കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സർവകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാൽ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സർക്കുലറിലെ മുന്നറിയിപ്പ്. മൂന്ന് വർഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സർവകലാശാലയുടെ സർക്കുലർ. സർവകലാശാലയുടെ സർക്കുലർ ഭീഷണിപ്പെടുത്താനുള്ള നീക്കമെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതേസമയം, പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ സർവകലാശാലയിൽ എത്തിയാൽ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചു
കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം. ആർഎസ്എസ് ആശയ ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് എൻ എസ് യു ഐയും എംഎസ്എഫും ക്യാമ്പസ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമമാണ് നടക്കുന്നതെന്നും, പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ നന്ദകുമാർ പരിപാടിയിൽ പങ്കെടുത്താൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ പ്രതികരിച്ചു



