ആഗസ്റ്റ് 15 — ഓരോ ഭാരതീയന്റെയും മനസ്സിൽ ദേശസ്നേഹത്തിന്റെ അഗ്നിജ്വാലകൾ പടർത്തുന്ന ദിനം. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിന്റെയും അടിമത്തത്തിന്റെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ച്, സ്വന്തം മണ്ണിൽ സ്വതന്ത്രരായി ജീവിക്കാൻ നാം പഠിച്ചതിന്റെ ഓർമ്മ പുതുക്കൽ.
ത്യാഗത്തിന്റെയും ചോരയുടെയും കണ്ണീരിന്റെയും വലിയൊരു ചരിത്രം പറയാനുണ്ട് ഈ ദിനത്തിന്.
സമരജ്വാലകളുടെ ചരിത്രവഴികൾ
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ തുടങ്ങി, പ്ലാസ്സി യുദ്ധവും ജാലിയൻവാലാബാഗ് കൂട്ടക്കൊലയും കടന്ന് വളർന്ന വിപ്ലവവീര്യം. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച അഹിംസയും സത്യഗ്രഹവും, സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിംഗിന്റെയും വിപ്ലവവീര്യവും, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭഭായ് പട്ടേൽ തുടങ്ങിയ ജനനായകന്മാരുടെ ദീർഘവീക്ഷണവും ഒത്തുചേർന്നപ്പോഴാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സൂര്യൻ അസ്തമിച്ചത്.
1947 ആഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ, നെഹ്റു തന്റെ പ്രശസ്തമായ “വിധിനിയോഗവുമായുള്ള കൂടിക്കാഴ്ച” (Tryst with Destiny) പ്രസംഗത്തിലൂടെ പ്രഖ്യാപിച്ച ആ സ്വാതന്ത്ര്യം വെറുമൊരു അധികാര കൈമാറ്റമായിരുന്നില്ല; മറിച്ച് കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു.
സ്വാതന്ത്ര്യം എന്നാൽ എന്താണ്?
ഒരു രാജ്യം ഭൂപടത്തിൽ സ്വതന്ത്രമാകുന്നതും, ഭരണഘടനയനുസരിച്ച് ജനങ്ങൾ ജീവിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ബാഹ്യരൂപം മാത്രമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യം അളക്കപ്പെടുന്നത് അവിടുത്തെ അവസാനത്തെ പൗരന്റെയും ജീവിതസാഹചര്യങ്ങൾ വച്ചാണ്.
നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങൾക്കിടയിലും ചില ചിന്തകളും ചോദ്യങ്ങളും നമ്മെ അസ്വസ്ഥരാക്കേണ്ടതുണ്ട്. ആ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന ചില ചിന്തകൾ ..
“എന്തിനാണ് എല്ലാവരും ഈ കൊടിയും പിടിച്ച് നടക്കുന്നത് എന്ന് എനിക്കറിയില്ല…
സ്വാതന്ത്ര്യദിനമാണെന്ന് പറയുന്നു. സ്വാതന്ത്ര്യം എന്താണെന്ന് എനിക്കറിഞ്ഞുകൂടാ… ഒന്നെനിക്കറിയാം, ഈ കൊടി വിറ്റാൽ എനിക്ക് ഇന്ന് ആഹാരം കഴിക്കാൻ പറ്റും…”
സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നമ്മുടെ നഗരഹൃദയങ്ങളിൽ, സ്കൂളിന്റെ പടി കടക്കാതെ, വിശപ്പടക്കാൻ മാത്രം ഈ ത്രിവർണ്ണ പതാകയും പേറി നടക്കുന്ന എത്രയോ കുരുന്നു ജീവനുകളെ നാം കാണുന്നു! സ്വാതന്ത്ര്യം എന്തെന്നറിയാത്ത ലക്ഷക്കണക്കിന് ഭാരതീയർക്ക് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ലഭിക്കും?
മതത്തിന്റെയും ജാതിയുടെയും പേരിൽ സ്വന്തം മാനം കാക്കാൻ പറ്റാതെ നിലവിളിക്കുന്ന സഹോദരി സഹോദരന്മാർ, അദ്ധ്വാനിച്ചുണ്ടാക്കിയ കൂരയിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റാതെ തെരുവിൽ അലയുന്നവർ…
ഇന്നും നിലനിൽക്കുന്ന ഈ കയ്പേറിയ സത്യങ്ങൾ നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.
ആ പാവപ്പെട്ട മനുഷ്യർക്ക് വിദ്യാഭ്യാസം, വസ്ത്രം, കേറിക്കിടക്കാൻ ഒരു പാർപ്പിടം… തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ലഭിക്കുന്ന ദിനമായിരിക്കട്ടെ നമ്മുടെ യഥാർത്ഥ സ്വാതന്ത്ര്യം.
ഭരണഘടനയനുസരിച്ച് സ്വാതന്ത്ര്യം ലഭിച്ച്, അതിൻ്റെ മൂല്യങ്ങൾ നെഞ്ചിലേറ്റി ഈ ദിനം ആഘോഷിക്കുന്ന ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!
ഐ ലവ് മൈ ഇന്ത്യ!
സ്നേഹാദരങ്ങളോടെ..
സിജു ജേക്കബ്, ഓസ്ട്രേലിയ
(എഴുത്തുകാരൻ/സഞ്ചാരി)
പ്രതീക്ഷകളുടെ നാളേക്ക് വേണ്ടി
ദേശീയ പതാക ഉയർത്തുമ്പോഴും വന്ദേമാതരവും ജനഗണ മനയും മുഴങ്ങുമ്പോഴും, വിശപ്പില്ലാത്ത, ഭയമില്ലാത്ത, സമത്വമുള്ള ഒരു ഭാരതത്തിന് വേണ്ടി കൈകോർക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. മാറ്റങ്ങൾ തുടരുന്നത് നമ്മളിലൂടെയാണ്.
ജയ് ഹിന്ദ്!



