Sunday, October 18, 2026
Homeഅമേരിക്കബഹ്‌റൈനിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് പുതിയ നിയമം

ബഹ്‌റൈനിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് പുതിയ നിയമം

ബഹ്‌റൈന്റെ വ്യോമപാതയ്ക്ക് തടസ്സമാകുന്ന തരത്തിലോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലോ ഡ്രോണുകൾ ദുരുപയോഗം ചെയ്താൽ കർശന ശിക്ഷ ഉറപ്പാക്കുന്ന സിവിൽ ഏവിയേഷൻ നിയമഭേദഗതിക്കൊരുങ്ങി ബഹ്റൈൻ.

ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവ് പുറപ്പെടുവിച്ച ഓർഡിനൻസ് വരാനിരിക്കുന്ന ശൂറ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. പൊതുസുരക്ഷ, ദേശീയ സുരക്ഷ, വ്യക്തികളുടെ സ്വകാര്യത എന്നിവ മുൻനിർത്തിയാണ് ഡ്രോൺ ഉപയോഗത്തിന് സമഗ്രമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്

സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ, എണ്ണനിലയങ്ങൾ, പ്രധാന അടിസ്ഥാന സൗകര്യങ്ങൾ, വിഐപി വാഹനവ്യൂഹങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഡ്രോണുകൾ ഉപയോഗിക്കുകയോ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. ഇത്തരം ആക്രമണങ്ങൾ മൂലം ജീവഹാനി സംഭവിച്ചാൽ പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാൻ കോടതികൾക്ക് പുതിയ നിയമപ്രകാരം അധികാരമുണ്ടാകും.

ഡ്രോൺ ഹാക്കിങ്, വ്യോമപാതയ്ക്ക് ഭീഷണി സൃഷ്ടിക്കൽ, ഡ്രോണുകളിൽ ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ ഘടിപ്പിക്കൽ, അനുമതിയില്ലാതെ സിഗ്നൽ ജാമറുകൾ ഉപയോഗിക്കൽ, വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷം വരെ തടവാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, സൈനിക നീക്കങ്ങൾ, നിരോധിത മേഖലകൾ, ഔദ്യോഗിക ചടങ്ങുകൾ എന്നിവ അനുമതിയില്ലാതെ ചിത്രീകരിക്കുകയോ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുകയോ ചെയ്താൽ അഞ്ചു വർഷം വരെ തടവും 2,000 മുതൽ 5,000 ബഹ്റൈൻ ദിനാർ വരെ പിഴയും ഒടുക്കേണ്ടി വരും.

ആവശ്യമായ ലൈസൻസില്ലാതെ ഡ്രോൺ പറത്തുക, നിർമ്മിക്കുക, ഇറക്കുമതി ചെയ്യുക, കൈവശം വയ്ക്കുക, പരിപാലിക്കുക, ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തടവുശിക്ഷയോ 3,000 ദിനാർ വരെ പിഴയോ ലഭിക്കാം. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുക്കാനും കോടതിക്ക് അധികാരമുണ്ടാകും.

പുതിയ ഭേദഗതി പ്രകാരം ഡ്രോണുകൾ വിൽക്കുന്നതിനും വാടകയ്ക്ക് നൽകുന്നതിനും ക്യാമറകൾ ഘടിപ്പിക്കുന്നതിനും ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനു പുറമെ, സിവിൽ ഏവിയേഷൻ നിയന്ത്രണ സംവിധാനം പുനഃസംഘടിപ്പിച്ച് സ്വതന്ത്ര ഭരണനിർവഹണ അധികാരമുള്ള സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കാനും, വ്യോമയാന അപകടങ്ങൾ അന്വേഷിക്കുന്നതിനായി മന്ത്രിസഭയ്ക്ക് കീഴിൽ പ്രത്യേക അന്വേഷണ ഓഫീസ് രൂപീകരിക്കാനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ