Saturday, December 7, 2024
Homeഅമേരിക്കപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (91)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (91)

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. ഇന്ന് ലോകത്തു മനുഷ്യ ജീവന് പുല്ലുവില പോലും കല്പിക്കാതെ മതത്തിന്റെയും വർഗ്ഗീയതയുടെയും പേരിൽ പരസ്പരം കൊല്ലുന്ന കാഴ്ചയാണ് കാണുന്നത്. മൃഗങ്ങളുടെ ജീവന് വേണ്ടി അനേകർ ശബ്‍ദമുയർത്തുമ്പോൾ മനുഷ്യനെ വെറും കന്നുകാലികളെ പോലെ കാണുന്ന ചിന്താഗതിയിലേയ്ക്ക് മനുഷ്യർ മാറുന്നു.

ആൾക്കൂട്ടത്തിൽ വ്യക്തികളെ തിരയുന്ന യേശു

വ്യക്തികൾക്ക് വില കൊടുക്കുന്നതാണ് യേശുവിന്റെ ദിവ്യ സ്വഭാവം.മുഴു ലോകവും രക്ഷിക്കപ്പെടേണമെന്നാണ് യേശുവിന്റെ ആഗ്രഹം. എങ്കിലും വിളിച്ചു വേർതിരിച്ച ഓരോ വ്യക്തികളെയും യേശു പ്രാധാന്യം കൊടുക്കുന്നു. യേശുവിന്റെ പരസ്യ ശ്രുശ്രുഷ സമയത്തു ജനക്കൂട്ടങ്ങളുടെ ഇടയിൽ ഒഴിഞ്ഞു മാറി നിന്ന വ്യക്തികളെ മുന്നോട്ട് വിളിച്ചു പരസ്യമാക്കിയ സംഭവങ്ങൾ ബൈബിളിൽ വായിക്കാം.

ലൂക്കോസ് 8 –47

“താൻ മറഞ്ഞിരിക്കുന്നില്ല എന്ന് സ്ത്രീ കണ്ടു വിറച്ചു കൊണ്ട് വന്നു അവന്റെ മുമ്പിൽ വീണു. അവനെ തൊട്ട സംഗതിയും തൽക്ഷണം സൗഖ്യമായതും സകല മണവും കേൾക്കെ അറിയിച്ചു ”

പിശാച് മനുഷ്യനെ രോഗങ്ങളാലും, ഭാരങ്ങളാലും നശിപ്പിക്കുമ്പോൾ ദൈവം മനുഷ്യന് ഏറ്റവും വലിയ വില കല്പ്പിക്കുന്നു മനുഷ്യാത്മാവാണ് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടതെന്നു ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു. ഒരു മനുഷ്യൻ ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ചു കൊണ്ടു നടന്നാലും തന്റെ നിത്യ ജീവനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനമെന്ന് ക്രിസ്തുവിന്റെ വാക്കുകളിൽ ഈ ലോകത്തേക്കാൾ വിലപ്പെട്ടതാണ് ഒരു മനുഷ്യാത്മാവെന്ന് വ്യക്തമാണ്.

ലൂക്കോസ് 19-5

“അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ട് നോക്കി സക്കായിയെ വേഗം ഇറങ്ങി വാ, ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു. എന്ന് അവനോട് പറഞ്ഞു ”

ഈ ലോകം കൊടും പാപിയായ മനുഷ്യരെ വേർതിരിച്ചു കാണുമ്പോൾ യേശു തന്റെ ചങ്കിലെ രക്തം കൊടുത്തു വാങ്ങിയ ദൈവമക്കളെ ചേർത്തു പിടിച്ചു പാപക്കറകൾ നീക്കി ഹൃദയത്തിൽ സമാധാനം കൊടുക്കും. മേല്പറഞ്ഞ വചനത്തിൽ സക്കായിയൊരു ചുങ്കക്കാരനായിരുന്നു. ആ മനുഷ്യനും മറ്റുള്ളവരുടെ മുന്നിൽ കുറ്റക്കാരനായിരുന്നു. എന്നാൽ യേശു തൊട്ടവരും, യേശുവിനെ തൊട്ടവരും സൗഖ്യമായതു പോലെ യേശു സക്കായിയുടെ ഹൃദയം തുറന്നു. അവൻ താൻ അനാവശ്യമായി കൈവശം വെച്ചതെല്ലാം വിട്ടു കളഞ്ഞു.

മർക്കോസ് 10-49

“അപ്പോൾ യേശു നിന്നു,അവനെ വിളിപ്പിൻ എന്നു പറഞ്ഞു, ധൈര്യപ്പെടുക എഴുന്നേൽക്ക നിന്നെ വിളിക്കുന്നുവെന്ന് അവൻ പറഞ്ഞു കുരുടനെ വിളിച്ചു, അവൻ തന്റെ പുതപ്പ് ഇട്ടും കളഞ്ഞു ചാടി എഴുന്നേറ്റു യേശുവിന്റെ അടുക്കൽവന്നു ”

ഞാൻ ആരുമല്ല, എന്നെ ആർക്കും വേണ്ട എന്ന ചിന്ത നമ്മെ ഭരിക്കരുത്. സഭയിലോ, സമൂഹത്തിലോ, ജനക്കൂട്ടത്തിന്റെ ഇടയിലോ നിൽക്കുമ്പോളും യേശു കർത്താവ് നമ്മുടെ ഹൃദയസ്പന്ദനം പോലും അറിയുന്നുവെന്ന തിരിച്ചറിവ് നമ്മുക്കുണ്ടാകണം. ഓരോ വ്യക്തിയും യേശുവിനു വിലപ്പെട്ടവരാണ്. മനുഷ്യർ ഓരോ ബന്ധങ്ങൾ കൂടുമ്പോൾ അവർ സമൂഹത്തിൽ ഉന്നതരെ നോക്കി പോകുമ്പോൾ,യേശു എല്ലാവരാലും തള്ളപ്പെട്ടവരെ കൈപിടിച്ച് നടത്തും.

മോശയുടെ ന്യായപ്രമാണത്തിനോ മതങ്ങൾ പറയുന്ന ഭക്തി മാർഗ്ഗത്തിനോ ഒന്നും യേശുവുമായിട്ടുള്ള ഹൃദയ ബന്ധത്തിലേയ്ക്ക് നടത്തുവാൻ കഴിയില്ല.
യഹൂദ മതം അടക്കം എല്ലാ മതങ്ങളിലും ദൈവത്തിൽ നിന്ന് ഭയന്ന് മാറി നിൽക്കുന്ന ഭക്തനെയാണ് കാണുവാൻ സാധിക്കുന്നത്. എന്നാൽ ക്രിസ്തുവിലായ ഒരു വ്യക്തി യേശുവിന്റെ മാറിൽ ചാരി തന്റെ സകല ചിന്തകുലവും യേശുവിന്റെ കൈകളിൽ കൊടുത്തു സന്തോഷത്തോടെയും, സമാധാനത്തോടെയും നടക്കുന്നതായിട്ടാണ് കാണുവാൻ സാധിക്കുന്നത്. അല്പത്തിൽ വിശ്വസ്ഥനായിരിക്കുന്നവനെ ദൈവം അധികത്തിൽ വിചാരകനാക്കും.

ഈ വചനങ്ങളാൽ യേശുക്രിസ്തു ധാരാളമായി എല്ലാവരെയും നിറയ്ക്കട്ടെ. ആമേൻ

പ്രീതി രാധാകൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments