Saturday, September 21, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (80) ക്ഷേത്രങ്ങളും ബാധകളും ✍പി. എം.എൻ.നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (80) ക്ഷേത്രങ്ങളും ബാധകളും ✍പി. എം.എൻ.നമ്പൂതിരി

പി. എം.എൻ.നമ്പൂതിരി

മനുഷ്യനെ സംബന്ധിച്ച് ഏത് പ്രശ്നങ്ങളുടേയും ദൃശ്യവും അദൃശ്യവും ആയ വിഭാഗങ്ങളുടെ വിശദീകരണവും പഠനവും പ്രശ്നചിന്തകൊണ്ട് സാധിയ്ക്കാമെന്നു വന്നാൽ ദേവാല കാര്യങ്ങളിലുള്ള ചിന്തയും ഈ പ്രശ്നചിന്തകൊണ്ട് സാധിയ്ക്കണമല്ലോ. മാത്രമല്ല അക്കാര്യത്തിൽ വളരെയധികം അദൃശ്യവും സൂക്ഷ്മലോകവിഹാരികളുമായ ശക്തികൾ പ്രവർത്തിയ്ക്കുന്നുമുണ്ട്. ഒരൊറ്റ നോട്ടത്തിൽ ഇവയുടെ പ്രവർത്തനം വ്യക്തമാകുന്നതല്ല. മനുഷ്യരുടെ അവഗണനകൊണ്ടും അനാശാസ്യ പ്രവർത്തനങ്ങൾകൊണ്ടും മാത്രമല്ല ക്ഷേത്രങ്ങൾ ജീർണ്ണിയ്ക്കുന്നത്. അതിനു മൂലകാരണമായി അനേകം അദൃശ്യ അന്തരീക്ഷശക്തികളുടെ ആവേശവും ഉണ്ടാകും. ഇതെല്ലാം ഉണ്ടാകുന്നത് ദേവൻ്റെ ചൈതന്യലോപം കൊണ്ടാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബ്രഹ്മരക്ഷസ്സുകളും മറ്റു പ്രേതങ്ങളും ദുർമൂർത്തികളും ക്ഷേത്രത്തെ ബാധിച്ചിട്ടുണ്ടാകാം. ഈ വക മൂർത്തികൾ സാക്ഷാൽ പരമശിവനെയോ മഹാവിഷ്ണുവിനെയോ എങ്ങനെ ബാധിയ്ക്കുന്നുവെന്ന് ആശങ്കയുണ്ടാകാം. ക്ഷേത്രമെന്നത് പരമശിവചൈതന്യം വഹിയ്ക്കുന്ന കല്ലിലും മണ്ണിലും കൊത്തിയ ഒരു സാധകദേഹമെന്നറിഞ്ഞാൽ ഈ സംശയത്തിന് ഉത്തരം കിട്ടും.

പരമശിവൻ എല്ലാം നിയന്ത്രിയ്ക്കുന്നവനായതുകൊണ്ട് അതിനെ ഒരു പിശാചും ബാധിയ്ക്കുകയില്ല. പക്ഷെ സാധകനായ മനുഷ്യനെ ആ വക പ്രാണ, മനോതലങ്ങളിലെ ജീവനുള്ള ദേവതകൾ ബാധിയ്ക്കുകയും ഉപദ്രവിയ്ക്കുകയും ചെയ്തേക്കാം. അതിൻ്റെ ഫലമായി ദൃശ്യലോകത്തിൽ ദു:ഖവും രോഗവും അപകടങ്ങളും ആ സാധകന് വരാവുന്നതാണ്. സാധകചൈതന്യം പൂർണ്ണമാണെങ്കിൽ ഇവർക്ക് ഒന്നുംതന്നെ ചെയ്യാനാവുകയില്ല. പൂർണ്ണ ഓജസ്സുള്ള ദേഹത്തിൽ രോഗബീജങ്ങൾക്ക് ഒരു ഉപദ്രവും ചെയ്യാനാവില്ലല്ലൊ. നേരെമറിച്ച് ഓജസ്സ് ക്ഷയിയ്ക്കുമ്പോൾ ഇതേ രോഗബീജങ്ങൾ അവയുടെ പ്രവർത്തനം തുടങ്ങുകയും ചെയ്യും. ശരിയായ ചികിത്സ ചെയ്യുമ്പോൾ ആദ്യം രോഗബീജങ്ങളെ ഉന്മൂലനം ചെയ്തിട്ടാവണമല്ലോ ചൈതന്യവർദ്ധനവിനുള്ള യഥാർത്ഥ ചികിത്സ ആരംഭിക്കുവാൻ. അതുപോലെ ജീർണ്ണാവസ്ഥയിൽ ആണ്ടുപോയ ക്ഷേത്രത്തിൽ ഭൂതപ്രേതജന്യങ്ങളും മനുഷ്യജന്യങ്ങളുമായ അനേകം ഉപദ്രവങ്ങൾ ഉണ്ടായിരിയ്ക്കും.എന്നാൽ ഇവയിൽ എല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. അവയെ ഉച്ചാടനം ചെയ്തെങ്കിൽ മാത്രമേ ക്ഷേത്രോദ്ധാരണത്തിന് വേണ്ടിയുള്ള നാട്ടുകാരുടെ ശ്രമങ്ങൾ ഫലിയ്ക്കുകയുള്ളൂ. അതു ചെയ്തില്ലെങ്കിൽ ആ വക ശ്രമങ്ങൾ വിഫലമായി കലാശിയ്ക്കുമെന്ന് മാത്രമല്ല വിപരീത ഫലങ്ങളും കലഹങ്ങളും കൂടുതൽ നാശങ്ങളും ഉണ്ടാവുകയും ചെയ്യും.

അത്തരത്തിലുള്ള ജീർണ്ണക്ഷേത്രദേഹം ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നതിനുപകരം ഉപദ്രവമാണ് വരുത്തിവെയ്ക്കുക. ഈ വക കാര്യങ്ങളെ സമഗ്രമായി അപഗ്രഥനം ചെയ്തുപഠിച്ച് ഉചിതമായ പരിഹാരമാർഗ്ഗങ്ങളേയും ചൈതന്യവർദ്ധകങ്ങളായ ക്രിയാദി കളേയും കണ്ടുപിടിയ്ക്കുവാൻ നമുക്ക് ആശ്രയിക്കുവാനുള്ള ഒരേ ഒരു ശാസ്ത്രം, പ്രപഞ്ചത്തിൻ്റെ നിഗൂഢങ്ങളായ രഹസ്യങ്ങളുടെ ഉള്ളറകളിലേയ്ക്ക് ടോർച്ചടിച്ചു നോക്കുവാൻ നമ്മെ സഹായിയ്ക്കുന്ന ജ്യോതിശാസ്ത്രം മാത്രമേയുള്ളൂ. അതാണ് ദേവാലയനിർമ്മാണത്തിനും ദേവാലയപുനരുദ്ധാരണശ്രമങ്ങളിലും അഷ്ടമംഗല്യപ്രശ്നത്തിനുള്ള സ്ഥാനം. ഇങ്ങനെ ദേവാലയ സംബന്ധിയായ അഷ്ടമംഗല്യപ്രശ്നത്തെയാണ് ദേവപ്രശ്നമെന്ന് പറയുന്നത്. മേൽ പറഞ്ഞ എല്ലാ നിയമങ്ങളും ക്രിയകളും ആ പ്രശ്നത്തിൻ്റെ വിശദാംശങ്ങളാണ്. കേരളം ഈ മാർഗ്ഗത്തിൽ ഗവേഷണരീത്യാ വളരെയധികം മുന്നോട്ടുപോയിട്ടുണ്ടെന്ന് കൂടി ഇവടെ ഓർമ്മപ്പെടുത്തുന്നു.

പി. എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments