Monday, October 5, 2026
Homeഇന്ത്യപ്രചോദനമായത് 'ദൃശ്യം 3' : 2,000 കിലോമീറ്റർ സഞ്ചരിച്ച് അച്ഛനെ വെട്ടിക്കൊന്നു; വില്ലനായത് ഒരൊറ്റ ഫോൺ...

പ്രചോദനമായത് ‘ദൃശ്യം 3’ : 2,000 കിലോമീറ്റർ സഞ്ചരിച്ച് അച്ഛനെ വെട്ടിക്കൊന്നു; വില്ലനായത് ഒരൊറ്റ ഫോൺ കോൾ, മകൻ അറസ്റ്റിൽ.

പട്ന: തിയേറ്ററിൽ പോയി ‘ദൃശ്യം 3’ കണ്ടതിന് പിന്നാലെ സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ച്, പോലീസിന് ഒരു തെളിവും ബാക്കിവെക്കാതെ നടത്തിയ അച്ഛന്റെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ.

ഗുജറാത്തിലെ സൂറത്തിൽ നിന്ന് 2,000 കിലോമീറ്ററോളം സഞ്ചരിച്ചെത്തി ഉറങ്ങിക്കിടന്ന അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന സമസ്ത‌ിപൂർ സ്വദേശിയായ ശിവശങ്കർ സാഹ്നി (30) ആണ് പോലീസ് പിടിയിലായത്. അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്ത‌ത്‌. ജൂലൈ 26-ന് നടന്ന സംഭവത്തിൽ ഒക്ടോബർ ഒന്നിനാണ് സൂറത്തിൽ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌ത്.

സമസ്തിപൂരിലെ ദർവ ഗ്രാമത്തിൽ വീടിന് പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന കർഷകനായ രഘുവീർ സാഹ്നിയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് നാല് തവണ രൂക്ഷമായി കോടാലി കൊണ്ട് വെട്ടേറ്റാണ് ഇയാൾ മരിച്ചത്. കൃത്യത്തിന് ഉപയോഗിച്ച കോടാലി വീടിനുള്ളിൽ നിന്ന് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. കുടുംബവുമായി അടുത്ത ബന്ധമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് മകനിലേക്ക് എത്തിയത്.

കൊലപാതകത്തിന് മുൻപായി പ്രതി തൻ്റെ മൊബൈൽ ഫോൺ സൂറത്തിൽ വെച്ച് തന്നെ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തൻ്റെ ഫോൺ ലൊക്കേഷൻ സൂറത്തിലാണെന്ന് പോലീസ് വിശ്വസിക്കുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. ട്രെയിൻ മാർഗം പട്‌നയിലെത്തിയ പ്രതി, അവിടെ നിന്ന് ഹാജിപൂർ വഴി പഠോരിയിലെത്തി. തുടർന്ന് പ്രധാന റോഡ് ഒഴിവാക്കി പാടങ്ങളിലൂടെ നാല് കിലോമീറ്ററോളം നടന്ന് അർദ്ധരാത്രിയോടെ സ്വന്തം വീട്ടിലെത്തി. വീടിന്റെ പിൻവാതിലിലൂടെ അകത്തുകയറി അവിടെയുണ്ടായിരുന്ന കോടാലിയെടുത്ത് പുറത്ത് ഉറങ്ങിക്കിടന്ന അച്ഛനെ വെട്ടിക്കൊല്ലുകയായിരുന്നു.

കൃത്യത്തിന് ശേഷം അന്നുതന്നെ ട്രെയിൻ മാർഗം സൂറത്തിലേക്ക് മടങ്ങിയ പ്രതി, യാത്രയ്ക്കിടെ ഫോൺ ഓൺ ചെയ്ത് ഭാര്യയെ വിളിച്ചു സംസാരിച്ചു. ഈ ഒറ്റ ഫോൺ കോളാണ് പ്രതിയുടെ തിടുക്കത്തിലുള്ള പ്ലാൻ പൊളിച്ചത്. കോൾ ഡിറ്റെയിൽസ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്ന രാത്രി പഠോരിയിലെ മൊബൈൽ ടവറിന് കീഴിലാണ് പ്രതിയുടെ ഫോൺ ലൊക്കേഷൻ കാണിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ഫോൺ വീണ്ടും സ്വിച്ച് ഓഫാവുകയും 36 മണിക്കൂറുകൾക്ക് ശേഷം സൂറത്തിൽ വെച്ച് വീണ്ടും ഓണാകുകയും ചെയ്തു. അച്ഛന്റെ ശവസംസ്‌കാര ചടങ്ങുകൾക്ക് പ്രതി വരാതിരുന്നതും പോലീസിൻ്റെ സംശയം വർദ്ധിപ്പിച്ചു.

കുടുംബപ്രശ്നങ്ങളും അച്ഛനുമായുള്ള നിരന്തര തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കൂടാതെ, കുടുംബസ്വത്തിലെ ചില ഭൂമി വിൽക്കാൻ ശിവശങ്കർ ആഗ്രഹിച്ചിരുന്നെങ്കിലും അച്ഛൻ ഇതിന് തടസ്സം നിന്നതും വൈരാഗ്യത്തിന് കാരണമായി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ