ഫിലാഡൽഫിയാ, യു.എസ്.എ.: സാമ്പത്തിക പരാധീനതയിലുള്ള സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽനിന്നും യു.എസ്.എ.യിലേക്കുള്ള അനധികൃത കുടിയേറ്റം 2020-ന് ശേഷം അനിയന്ത്രിതമായി വർദ്ധിച്ചതായി പി.ഇ.ഡബ്ല്യൂ. റിസേർച്ച് സെന്റർ വിജ്ഞാപനത്തിലും മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടുകളിലും അനുമാനത്തിലും അധികമായതായി വെളിപ്പെടുത്തുന്നു. മൊത്തമായി 34.94 കോടി ജനതയുള്ള അമേരിക്കയിൽ 4 കോടി 61 ലക്ഷത്തിലധികം കുടിയേറ്റക്കാർ ഉള്ളവരിൽ ഏകദേശം ഒരു കോടിയില്പരം ജനങ്ങൾ യാതൊരുവിധമായ രേഖകളും ഇല്ലാതെ അനധികൃതമായി കുടിയേറിയതായി 2022-ലെ അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു.
കടലും കരയുമായി 12,383 മൈലുകൾ (19,924.25 കിലോമീറ്റർ) സുദീർഘമായ അമേരിക്കൻ അതിർത്തിയിൽ കൂടി ഇരുളിന്റെ മറവിലും പകൽ വെളിച്ചത്തിലും അതിർത്തി സേനയെ കബളിപ്പിച്ച് അമേരിക്കയിൽ അശേഷം ശമനമില്ലാതെ എത്തിച്ചേർന്ന അനധികൃത കുടിയേറ്റക്കാരിൽ പലരും മാതൃരാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽപ്പെട്ടവരോ അമേരിക്കൻ സുഖാനുഭൂതിയോടുള്ള അമിതമായ ആവേശവും ആയിരിക്കാമെന്നു സാധാരണ ഗതിയിൽ ചിന്തിക്കുന്നു. അതിർത്തിയിൽ 20,000-ത്തിലധികം ബോർഡർ സെക്യൂരിറ്റി പേഴ്സണൽസ് ഉണ്ടെങ്കിലും നുഴഞ്ഞുകയറ്റം നിരുപാധികം തുടരുന്നതായി വിവിധ മാദ്ധ്യമങ്ങൾ പറയുന്നു.

നിയമാനുസരണമുള്ള ശമ്പളമോ പ്രതിഫലമോ ലഭിയ്ക്കുവാൻവേണ്ടി പരിഭവമോ പരാതിയോ ബോധിപ്പിയ്ക്കുവാൻ വേദി ഇല്ലാത്തതിനാൽ കഠിനാദ്ധ്വാനം ചെയ്യുന്ന അന്യദേശവാസികളായ അനധികൃത കുടിയേറ്റക്കാരുടെ നിശബ്ദ മുറവിളി ഇപ്പോഴും അശ്രദ്ധമായി അവഗണിക്കപ്പെടുന്നു.
പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ സ്റ്റേറ്റുകളിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ ഏതാനും വർഷങ്ങളായി 50 ശതമാനത്തിലധികം വർദ്ധിച്ചതായി ഫിലാഡൽഫിയ ഇൻക്വയറർ അടക്കമുള്ള മുഖ്യ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോർട്ട് ഓർഡർ മുഖേന അനധികൃതരുടെ നാടുകടത്തൽ തടയുവാനുള്ള ഉദ്യമവും പരാജയപ്പെടുന്നതായി ലീഡിംഗ് ലോ ഫേം പ്രസിഡന്റ് എമ്മാ ടുവോഹി വ്യസനസമേതം പറയുന്നു.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയതിനുശേഷം 40,000-ത്തിലധികം അനധികൃത കുടിയേറ്റക്കാർ കർശനമായ ശിക്ഷാനടപടികൾ ഭയന്ന് സ്വയമായി മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുകയും വൻജനാവലിയെ നിർബന്ധിതമായി നാടുകടത്തുകയും ചെയ്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ “അമേരിക്ക സുരക്ഷിത രാജ്യമായി നിലകൊള്ളുവാൻ അനധികൃതരുടെ ഇമിഗ്രേഷൻ അവസാനിപ്പിക്കുക” എന്ന പ്രഖ്യാപനത്തെ അംഗീകരിക്കാതെ എത്തിച്ചേരുന്നവരെ കഠിന ശിക്ഷയായി തടങ്കൽ താവളത്തിലെ ദുരിതത്തിലേയ്ക്ക് അയയ്ക്കുന്നതുമൂലം അനധികൃത കുടിയേറ്റം കുറഞ്ഞിട്ടുണ്ട്. അനധികൃതമായി എത്തിച്ചേരുന്ന വിദേശികൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായ ധാരണയോ തെറ്റിദ്ധാരണയോ സ്ഥിരവാസികളായ ചില അമേരിക്കൻ ജനതയിൽ ഉള്ളതായി പറയപ്പെടുന്നു.
മാതൃരാജ്യങ്ങളിൽ അസഹ്യമായ പീഡനങ്ങൾ വേദനയോടെ സഹിയ്ക്കുകയാണെന്നും കൊടും പട്ടിണിമൂലം നിരന്തരം അസുഖങ്ങൾ ഉണ്ടാകുന്നതായും ഉള്ള സത്യവും അസത്യവുമായ കഥകൾ പറഞ്ഞ് അസൈലം അഥവാ രക്ഷാകേന്ദ്രമായി അമേരിക്കയിൽ എത്തിച്ചേരുന്നവർ അനേകരായി.
വിവിധ അമേരിക്കൻ എയർപോർട്ടുകളിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഓഫീസേഴ്സ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമാനുസരണം ജയിലുകളിലേക്ക് അയയ്ക്കുവാനുള്ള നടപടിക്രമങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിലും വർദ്ധിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ടിൽ പറയുന്നു.
മാതൃരാജ്യത്തോടുള്ള വിട ചൊല്ലി നവാഗതനായി ഏതു രാജ്യത്ത് എത്തിയാലും തുടക്കത്തിൽ അനുഭവിയ്ക്കുന്ന യാതനകൾ വിഭാവനയിലൂടെയെങ്കിലും വീക്ഷിക്കുന്നത് ഉത്തമമായിരിക്കും.



