Friday, July 24, 2026
Homeഅമേരിക്ക' നൊമ്പരം' (കഥ) ✍സിസ്റ്റർ ഉഷാ ജോർജ്

‘ നൊമ്പരം’ (കഥ) ✍സിസ്റ്റർ ഉഷാ ജോർജ്

ഇറ്റലിയിലെ മനോഹരമായ ഒരു പട്ടണമാണ് ഫെർമോ. ആ നഗരത്തിലേ അതിസുന്ദരമായ കത്തീഡ്രൽ പള്ളിയുടെ ചാരുതയാർന്ന പരിസരത്തിലൂടെ നടക്കുമ്പോൾ വസന്തത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഇളം ചൂടും ഇളം തണുപ്പും മധുരമായ നിമിഷങ്ങൾ നൽകി അവളെ അനുഗ്രഹിച്ചു.

അവൾ നടന്നു റോമാ സാമ്രാജ്യത്തിന്റെ കൊളോണിയൽ കാലഘട്ടത്തിന്റെ പ്രൗഢി വിളിച്ചോതുന്ന അതിസുന്ദരമായ ബെഞ്ചിലിരുന്നു, മരങ്ങളെ നോക്കി പുഞ്ചിരിച്ചു.മരത്തിന്റെ സുഗന്ധം അവളുടെ ദൃഷ്ടി ആ വൃക്ഷങ്ങളിൽ നിന്ന് മാറ്റി ആകാശത്തിലേക്ക് ഉയർത്തി. ആകാശത്തിന്റെ ഇളം വർണ്ണങ്ങൾ അവളെ ഒരു മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

പെട്ടെന്ന് അവൾ എഴുന്നേറ്റ് കത്തീഡ്രൽ ദേവാലയത്തിന്റെ പരിസരത്തെ ഭംഗിയുള്ള മതിലിനോട് നടന്നടുത്തു. അവിടെ നിന്ന് നോക്കിയാൽ പ്രതാപികളായ ഫെർമോ നിവാസികളുടെ വീടുകളുടെ മേൽക്കൂരകൾ മാത്രം കാണാൻ സാധിക്കും. എന്നാൽ മറുവശത്ത് അതിനേക്കാൾ മനോഹരിയായ അനന്തതയിൽ ശാന്തശീലമായി ഒഴുകുന്ന കടലിനെ കാണാൻ കഴിയും. വൃക്ഷങ്ങളുടെ സുഗന്ധവും ആകാശത്തിന്റെ ആകർഷണ വും കടലിന്റെ ഓളങ്ങളും അവളിൽ മധുര സ്നേഹ തരംഗിണിയായി മാറി. ആ നിമിഷം അവളും ഒരു സ്നേഹപ്രവാഹമായി.

അവൾ അവളുടെ എല്ലാമായ ദൈവത്തോട് പറഞ്ഞു : പിതാമഹാ അങ്ങ് എനിക്കെന്നും മഹാരാജാവാണ്.എന്റെ ആഗ്രഹങ്ങൾക്ക് എതിര് പറയാത്ത മഹാമനസ്കനായ രാജാവ് . അങ്ങേയ്ക്ക് കാരുണ്യവും ആർദ്രതയും സ്നേഹവും മാത്രം മതി എന്നെനിക്കറിയാം ഈ ഗുണങ്ങൾ മറ്റുള്ളവർക്ക് നൽകുന്നതിലാണ് അങ്ങയുടെ സന്തോഷവും എന്നറിയാം. അതുകൊണ്ട് ഈ മനോഹര വശ്യനിമിഷത്തിൽ ഞാൻ എന്റെ ദേവനെ ഒന്ന് കൺകുളിർക്കെ കണ്ടോട്ടെ.

അവളുടെ ഹൃദയത്തിൽ മൃദുവായി രാജാധിരാജൻ സമ്മതം മൂളി . കാരണം കുന്നോളം നിരാശയും പേറിയാണ് അവൾ ഈ ദിവ്യ സന്നിധിയിൽ വന്നതതെന്നറിയാവുന്ന ദൈവം അവളെ അനുഗ്രഹിച്ചു.

കടലിൽനിന്ന് ഇരമ്പുന്ന തിരമാല വീണ്ടും സ്നേഹ തരംഗിണിയായി അവളുടെ ഹൃദയവാഹിനിയിലൂടെ ഒഴുകുന്നതായി അവൾക്കു തോന്നി. അവൾ കണ്ണുകൾ അടച്ച് തന്റെ ദേവനെ ക്ഷണിച്ചു. ദേവൻ തന്റെ പ്രഭാവലയത്താന്‍ അവളെ മൂടി.അവൾ നേത്രങ്ങളടച്ച് ആ പ്രകാശത്തെ ആവോളം ആസ്വദിക്കുന്ന നിമിഷത്തിൽ ദേവൻ ചോദിച്ചു :
എന്താണ് ഈ നേരത്ത് ഇവിടെ!?

ആനന്ദബാഷ്പങ്ങൾ പൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു:

‘എനിക്ക് ദുഃഖങ്ങളും ഉപദ്രവും സഹിക്കാൻ പറ്റുന്നില്ല ദേവാ! ആ സങ്കടം മാറ്റാൻ വേണ്ടിയാണു ഇവിടെ വന്നത്. ദൈവം എല്ലാവരോടും ക്ഷമിക്കാൻ പറയും. എന്നെ മനസ്സിലാക്കാത്തവരോട്, വാക്കുകൊണ്ടും പ്രവർത്തികൊണ്ടും എന്നെ ഉപദ്രവിക്കുന്നവരോട് ഞാൻ എങ്ങനെ ക്ഷമിക്കാനാണ്.അല്ല എത്ര പ്രാവശ്യം ക്ഷമിക്കണം.എനിക്ക് എല്ലാവരോടും ക്ഷമിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് വേദനകളാണ് തരുന്നത് ഞാൻ എത്രനാൾ ഇങ്ങനെ സഹിക്കണം.

ദേവൻ പറഞ്ഞു :
‘വരൂ നമുക്ക് ഒരിടം വരെ പോകാം. നീ കണ്ണുനീർ വീഴ്ത്തി ഈ താഴ് വാരത്തെ മലിനമാക്കരുത്’.

അത് കേട്ട നിമിഷം അവൾ താഴ്‌വരയിൽ കടലായിരമ്പി മുന്നോട്ട് പോയി. അവളിൽ നിന്നും ഉജ്ജ്വലിക്കുന്ന നിരാശയും ക്രോധവും കൊണ്ട് കടലിലെ ഓളങ്ങൾ
മിന്നിത്തെറിക്കുന്നത് പോലെ തോന്നിപ്പോയി.

ദേവൻ അവളെ “തോറേ ദി പാൽമേ” എന്ന വശ്യമനോഹരമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ തീരത്തെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന, പച്ചപ്പാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു ഗ്രാമമാണ് ‘ തോറേ ദി പാൽമേ .
ഇടുങ്ങിയ ഇഷ്ടിക നിറമുള്ള കല്ലുകൾ വിരിച്ച ഇടവഴികളും , വീടുകളുടെ മുൻഭാഗങ്ങളിൽ വർണ്ണാഭമായ പൂക്കളും , കടൽവെള്ളത്തിന്റെ നീലനിറവും , കാടിന്റെ തീവ്രമായ പച്ചപപ്പും കാവ്യാത്മക അനുഭൂതിനൽകി.

കാഴ്ചകൾ കണ്ട് നടക്കുമ്പോൾ അവൾ മനസ്സിൽ ഓർത്തു ഇറ്റലിയിലെ മനോഹരമായ ഗ്രാമങ്ങളിൽ ഒന്നാണ് ഇത് . ഈ പ്രദേശവും ഇവിടുത്തെ സംസ്കാരം വിളിച്ചോതുന്ന ഭംഗിയാൽ , ഓരോ ഹൃദയങ്ങളെയും മോഹിപ്പിക്കുന്ന കാഴ്ചകളാൽ ചേതോഹരമാണ് . ഈ അവർണ്ണനീയമായ ദൃശ്യങ്ങൾ അവളിൽ ആനന്ദത്തിന്റെ നിറങ്ങൾ നിറച്ചു.
അവൾ ആ പ്രകൃതി ദൃശ്യങ്ങൾ ആവോളം ആസ്വദിച്ചു.മനസ്സിൽ നിന്ന് ദുഃഖഭാരവും ഭയവും മാറി.

ദേവൻ പറഞ്ഞു : ‘ഇനി നമുക്ക് തിരിച്ചു പോവാം’.

അവൾ പറഞ്ഞു : ‘എനിക്ക് ഒരു കാര്യം കൂടെ പറയണം’.

ദേവൻ സുസ്മേരവദനായി പറഞ്ഞു : ‘എന്താണ് പറയൂ?’

അവൾ മറുപടി പറയാതെ ഒത്തിരി നേരം കരഞ്ഞു.

ദേവൻ വീണ്ടും പറഞ്ഞു: ‘കണ്ണുനീർ വീഴ്ത്തി ഈ താഴ്‌വാരത്തെ നശിപ്പിക്കരുത്’.

വീണ്ടും അല്പം ദയയോട് കൂടി പറഞ്ഞു:

‘ പ്രപഞ്ചത്തെ കണ്ണുനീർ കൊണ്ട് കുഴയ്ക്കരുത് ‘.

അവൾ വല്ലതും പറയാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ വീണ്ടും വിങ്ങിപ്പൊട്ടിക്കൊണ്ട് മുഖം ഉയർത്തി ദേവനെ നോക്കി പറഞ്ഞു:

‘എനിക്കു ഇവിടം മടുത്തു ദേവാ,എന്നാൽ തിരിഞ്ഞു നടക്കാൻ എനിക്ക് എന്റെ പാദ മുദ്രകൾ നഷ്ടമായി. ആദ്യമായാണ് എന്നെ ഉപദ്രവിക്കുന്നവരുടെ കൂട്ടത്തിൽ കഴിയേണ്ടി വരുന്നത്. എന്നോട് ക്ഷമിക്കണം.

ഇനിയുമൊരു ജന്മം ഈശ്വരന്മാരുടെ ആത്മാവിലിയാൻ തീരാത്ത മോഹമു ണ്ടെങ്കിലും. എന്റെ മനസ്സിലെ മുറിവുകൾ മായിക്കാൻ നിനക്കാവുമോ ദേവാ?!.”

ദേവൻ മറുപടി പറയാതെ അപ്രത്യക്ഷനായി. സ്വപ്നലോകം വിട്ടു വരുമ്പോൾ അവൾ പള്ളിയിലെ മതിലിൽ ചേർന്ന് നിന്ന് അനന്തമായ ആകാശത്തേക്ക് നോക്കിനിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അവൾ പള്ളിയിൽ കയറി പ്രാർത്ഥിക്കാനായി മുട്ടുകുത്തിയപ്പോൾ പുറകിൽ ആരോ നിൽക്കുന്നതായി അവൾക്കു തോന്നി. പെട്ടെന്ന് ഭയത്തോടെ അവൾ എഴുന്നേറ്റു തിരിഞ്ഞു നോക്കിയപ്പോൾ ഒരു മനുഷ്യ രൂപം തന്റെ പിറകിൽ നിൽക്കുന്നു. ആ കണ്ണുകളിലെ തീവ്രത മനുഷ്യന്റെ അല്ല എന്ന് മനസ്സിലാക്കിയ അവൾ ഓടി കർത്താവിന്റെ കുരിശിൽ ചുവട്ടിൽ മുട്ടുകുത്തി.

ആ നിഴൽ ഉറക്കെ പറഞ്ഞു:

‘ നീ മനോഹരമായ ലോകവും ഐശ്വര്യവും കളഞ്ഞുകുളിക്കുന്നു. കരഞ്ഞു തളരാതെ എന്റെ കൂടെ വരൂ’.

അവൾ അവന്റെ രോദനങ്ങൾ കേൾക്കാതെ അവളുടെ ചെവികൾപൊത്തിപ്പിടിച്ചു.

ദൈവം പറഞ്ഞു :

‘മിടുക്കി നീ ഇരുട്ടിന്റെ പ്രകാശം പറയുന്നത് കേൾക്കരുത്. ദുഃഖം ഒരു സത്യമാണ്. അത് വേദനാജനകാവുമാണ് എന്നിരുന്നാലും നല്ല ത് മാത്രം ചിന്തിക്കുക നല്ലത് മാത്രം ശ്രവിക്കുക ‘.

ദേവാലയത്തിൽ നിന്ന് ഇറങ്ങുമ്പോൾ അവളുടെ മനസ്സിൽ വീണ്ടും ഒരു സംഘർഷം തുടങ്ങി ആദ്യം നന്മയും തിന്മയും തമ്മിൽ ആയിരുന്നുവെങ്കിൽ, ഇപ്പോൾ മനസ്സിൽ നടക്കുന്ന സംഘട്ടനം ആശയും നിരാശയും തമ്മിലാണ്.

മനസ്സിലെ ആശ പറയുന്നു :

‘ നോക്കു, സന്തോഷമില്ലാത്ത ഒരിടത്ത് ഒരിക്കലും നീ ജീവിക്കരുത്.നിനക്ക് കഴിവുകളുണ്ട് വഴികൾ തെളിഞ്ഞു വരും. ആ വഴികൾ തിരഞ്ഞെടുത്തു സന്തോഷവും നന്മയും ചെയ്ത് ജീവിക്കുക’.

അവളിലെ മനസ്സിലെ നിരാശ പറഞ്ഞു:

‘ഇവിടെ നിനക്കൊന്നും നേടാനായില്ല ഇനി നിനക്കൊന്നും നേടാനുമാവില്ല. കാലങ്ങൾ കടന്ന് പോകുന്നു.നിനക്ക് ആശിക്കുന്നതതൊന്നും ചെയ്യാൻ സാധിക്കുകയുമില്ല. നിന്റെ മാനസിക തയ്യാറെടുപ്പ് അത് വെറുതേയാണ്. നീ ഒരു സ്ത്രീയായതുകൊണ്ട് ഒരിക്കലും നിനക്ക് ഒന്നും സാധ്യമല്ല’.

അവൾ നിരാശയ്ക്ക് മറുപടിയായി പറഞ്ഞു:

‘നീ പറയുന്നത് കേട്ട് ജീവിച്ചത് കൊണ്ടാണ് എനിക്ക് ഈ ഗതി വന്നത്. സത്യസന്ധതക്കും ത്യാഗത്തിനും വിലയില്ലാത്ത ഇടത്ത് ഞാനില്ല. എന്നാൽ ഈശ്വരൻ എന്ന നന്മ ഹൃദയത്തിലുള്ള കാലം എന്റെ ആശകൾ ഒരിക്കലും പൂവണിയാതെ പോവില്ല.

അവൾ കത്തീഡ്രൽ പള്ളിയുടെ കുന്നുകൾ ഇറങ്ങി താഴേക്ക് നടക്കുമ്പോൾ അവളുടെ ഓരോ ചുവടും പ്രതീക്ഷയുടെ പൊൻകതീർ വീശി.

സിസ്റ്റർ ഉഷാ ജോർജ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com