കോഴിക്കോട്: കഴിഞ്ഞ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആന ചവിട്ടി മെതിച്ചത് പോലെയായിരുന്നു ഭരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐഎം നാഷണല്‍ പാര്‍ട്ടിയാണെന്ന് പറയുന്നത് ന്റുപ്പാപ്പാക്ക് ഒരാനയുണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാണ്. തങ്ങള്‍ കയറി ചെന്നപ്പോള്‍ ഒന്നും ഉണ്ടായില്ലെന്നും കിഫ്ബി ഉണ്ടാക്കിയ കടം ജന്മത്തില് തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ നാടിനെ കടക്കെണിയിലാക്കിയെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയുടെ ഭാരം കേരളത്തിലെ ജനങ്ങളുടെ തലയിലാണ് വന്നിരിക്കുന്നത്. ഒരൊറ്റ പ്രൊജക്ടും വരുമാനം ഉള്ളതുമല്ല. കാട്ടാന മുളങ്കാട്ടില്‍ കയറിയത് പോലെയാണ് കടമെടുത്തത്.
മറ്റെന്തൊക്കെ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ട്. മിഷന് സമുദ്ര പോലെ വരുമാനദായകമായ മാര്‍ഗങ്ങളാണ് യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു.
പിണറായിക്കെതിരെ കേസെടുക്കാനുള്ള ഇ ഡി നീക്കത്തിലും അദ്ദേഹം പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോവുക എന്നതാണ് സര്‍ക്കാര്‍ സമീപനം. വിവിധ വശങ്ങള് ആലോചിക്കാനുണ്ട്. അതിന്റെ മെറിറ്റ് അനുസരിച്ച് നടപടിയുണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സോണിയ ഗാന്ധിക്ക് എതിരായ ഇ ഡി അന്വേഷണത്തെ ഇതുമായി താരതമ്യം ചെയ്യേണ്ടതില്ല. രണ്ടും രണ്ട് തരത്തിലുള്ള കേസുകളാണെന്നും അദ്ദേഹം പറഞ്ഞു.



