കൊച്ചി : കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്‍റെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പാൾ. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെയെത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തു.
മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി. പ്രിൻസിപ്പാളിന്‍റെ നടപടി വിഷമമുണ്ടാക്കിയെന്ന് ജാസി ഗിഫ്റ്റ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
ഒരു കലാകാരനെയും അപമാനിക്കരുത്. പാട്ടുകാരനൊപ്പം കോറസ് പാടാൻ സാധാരണ ആളുകളെത്തും. എന്നാൽ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിൻസിപ്പാൾ തന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത്. കാലാകാരനെന്ന നിലയിൽ ഇത് അപമാനിക്കലാണെന്നും, ഇനിയൊരു കലാകാരന്മാർക്കും ഈ അവസ്ഥയുണ്ടാകല്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.