ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് കേരളത്തിൽ നിന്ന് നിരവധി ആളുകളാണ് യാത്ര ചെയ്യാറുള്ളത്. രാമേശ്വരത്തിറങ്ങി ധനുഷ്കോടിയിലേക്ക് പോകുന്നവരും നിരവധിയാണ്.
നേരിട്ടുള്ള ട്രെയിനിന്റെ അഭാവം മൂലം മധുരൈയിൽ ഇറങ്ങി, അവിടെനിന്ന് രാമേശ്വരത്തേക്ക് പോകുകയാണ് മലയാളികൾ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിൽനിന്ന് നേരിട്ട് രാമേശ്വരത്തേക്ക് ഒരു ട്രെയിൻ വരികയാണ്. തിരുവനന്തപുരം -മധുരൈ അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടിക്കൊണ്ട് ഔദ്യോഗിക ഉത്തരവ്.
ഇന്ന് മുതൽക്കാണ് ട്രെയിൻ രാമേശ്വരത്തേക്കുള്ള സർവീസ് ആരംഭിക്കുക. നേരത്തെ തന്നെ അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ പാമ്പൻ പാലത്തിന്റെ ജോലികൾ പൂർത്തിയാകാത്തതിനാൽ സർവീസ് ആരംഭിച്ചിരുന്നില്ല. പുതിയ പാമ്പൻ പാലം ഇപ്പോൾ തുറന്നുനൽകിയതോടെയാണ് അമൃത രാമേശ്വരത്തേക്ക് നീട്ടാൻ തീരുമാനമായത്.



