കൊണ്ടോട്ടി തുറക്കൽ – കൊളത്തൂരിൽ വാഹനാപകടം. ബസ് തട്ടി റോഡിലേക്ക് മറിഞ്ഞ ഇരുചക്രവാഹന യാത്രക്കാരൻ വന്ന ടാങ്കർ ലോറിക്കടിയിൽ പെട്ട് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണിമ്മൽ സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ സ്വകാര്യ ബസ് തട്ടുകയായിരുന്നു. തുടർന്ന് ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ടാങ്കറിനടിയിൽ കുടുങ്ങിയ ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഒരു ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനാണ് മരണപ്പെട്ടയാളെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് അല്പസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊണ്ടോട്ടി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



