ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ അടുത്ത ഞായറാഴ്ച(സെപ്റ്റംബര്‍ 27) തുറന്നു പ്രവര്‍ത്തിക്കും. വരുന്ന 28ാം തീയതി മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച മുതലുള്ള പണിമുടക്ക് ഉറപ്പായത്. പണിമുടക്കില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ നിലപാട്. നിലവില്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ(സെപ്തംബര്‍ 28-30) പണിമുടക്കിന് പുറമേ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
പണിമുടക്ക് പ്രഖ്യാപിച്ച ദിവസങ്ങള്‍ക്ക് മുമ്പുള്ള രണ്ട് ദിവസങ്ങള്‍ നാലാം ശനിയും ഞായറുമാണ്. ഇതോടെ അഞ്ച് ദിവസം ബാങ്കിങ് സേവനം തടസപ്പെടാൻ കാരണമാകും. ഈ സാഹചര്യം കണക്കിലെടുത്താണ് ബാങ്കുകൾ ഞായറാഴ്ച പ്രവർത്തിക്കാൻ തീരുമാനിച്ചത്. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സെപ്റ്റംബര്‍ 30 ബാങ്കുകളുടെ അര്‍ധവാര്‍ഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമാണ്. ട്രഷറി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈ തീയതി നിര്‍ണായകമാണ്. ബാങ്കുകളുടെ കണക്കെടുപ്പ്, വിപണി ക്രമീകരണങ്ങള്‍ എന്നിവയെയെല്ലാം പണിമുടക്ക് സ്വാധീനിക്കും.
സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാനശാഖകള്‍ പണിമുടക്ക് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാര്‍ റൂം തുറക്കും. പണിമുടക്ക് നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതികള്‍ കൂടണമെന്നും കറന്‍സി ചെസ്റ്റുകള്‍, ക്ലിയറിങ് സെന്ററുകള്‍, ഡാറ്റ് സെന്ററുകള്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
അതേസമയം ബാങ്കിങ് ഇടപാടുകള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാനും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രാഞ്ചുകളില്‍ സേവനങ്ങള്‍ തടസപ്പെടുമെങ്കിലും ഡിജിറ്റല്‍, എടിഎം ഇടപാടുകള്‍ നടത്താമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. സമരം പരിഗണിച്ച് എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള നടപടികളും സ്വീകരിച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.



