്ട് പലതവണ ചർച്ചകൾ നടത്തി. ഇതിനിടയ്ക്ക് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ യോഗത്തിലേക്ക് പ്രത്യേക ക്ഷണിതാവായി വടക്കനച്ചനെ ക്ഷണിച്ചു. അവിടെ പോയപ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി, പന്ത്, ശാസ്ത്രി, ധേബാർ എന്നീ ദേശീയ നേതാക്കന്മാരെ കണ്ടു ഈ വിഷയം ചർച്ച ചെയ്യാൻ അവസരം ലഭിച്ചു. ഡൽഹിയിൽ കോൺഗ്രസ് നേതാക്കന്മാരെ കാണാൻ ശ്രീമതി സുചേത കൃപാലിനി അച്ചനോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. കേരളത്തിലെ ഈ മൂന്നു കക്ഷികളെയും ഒരു വേഥിയിലേക്ക് കൊണ്ടുവരുന്നതിനായി തലശ്ശേരിയിൽ ഒരു ജനാധിപത്യ മഹോത്സവം വടക്കനച്ചൻ സംഘടിപ്പിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീമതി സുചേത കൃപാലിനി, സിനിമാനടൻ സത്യൻ, കോൺഗ്രസിന്റെയും പിഎസ്പിയുടേയും ലീഗിന്റെയും ദേശീയ നേതാക്കന്മാർ അടക്കം ധാരാളം പേർ പങ്കെടുത്ത ഈ യോഗത്തോടെ ഈ മൂന്നു കക്ഷികളും ഒരു മുന്നണിയായി മത്സരിക്കാൻ തീരുമാനിച്ചു. 1960 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഈ മൂന്നു കക്ഷികളും ഒത്തൊരുമിച്ച് വിറോടെ മത്സരിച്ചു. ആതിരഞ്ഞെടുപ്പിൽ ഈ മുന്നണി ഭൂരിപക്ഷത്തോടെ ജയിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായ മന്ത്രിസഭ അധികാരമേറ്റെടുത്തു.

✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments