വിശ്വാസ ജീവിതം (റോമ.10: 9 – 13)
“യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റു പറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേല്പിച്ചു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും” (വാ. 9).
ക്രിസ്തീയ ജീവതം വിശ്വാസാധിഷ്ഠിത ജീവിതമാണ്. വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ കർത്താവും രക്ഷാതാവും ആയി സ്വീകരിക്കുന്നു. അപ്പോൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളും ദൈവത്തിലുള്ള അഗാധമായ വിശ്വാസത്തിനും ആശ്രയത്തിനും വിധേയമാകുന്നു. അതോടെ കാഴ്ചയാലുള്ള ജീവിതം, വാശ്വാസത്താലുള്ള ജീവിതത്തിന് വഴിമാറുന്നു (2 കോരി.5:7). മാനുഷീക ദൃഷ്ടിയിൽ നിസ്സാരമെന്ന് തോന്നുമെങ്കിലും, ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ വിശ്വാസം കൊണ്ടുവരുന്ന സാദ്ധ്യതകൾ വളരെ വലുതാണ്! ലോകത്തിൽ ജീവിക്കുമ്പോൾത്തന്നെ, അഭൗമീകവും,നിത്യവുമായ തലത്തിലേക്ക് നമ്മെ നയിക്കുവാൻ വിശ്വാസം വഴി ഒരുക്കുന്നു.
വിശ്വാസ ജീവിതം ദൈവസന്നിധിയിൽ അർപ്പിക്കപ്പെടുന്ന യാഗമാണ്. ദൈവം നൽ
കിയ നന്മകൾക്കായി, നന്ദി സൂചകമായി,ദൈവസന്നിധിയിൽ നമ്മെത്തന്നെ യാഗമായി അർപ്പിക്കുകയാണ് നാം ചെയ്യുന്നത്. യാഗത്തിൽ, യാഗമൃഗത്തിന്റെ ജീവൻ ആണ് അർപ്പിക്കപ്പെടുന്നതെങ്കിൽ, ദൈവത്തെ ആരധിക്കുന്നവർ, സ്വന്ത ജീവിതമാണ് ദൈവസന്നിധിയിൽ അർപ്പിക്കുന്നത്. ദൈവത്തോടു നാം ചെയ്യുന്ന ഒരു ഉടമ്പടി കൂടിയാണ് വിശ്വാസം. വിശ്വാസത്താൽ, ഹാബേൽ ദൈവത്തിനു ഉത്തമമായ യാഗം കഴിച്ചു എന്നാണ് ദൈവ വചനം പറയുന്നത് (എബ്രാ.11:4). നമ്മുടെ വിശ്വാസ ജീവിതവും ദൈവ സന്നിധിയിൽ ഉത്തമമായ യാഗമായി മാറണം? “ജീവനും വിശു
വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗം” (റോമ. 12:1).
ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതമാണ്, ദൈവം തന്റെ മക്കളിൽ നിന്നും ആഗ്രഹിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുവാൻ നാം നന്മ ചെയ്യണം. ” നന്മ
ചെയ്യുന്നവന് യഹോവയുടെ പ്രസാദം ലഭിക്കുന്നു”(ഉല്പ. 4:7) എന്നാണ് ദൈവ വചനം പറയുന്നത്. വിശ്വാസത്താൽ ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു എന്നും ദൈവ വചനം പറയുന്നു (എബ്രാ. 11:5). നമുക്കും അതിന് സാധിക്കണം? അപ്പോൾ നമ്മുടെ ജീവിതം ധന്യമാകും. വിശ്വാസ ജീവിതം വില കൊടുക്കേണ്ട ജീവിതമാണ്. “ഒരാൾ എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയൾ തന്നത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്ത് എനെ അനുഗമിക്കട്ടെ”(മർക്കൊ. 8:34) എന്നാണ് നമ്മുടെ കർത്താവ് അരുളിച്ചെയ്തിട്ടുള്ളത്. അതിനു നമുക്കു സന്നദ്ധരാകാം.
വിശ്വാസത്താൽ ജീവിക്കുന്നവരായി നമുക്ക് രൂപാന്തരപ്പെടാം? ദൈവം സഹായിക്കട്ടെ…
ചിന്തയ്ക്ക്: വിശ്വാസ ജീവിതത്തിന്റെ വില കൊടുക്കാൻ സന്നദ്ധതയുള്ളവർക്ക്
മാത്രമേ, വിശ്വാസ ജീവിതം നയിക്കാൻ ആകൂ!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര



