ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് യുഎഇ. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കാളികളാവില്ലെന്ന് യുഎഇ വ്യക്തമാക്കി. തങ്ങളുടെ സൈനിക താവളങ്ങൾ ഇറാനെ ആക്രമിക്കാനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും യുഎഇ അറിയിച്ചു.
ജനീവയിലെ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള യുഎഇയുടെ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷറഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ഒരു തരത്തിലുള്ള ആക്രമണവും അനുവദിക്കില്ലെന്ന് യുഎഇ നേരത്തെയും വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സംഘർഷങ്ങളിൽ ഭാഗമാകാൻ രാജ്യം ആഗ്രഹിക്കുന്നില്ല. അമേരിക്കയും ഇസ്റാഈലും ഒരു വശത്തും ഇറാൻ മറുവശത്തുമായി നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ചർച്ചകളിലേക്ക് മടങ്ങണമെന്നും യുഎഇ ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കുക എന്നത് മാത്രമാണ് യുഎഇയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



