തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ വിമര്‍ശനം കടുപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ ഉന്നം വെച്ച് ഇഡി എന്ത് വൃത്തികേടും ചെയ്യുന്നു എന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കുകയാണ് ഇ ഡിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. അതിന്റെ ഭാഗമായാണ് കേസുകള്‍ ഉണ്ടാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം വെക്കലിനായി എന്തെല്ലാം വേണം അതെല്ലാം പിന്നീട് ഉണ്ടാകും. ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി ഓരോ കാര്യങ്ങള്‍ ഉണ്ടാക്കുന്നു. കരിവന്നൂര്‍ ബാങ്ക് ആണ് അതില്‍ ഏറ്റവും പ്രധാന ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളിയെ കണ്ടെത്തി മാപ്പ് സാക്ഷിയാക്കി. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരെ പ്രതിയാക്കി. എ സി മൊയ്തീന്‍, എം എം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരെ പ്രതിയാക്കിയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഏറ്റവും ഒടുവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയാണ് പ്രതിയെന്നും ആരാണോ സിപിഐഎം ജില്ലാ സെക്രട്ടറി അവരാണ് പ്രതി എന്ന നിലയിലായെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.
പാര്‍ട്ടിയെ പ്രതിയാക്കുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. ഇഡി എന്തോ വലിയ കേന്ദ്ര ഏജന്‍സിയായാണ് നമ്മള്‍ നോക്കിക്കാണുന്നത്. 1956 ല്‍ രൂപീകരണ സംവിധാനമാണ് ഇഡി. അന്ന് ഇഡിക്ക് വലിയ ശക്തി ഉണ്ടായിരുന്നില്ലെന്നും യുപിഎ ഗവണ്‍മെന്റ് ആണ് ഇഡിക്ക് ശക്തി പകര്‍ന്നതെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു. തമിഴ്‌നാട്ടുകാരനായ ചിദംബരമാണ് ഇ ഡിയെ സപ്പോര്‍ട്ട് ചെയ്തതും പിന്നീട് അദ്ദേഹം തന്നെയാണ് അകത്തായതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇ ഡിക്ക് എഫ്‌ഐആര്‍ ഇടാനും ആരെയും പിടികൂടാന്‍ ആകും എന്ന വാദം സുപ്രീംകോടതിയില്‍ നില്‍ക്കുകയാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
ഏഷ്യാനെറ്റിനെതിരെ എം വി ഗോവിന്ദന്‍ വിമര്‍ശനമുയര്‍ത്തി. ഒരു മാധ്യമപ്രവര്‍ത്തകന്‍ ചാനലില്‍ പറഞ്ഞു കേരളത്തിന് പുറത്തുള്ള മന്ത്രിമാര്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നവരാണ് എന്ന്. മുഖ്യമന്ത്രിയെ കരുവാക്കി മകള്‍ നേടിയത് മൂന്നു കോടി രൂപ എന്നാണ് പറഞ്ഞത്. മൂന്ന് കോടി ചെറിയൊരു തുകയല്ലേ എന്നും ചാനലിൽ പറഞ്ഞു. അതിനുശേഷം ഇന്ന് പത്രത്തില്‍ വരുന്നു വാങ്ങിയത് മൂന്ന് കോടി അല്ല 20 കോടിയാണ് എന്ന്. നിങ്ങള്‍ എഴുതി ഉണ്ടാക്കിയതല്ല പിണറായി വിജയനെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഓര്‍മപ്പെടുത്തല്‍. മാധ്യമങ്ങള്‍ എഴുതി ഉണ്ടാക്കിയതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പേരില്‍ കേസുകള്‍ ഉണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് എതിരെ ഇനി കേസെടുത്തിട്ട് കാര്യമില്ല. ഇപ്പോള്‍ സാമ്പത്തികകുറ്റം, ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും കേസുകള്‍ ചാര്‍ജ് ചെയ്യുകയാണ്. സംഘപരിവാറിന്റെ അജണ്ടയാണ് പിണറായി വിജയനെയും കുടുംബത്തെയും തകര്‍ക്കുക എന്നതെന്നും ഇപ്പോള്‍ റിയാസിനെയും കൂട്ടത്തില്‍ കൂട്ടുന്നു എന്നും അദ്ദേഹം ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ ഇതുവരെയും ഒരു ഇഡിയും വന്നിട്ടില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദന്‍ ശാരദ ചിട്ടി ഫണ്ട് പ്രതികള്‍ നേരെ ബിജെപിയിലേക്ക് ചാടിയെന്നും പിന്നീട് ഒരു കേസും ഉണ്ടായില്ലെന്നും ആരോപിച്ചു. പാര്‍ട്ടിക്കെതിരായ ശക്തമായ കടന്നാക്രമമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഓലപ്പാമ്പിനെ കാണിച്ച് സിപിഐഎമ്മിനെ ഭയപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിജീവിച്ചു വന്ന പാര്‍ട്ടിയാണ് സിപിഎം എന്നും എം വി ഗോവിന്ദന്‍ ഓര്‍മപ്പെടുത്തി.



