തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 91,040 രൂപയായി. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്.
ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് ഒരു ലക്ഷം രൂപ അടുപ്പിച്ച് നൽകേണ്ടിവരും. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,415 രൂപയും, പവന് 99,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,311 രൂപയും പവന് 74,488 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 171 രൂപയും കിലോഗ്രാമിന് 1,71,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.



