Sunday, October 4, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ: (25) ' കുതിരവട്ടം പപ്പു ' ✍തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ: (25) ‘ കുതിരവട്ടം പപ്പു ‘ ✍തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

കുതിരവട്ടം പപ്പു. പ്രേക്ഷക മനസ്സുകളിലെ ചിരിയടയാളം ….. നൊമ്പരപ്പാടും.

“താമരശ്ശേരി ചുരം ……….” “ടാസ്കിവിളിയെടാ ………”. “പ്പൊ…ശര്യാക്കി
ത്തരാം … ”
“മെയ്തീനെ.. ആ ചെറ്യേ സ്ക്രൂ ഡൈവർ ………” “നീയാരാണെന്ന് നിനക്കറിയില്ലെങ്കിൽ…….” “കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യൻ ചെയ്യാം
സാർ….. ”
സിനിമകളിൽ കഥാപാത്രങ്ങളായി പകർന്നാടിയ സമയം ഉപയോഗിച്ച ചില സംഭാഷണ ശകലങ്ങൾ മാത്രം മതി ഒരു വ്യക്തിയെ, വ്യക്തിയിലെ കരുത്തനായ നടനെ കാലാകാലം പ്രേക്ഷകർക്ക് പൂർണമായി വിലയിരുത്താനും ആ അഭിനയകാലം ഓർമകളിലേക്ക് കൊണ്ടുവന്നു നിർത്താനുമെങ്കിൽ അറിയണം അതൊരു അത്ഭുത സിദ്ധി തന്നെയാണെന്ന്. ആ സിദ്ധി എത്ര പേർക്കവകാശപ്പെടാം എന്ന് ചിന്തിക്കുമ്പോഴാണ് അത്തരം വളരെ ചുരുക്കം പേരെ നമുക്കുള്ളൂ എന്നും നമുക്കുണ്ടായിരുന്നുള്ളൂ എന്നുമുള്ള വലിയ സത്യം നമുക്ക് ബോധ്യപ്പെടുന്നത്.ആ അറിവിൽ നിന്നു കൂടിയാണ് അവർക്ക് നാമറിയാതെ ഒരു ആദരവ് നമ്മിൽ സ്വയം രൂപപ്പെട്ടു വന്നത്. മൂന്ന് വ്യാഴവട്ടക്കാലം മലയാള സിനിമയിൽ നിറഞ്ഞു നിന്ന് കാമ്പും കരുത്തുമുള്ള ശൈലിയിലൂടെ ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് അതിൽ തന്നെ കാലാകാലത്തേക്ക് ഓർത്തോത്തു ചിരിക്കാൻ പ്രാപ്തമായ ഹാസ്യ കഥാപാത്രങ്ങളെയും ഉള്ളിൽ വേദനയുടെ നെരിപ്പോടെരിയുന്ന കഥാപാത്രങ്ങളേയും ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചാണ് പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു മലയാള സിനിമാ പ്രേക്ഷക മനസ്സിൽ സ്ഥിരസ്ഥാനം നേടിയത് .

പപ്പു എന്ന നടന് ഒരു പരിചയപ്പെടുത്തലോ ആമുഖമോ മലയാളികൾക്കിടയിൽ ഒട്ടും ആവശ്യമില്ല എന്നറിയാം. എങ്കിലും ഈ നടനെ കുറിച്ച് എഴുതാതിരിക്കുന്നതെങ്ങനെ? മലയാള സിനിമയെ കുറിച്ച് ഒന്നു പറഞ്ഞു പോകുമ്പോൾ പോലും വിട്ടുപോകാൻ പാടില്ലല്ലോ കുതിരവട്ടം പപ്പുവിനെ. വിട്ടുപോയാൽ എന്ത് ന്യായമാണ് നമുക്ക് പറയാനുണ്ടാവുക.

അതെ പപ്പു ഒരു കാലമാണ് .മലയാള സിനിമയിലെ നിർദോഷമായ ചിരിയുടെ പൂക്കാലം. മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും പകർന്നു നൽകി ആ കാലം. ആദ്യ തലമുറയിലെ ഹാസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു തലം മലയാളസിനിമയിൽ കൊണ്ടുവന്നതിൽ കുതിരവട്ടം പപ്പുവിന് സുപ്രധാനമായ പങ്കുണ്ട് .പപ്പു ശക്തമായ സാന്നിധ്യമായി സിനിമയിൽ ഉറച്ചതോടെയും വളർന്നു വന്നതോടേയുമാണ് ഹാസ്യത്തിന് ആ പ്രത്യേക തലവുംരീതിയുമുണ്ടായത്. മലയാളികളുടെ മനസ്സിൽ ചിരികൾക്ക് പുതിയ പുതിയ അർത്ഥമുണ്ടായത്.

തൻ്റെ സംഭാഷണങ്ങളിൽ മാത്രമല്ല ഒട്ടും വിരസവും അരോചകവുമാകാതെ ആ കഥാപാത്രത്തോട് ലയിച്ചു ചേരുന്ന ശരീര ചലനങ്ങളിൽ കൂടെയാണ് ഇദ്ദേഹംകഥാപാത്രങ്ങൾക്ക് മിഴിവും മികവും പകർന്നത്. പപ്പുവിന്റെ കഥാപാത്രം ഒരു വിഷയം അവതരിപ്പിക്കുമ്പോൾ പ്രത്യേകിച്ച് സംസാരിക്കുമ്പോൾ ഒപ്പം ആ ശരീരഭാഗങ്ങളും നന്നായിചലിക്കും .ശരീരത്തിന്റെ ആ ചലനങ്ങൾ സംഭാഷണങ്ങൾ പോലെ തന്നെ നമ്മളിലേക്ക് പതിപ്പിക്കാൻ ഈ നടന് നിഷ്പ്രയാസംസാധിക്കും. ഇതേ അളവിൽ തന്നെയാണ് അദ്ദേഹം കൃത്യമായ അഭിനയ മുഹൂർത്തങ്ങളിലൂടെ മികച്ച സ്വഭാവനടൻ എന്ന സ്ഥാനവും ഉറപ്പിച്ചത്.
“ദി കിംഗ് “എന്ന സിനിമയിലെ സ്വാതന്ത്ര്യസമരസേനാനിയെ നമുക്ക് മികച്ച ഉദാഹരണമായി എടുക്കാം. ഒട്ടും ഏറാതെ അല്പം പോലും കുറയാതെ എത്ര കൃത്യമായാണ് പപ്പു ആ കഥാപാത്രത്തിന് ജീവൻ നൽകിയത് .ചിരി മറന്ന് നാം പപ്പുവിനെ കണ്ട എത്രയെത്ര സിനിമകൾ. വാർത്തയിൽ ഹംസ എന്ന കഥാപാത്രം കരഞ്ഞപ്പോൾ മലയാളം കൂടെ കരഞ്ഞില്ലേ ?
പപ്പുവിന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു പോവുക എന്നു പറഞ്ഞാൽ ഒരധ്യായത്തിലോ ഒരു പുസ്തകത്തിലോ തീരുന്നതല്ല. പപ്പു ജീവൻ നൽകിയ കഥാപാത്രങ്ങളുടെ ജീവിതവുമായി ഉള്ള ബന്ധം വിവരിക്കുക എന്നതും ഒരു അധ്യായത്തിൽ സാധിക്കുന്നതല്ല.

രാഷ്ടീയക്കാരൻ, ഡ്രൈവർ, മുഴുക്കുടിയൻ, പോലീസുകാരൻ, ശിങ്കിടി, കുതന്ത്രക്കാരൻ, നാട്ടിലെ ചെറുകിട കച്ചവടക്കാരൻ, ബ്രോക്കർ ,വിവരദോഷി കൂടിയായ പണക്കാരൻ, ആർത്തിക്കാരൻ, അമ്മാവൻ ,അളിയൻ സ്ത്രീലമ്പടൻ, പലിശക്കാരൻ, തട്ടിപ്പുകാരൻ, ബാർബർ, ഡോബി പൊങ്ങച്ചക്കാരൻ, സത്യസന്ധനായ സുഹൃത്ത്, ഹാജിയാർ,കാര്യസ്ഥൻ വാല്യക്കാരൻ ,പള്ളീലച്ചൻ, മന്ത്രവാദി, തുടങ്ങി പപ്പു കെട്ടിയാടാത്ത വേഷങ്ങളുണ്ടോ.ഏത് കഥാപാത്രമായാലും അതിൽ പപ്പു എന്ന നടൻ ചേർക്കുന്ന സ്വതസിദ്ധമായ ചേരുവകൾ തന്നെയാണ് ആ കഥാപാത്രങ്ങളെ നമ്മിലേക്കിറക്കി നിർത്തിയത്.മലയാളത്തിലെ ആദ്യകാല നായകൻമാരായ സത്യൻ, നസീർ ,മധു തുടങ്ങി പുതു തലമുറയിലെ ദിലീപ് വരെയുള്ള നായകൻമാർക്കൊപ്പം പപ്പു അഭിനയിച്ചു.മലയാളത്തിലെ ഏതാണ്ട് എല്ലാ സംവിധായകരുടെസിനിമകളിലും സാന്നിധ്യമറിയിച്ചു.വ്യത്യസ്ത സിനിമാ രീതികളുണ്ടായിരുന്ന സംവിധായകരിൽ എല്ലാവർക്കും പപ്പു സ്വീകാര്യനും പ്രിയങ്കരനുമായിരുന്നു. ഐ.വിശശി, ജോഷി കമൽ, സത്യൻ അന്തിക്കാട് പ്രിയദർശൻ തുടങ്ങിയവരുടെ സിനിമകളിലെല്ലാം ഇദ്ദേഹം സജീവമായി നിന്നു.
ആ സംഭാഷണത്തിലെ പ്രത്യേകത എത്രയെത്ര സിനിമകളെയാണ് പിൽക്കാലത്തും ചർച്ചയാക്കി നിർത്തിയതെന്നോ. അത്തരം ചില സംഭാഷണങ്ങളിലാണല്ലോ ഈ കുറിപ്പ് ആരംഭിച്ചതും. ആ സംഭാഷണങ്ങൾ എഴുതിയാൽ തീരില്ല എന്നാലും ഭൂമികയിലെ ഒരു സംഭാഷണം ഓർത്തു പോകുന്നു. പോലീസുകാരൻ്റെ വേഷത്തിഭിനയിക്കുന്ന ജഗതി  ഷാപ്പിലിരുന്ന് തൻ്റെ ബുദ്ധിയെ കുറിച്ചും പഠിത്തത്തെ കുറിച്ചും വീരവാദം പറയുമ്പോൾ പപ്പുവിൻ്റെ പേങ്ങൻ അല്പം നിഷ്കളങ്കതയോടെ ചോദിക്കുന്നു

” കള്ളുകുടിക്കാനും ആൾക്കാരെ കുനിച്ചു നിർത്തി ഇടിക്കാനും ബുദ്ധിയും പഠിപ്പുമെന്തിനാ തമ്പ്രാ ”

ജീവിതത്തിൽ ഒരു തവണ പോലും മദ്യപിക്കാത്ത ഒരു രൂപ പോലും അനധികൃതമായി കൈപ്പറ്റാത്ത നീതിമാൻമാരും സത്യസന്ധൻമാരുമായ പോലീസ് ഉദ്യോഗസ്ഥർ പോലും ആരംഗം കണ്ട് ആ ചോദ്യം കേട്ട് സ്വയം മറന്നു ചിരിച്ചു പോയിട്ടുണ്ടാകും.ഉറപ്പ്.

പ്രിയദർശൻ്റ സിനിമകളിൽ പ്രത്യേകിച്ച് ആദ്യകാല സിനിമകളിലെ ക്ലൈമാക്സ് രംഗങ്ങളിലെ കൂട്ടയോട്ടവും കൂട്ടിയിടിയും കൂട്ടയടിയും അത്രമേൽ, പൊലിപ്പിക്കുന്നതിൽ ഈ നടന് പ്രധാന പങ്കുണ്ടായിരുന്നു. ബഹളം വെക്കേണ്ട കഥാപാത്രമാണെങ്കിൽ ബഹളം.  നിശബ്ദ നോട്ടത്തിലും ഭാവത്തിലും തിളങ്ങേണ്ട കഥാപാത്രമാണെങ്കിൽ അങ്ങനെ .പപ്പുവിലെ മികച്ച നടനത് വ്യക്തമായി അറിയാമായിരുന്നു. എപ്പോൾ ഏതളവിൽ എങ്ങനെ എന്ന്.

1936 ഡിസംബർ 24 നാണ് കോഴിക്കോട് ഫറോക്കിൽ പനങ്ങാട്ട് രാമൻ്റേയും ദേവിയുടേയും മകനായി പത്മദളാക്ഷൻ ജനിക്കുന്നത്. നാടകത്തി ലൂടെ സജീവമായ കലാജീവിതം പിന്നെ സിനിമയിലെത്തി വിജയം നേടുകയും ചരിത്രമെഴുതുകയുമാണുണ്ടായത്.രണ്ടായിരമാണ്ട് ഫെബ്രുവരി 24 ന് തൻ്റെ 63-ാം വയസ്സിൽ അദ്ദേഹം ജീവിതത്തിൽ നിന്ന് വിടവാങ്ങുകയും ചെയ്തു.ഭാര്യ പത്മിനി .ബിന്ദു .ബിജു ബിനു എന്നീ മൂന്നു മക്കളിൽ ബിനു അതിശക്തനായ നടനായി സിനിമാരംഗത്തുണ്ട്.

1963-ൽ രാമു കാര്യാട്ടിൻ്റെ മൂടുപടത്തിലൂടെയാണ് ആ സിനിമാ ജീവിതത്തിന് തിരശ്ശീലയുയരുന്നത്. ഷാജി കൈലാസിൻ്റെ നരസിംഹം വരെ അത് നീണ്ടു.1964 ൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ രചനയായ “ഭാർഗ്ഗവീ നിലയം” എന്ന ചിത്രത്തിലാണ് പപ്പു ആദ്യമായി ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നത്.
എ. വിൻസെൻ്റ് മാഷ് സംവിധാനം ചെയ്ത ആ ചിത്രത്തിലാണ് സാക്ഷാൽ ബഷീർ പത്മദളാക്ഷന് സിനിമയിലെ കഥാപാത്രത്തിൻ്റെ പേരായ പപ്പു എന്ന് പേരിനു മുന്നിൽ കുതിരവട്ടം എന്നുകൂടി ചേർത്തുനൽകുന്നത്. അത് വല്ലാത്തൊരു രാശിയായിരുന്നു എന്ന് കാലം തെളിയിച്ച യാഥാർത്ഥ്യം. 1963 മുതൽ മരണം വരെ പപ്പു അഭിനയിച്ചു.മടുക്കാതെ പ്രേക്ഷകർ പപ്പുവിനെ കണ്ടു. ആയിരത്തിലധികം സിനിമകളിൽ വേഷമിട്ടുമെങ്കിലും വലിയ തോതിലുള്ള സാമ്പത്തിക ഭദ്രത നേടുന്നതിലൊന്നും പപ്പു തൽപ്പരനായിരുന്നില്ല എന്നാണറിവ്. അഭിനയിക്കുക എന്നതിലപ്പുറം പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങിയെടുക്കുക എന്നതൊന്നും പപ്പുവിൻ്റെ ശീലമോ താൽപര്യമോ ആയിരുന്നില്ലത്രേ. പഴയ തലമുറയിലെ പല നടൻമാരും ഇത്തരക്കാരായിരുന്നു എന്നാണ് കേട്ടറിവും വായിച്ചറിവും.

പപ്പു എന്ന നടനെ രണ്ട് രീതിയിൽ നമുക്ക് വായിക്കാം എന്നു പറഞ്ഞല്ലോ.അതിലെ ഒരു വായന മുകളിൽ സൂചിപ്പിച്ചതു പോലെ മലയാളിയെ ശുദ്ധഹാസ്യത്തിലൂടെ ദീർഘകാലം ചിരിപ്പിച്ച തമാശകളുടെ രാജാവ് എന്ന നിലയിലാണ്. ഉദാഹരണങ്ങൾ നിരനിരയായി എഴുതാം. അത്തരം സിനിമകൾ കഥാപാത്രങ്ങൾ എത്രയെന്നോ .അതിനാൽ അതിനു മുതിരുന്നില്ല. രണ്ടാം വായന ഒരു നോട്ടത്തിൽ ഒരു ഭാവത്തിൽ മലയാളിയെ കരയിപ്പിച്ച മികവുറ്റ നടൻ എന്ന നിലയിലാണ്. അവിടെയും എഴുതാം ധാരാളം സിനിമകൾ .അതിനു മുതിരാതെ വയ്യ .ചിലതെങ്കിലും കുറിക്കാതെയും വയ്യ. “ആൾക്കൂട്ടത്തിൽ തനിയെ, വാർത്ത, കാണാക്കിനാവ് അങ്ങാടി, 1921, ഭൂമിക” പപ്പുകാഴ്ചവച്ച വിസ്മയ പ്രകടനങ്ങൾ. സിനിമയുടെ പ്രധാന കഥയുമായി വലിയ ബന്ധമൊന്നുമില്ലാത്ത കുഞ്ഞുവേഷങ്ങളിൽ എത്തിയ സിനിമകളിലും തിയേറ്റർ വിട്ടാലും ഈ നടൻ ചെയ്ത വേഷം, സംഭാഷണം നമ്മെ പിന്തുടരും .കൂടുതൽ പറയുന്നില്ല വീണ്ടും ചില വീട്ടുകാര്യങ്ങളിലെ മുഴുക്കുടിയൻ മെക്കാനിക്കിനെ ഒന്നോർത്തു നോക്കൂ. ആ കഥാപാത്രം എത്ര കുറഞ്ഞ സീനുകളിലാണ് വരുന്നത് എന്നോർത്തു നോക്കൂ.

പപ്പു പാടുന്നതായി സിനിമയിൽ നാം കേട്ടിട്ടുണ്ട് എത്രയോ നിത്യഹരിതഗാനങ്ങൾ അങ്ങാടിയിൽ “പാവാട വേണം മേലാട വേണം ”
അഹിംസയിൽ “ഞാനൊരു ഡോബി ” ഭീമനിൽ “മ്മാൻ്റെ അബൂ ൻ്റെ നെയ് സൂപ്പൂ ചെന്നാൽ ”
വാർത്തയിൽ
” ഇന്നലെകൾ ഇതുവഴി പോയി / നൊമ്പരാമാം പുഞ്ചിരിയും തൂകി / മുറിവുകൾ വിരൽ മുനയാൽ മൂടി / പഴയ മുളംകുഴലായി ഞാൻ പാടാം/

ബിച്ചു തിരുമല രചിച്ച് എ.ടി ഉമ്മർ സംഗീതം നൽകി യേശുദാസ് ആലപിച്ച ഈ മനോഹര വരികൾക്ക് പപ്പു നൽകിയ ഭാവപൂർണത…. ഏത് വാക്കുകളുപയോഗിച്ച് വിശേഷിപ്പിച്ചാലും അഭിനന്ദിച്ചാലും മതിയാകുമോ.മോഹൻലാലും ,വേണു നാഗവള്ളിയും കുഞ്ഞാണ്ടിയും സൂക്ഷ്മാഭിനയം കൊണ്ട് പപ്പുവിനോട് ചേർന്ന് നിന്ന് ധന്യമാക്കിയ ആ രംഗം മലയാളത്തിലെ ഏറ്റവുംമികച്ച ഗാന ചിത്രീകരണരംഗങ്ങളിൽ മുൻപന്തിയിൽ തന്നെയാണ്.
ദീർഘിപ്പിക്കുന്നില്ല.വലിയൊരു നേരു പറഞ്ഞു നിർത്തുന്നു.
അതെ ഇന്നലെകളിൽ ഒരാൾ ഇതുവഴിയേ പോയി. തനിക്ക് ലഭിച്ച കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ് ചിരിപ്പിച്ചും കരയിച്ചും.. ആ അതുല്യനടൻ്റെ കാലം മായ്ക്കാത്ത മറക്കാത്ത പേരാണ് പമ്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു. ആ നടന വൈഭവത്തിനു മുന്നിൽ ആദരവോടെ പ്രണാമം .

തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ