കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. രണ്ടാംപ്രതി അമ്മു എന്ന ശരണ്യയെയും നാലാംപ്രതി ജിതിനെയുമാണ് പൊലീസ് പിടികൂടിയത്. രണ്ടുപ്രതികളെയും വയനാട്ടിലെ പുൽപ്പള്ളിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചയോടെ പ്രതികളെ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിക്കും.
പത്തടിപ്പാലത്തെ സ്പായിൽ ജോലി വാഗ്ദാനംചെയ്താണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. കേസിൽ ഒന്നാംപ്രതി ശ്രീരാജ്, മൂന്നാംപ്രതി ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ശരണ്യയും ജിതിനും ഒളിവിൽപോയത്. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ തെരച്ചിലിലാണ് ഒളിവിൽകഴിയുകയായിരുന്ന രണ്ടുപേരെയും വയനാട്ടിൽനിന്ന് പിടികൂടിയത്. ഇതോടെ കേസിലെ നാലുപ്രതികളും പിടിയിലായി.
ഒക്ടോബർ രണ്ടാം തീയതിയാണ് യുവതിയെ സ്പായിലേക്ക് വിളിച്ചുവരുത്തി പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. പത്തടിപ്പാലത്തെ സ്പായിൽ മാനേജരായി ജോലി അവസരമുണ്ടെന്ന് പ്രതികൾ ഓൺലൈനിൽ പരസ്യംചെയ്തിരുന്നു. ഈ ജോലിക്കായി യുവതിയും അപേക്ഷിച്ചു. രണ്ടാംതീയതി യുവതി നേരിട്ട് അഭിമുഖത്തിനെത്തി. അതേദിവസം വൈകുന്നേരം തന്നെ ജോലി ലഭിച്ചെന്നും വൈകിട്ട് പാർട്ടിയുണ്ടെന്നും പറഞ്ഞ് പ്രതികൾ യുവതിയെ വീണ്ടും വിളിച്ചുവരുത്തി. സ്പായിൽ ശരണ്യയടക്കം ഉണ്ടെന്ന ധൈര്യത്തിലാണ് യുവതി വൈകിട്ട് വീണ്ടുംപോയത്. യുവതിയുടെ ഭർത്താവ് കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറാണ്. ഇദ്ദേഹം ടാക്സി ഓടാൻ പോയെന്ന് ഉറപ്പുവരുത്തിയശേഷമാണ് പ്രതികൾ യുവതിയെ വിളിച്ചുവരുത്തിയത്. എന്നാൽ, സ്പായിലെത്തിയ യുവതിയെ പ്രതികൾ അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
ഐസ്ക്രീമിലടക്കം ലഹരി കലർത്തിനൽകി യുവതിയെ കൂട്ടബലാത്സംഗംചെയ്തെന്നാണ് പരാതി. രണ്ടാംപ്രതിയായ ശരണ്യയാണ് യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്നും പറയുന്നു. ഒരുദിവസം മുഴുവൻ മുറിയിൽ പൂട്ടിയിട്ടായിരുന്നു പീഡനം. ശരണ്യ യുവതിയെ പീഡിപ്പിക്കുമ്പോൾ മറ്റുപ്രതികൾ പുറത്ത് കാവൽ നിൽക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം പിറ്റേദിവസമാണ് യുവതിക്ക് പുറത്തുകടക്കാനായത്. തുടർന്ന് യുവതി ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കേസിലെ ഒന്നാംപ്രതി ശ്രീരാജ് നേരത്തേയും കൊച്ചിയിൽ സ്പാ നടത്തിയിരുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. സ്പായുടെ മറവിൽ ഇയാൾ മുൻപും ഒട്ടേറെ പെൺകുട്ടികളെ ചൂഷണം ചെയ്തതായും വിവരമുണ്ട്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിക്രമത്തിനിരയായ യുവതി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടാൽ എസിപിയുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴിയെടുക്കും. പ്രതികളുടെ തിരിച്ചറിയൽ പരേഡും നടത്തും.



