Sunday, December 8, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ... " അസാധ്യം " - (അദ്ധ്യായം - 13) പരിഹാരം

റെക്സ് റോയിയുടെ നോവൽ… ” അസാധ്യം ” – (അദ്ധ്യായം – 13) പരിഹാരം

റെക്സ് റോയി

മുത്തൂ, നീ എന്തൊക്കെയാണ് ഈ പറയുന്നത്? അതെങ്ങനെ ചെയ്യും?” ഡോ. സന്ധ്യ ചോദിച്ചു.
“ എടീ, ഇതല്ലാതെ മറ്റൊരു വഴിയുമില്ല.”
“ പക്ഷേ …., ആരുടേയും സഹായമില്ലാതെ?…..”
“ ആരുടേയും സഹായമില്ലാതെയോ? ഇത്രയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കണ്ടന്റ് തേടി അലയുമ്പോഴോ ?”
“ എന്നാലും ?”
“ ഒന്നുമില്ലെടീ, ചില എഐ ടൂൾസുകൾ ഉണ്ട്. അതുവെച്ച് ഒരു ഷോർട്ട് മൂവി നമ്മൾ ക്രിയേറ്റ് ചെയ്യുന്നു. സോഷ്യൽ മീഡിയ വഴി പബ്ലിസിറ്റി കൊടുക്കുന്നു. അതിലെ കണ്ടെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഇറങ്ങിക്കോളും. പ്രശ്നം വൈറലായിക്കഴിയുമ്പോൾ ഗവൺമെൻറ് ഇടപെട്ടോളും. അപ്പോൾ നമ്മുടെ ഡോക്ക്യുമെന്റ് സൂക്ഷിച്ചിരിക്കുന്ന വെബ്സൈറ്റിന്റെ ലിങ്ക് ഗവൺമെൻ്റിന് കൈമാറിയാൽ മതി.”
“ ഓക്കേ, പക്ഷേ അതിനുമുമ്പ് അവർ നമ്മളെ കണ്ടെത്തി ……”
“ അതിനുമുമ്പെന്നല്ല, അതിനുശേഷവും ഒരുത്തനും ഒന്നും ചെയ്യാൻ പോകുന്നില്ല.”

………..…………………………

“……. ഒരു കൊച്ച് ആനിമേഷൻ മൂവിയുടെ പിന്നാമ്പുറം അന്വേഷിച്ചു പോയ ഞങ്ങളുടെ റിപ്പോർട്ടർ ആണ് ആധുനിക ചികിത്സാരംഗത്തെ കീഴ്മേൽ മറിക്കുന്ന ഈ കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചേർന്നത്. ഡോ. സന്ധ്യയുടെ ഈ അത്ഭുത കണ്ടുപിടിത്തത്തിന്റെ പി ന്നാമ്പുറ കഥകൾ ….. അവർ എക്സ്ക്ലൂസീവ് ഇൻറർവ്യൂ വിത്ത് ഡോ. സന്ധ്യ , ഇന്ന് വൈകിട്ട് 6 : 30 മുതൽ, നിങ്ങളുടെ സ്വന്തം ………”

മുത്തു ടിവി ഓഫ് ആക്കിയശേഷം സന്ധ്യയെ നോക്കി പൊട്ടിച്ചിരിച്ചു.
“ അവർ എന്തൊക്കെയായിരിക്കും ചോദിക്കുക മുത്തൂ ?”
“ അവർ എന്തു ചോദിച്ചാലും സത്യം മാത്രം പറയുക. ഇനി ഒരുത്തനും നമ്മളെ തൊടുകയില്ല.”
“ നമ്മൾ എവിടെയാണെന്നും മറ്റും ചോദിച്ചാലോ?”
“ അത് പറയാൻ പറ്റുകയില്ല എന്ന് പറയണം, ഫോർ സെക്യൂരിറ്റി റീസൺസ്. അവർ കൂടുതൽ ഒന്നും ചോദിക്കുകയില്ല.”
….……………………
“ ലോകമെങ്ങും ധാരാളം ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് എന്ന മാരക സൂക്ഷ്മജീവിയെ ഉപയോഗിച്ച് ശ്വാസകോശ ക്യാൻസറിന് പരിഹാരം കാണാം എന്ന് ഡോക്ടർക്ക് തോന്നിയത് എങ്ങനെയാണ്?” ചാനൽ അവതാരികയുടെ ചോദ്യം കേട്ട് ഡോ. സന്ധ്യ ഒന്നു പുഞ്ചിരിച്ചു.
“ കൊറോണ വൈറസ് ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കും. ക്യാൻസർ എന്ന് പറയുന്നത്, അത് എന്തു തരം ക്യാൻസർ ആണെങ്കിലും കോശങ്ങളുടെ അനിയന്ത്രിതമായ അമിതവളർച്ചയാണ്. ക്യാൻസർ മരുന്നുകൾ എല്ലാം തന്നെ ഇങ്ങനെയുള്ള കോശങ്ങളെ നശിപ്പിക്കാൻ വേണ്ടിയുള്ളതാണ്. എന്തുകൊണ്ട് കോശങ്ങളെ നശിപ്പിക്കുന്ന വൈറസുകളെ മെരുക്കി ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിച്ചു കൂടാ എന്നുള്ള ചിന്തയിൽ നിന്നാണ് ഈ ഗവേഷണം ആരംഭിക്കുന്നത്.”
“ മാത്രമല്ല” ഒന്നു നിർത്തിയ ശേഷം ഡോ. സന്ധ്യ തുടർന്നു “ കെമിക്കലുകളിൽ അധിഷ്ഠിതമായ മരുന്നുകൾ കാൻസർ കോശങ്ങളെ മാത്രമല്ല മറ്റു നല്ല കോശങ്ങളെയും നശിപ്പിക്കും. എന്നാൽ സ്പെസിഫിക്കായി ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന രീതിയിൽ ജനിറ്റിക് മോഡിഫിക്കേഷൻ നടത്തി വൈറസുകളെ ഉത്പാദിപ്പിക്കാൻ സാധിക്കും. അതാണ് ഞാൻ ഇവിടെ ചെയ്തത്. കുറച്ചുകൂടി സ്പെസിഫിക്കായി പറഞ്ഞാൽ മ്യൂട്ടേഷൻ വന്ന കെ ആർ എ എസ് ജീൻ ഉള്ള കോശങ്ങളിൽ മാത്രം ഈ മോഡിഫൈഡ് വൈറസുകൾ അറ്റാച്ച്ഡ് ആവുകയും ആ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.”
“ പക്ഷേ, ഡോക്ടർ , എന്തുകൊണ്ടാണ് ലോകം മുഴുവൻ ഇതിന് എതിരായത് ?”
“ ലോകം മുഴുവൻ അല്ല, കുത്തക മരുന്നു കമ്പനികൾ മാത്രം. ഇങ്ങനെയുള്ള ഗവേഷണം പുരോഗമിച്ചാൽ കെമിക്കൽ അധിഷ്ഠിതമായ മരുന്നുകളെല്ലാം ഔട്ട് ഡേറ്റഡാവും. പല മരുന്നു കമ്പനികളും പൂട്ടിപ്പോകും. ബയോ ടെക്നോളജി കമ്പനികൾ മാത്രം ഉയർന്നു വരും.”
“ ഡോക്ടറെ പലരും കൊല്ലാൻ ശ്രമിച്ചു എന്നു പറഞ്ഞല്ലോ. അതിനെപ്പറ്റിയും ഡോക്ടറുടെ പലായനത്തെപ്പറ്റിയും ഒക്കെ ഒന്ന് വിവരിച്ചു പറയാമോ?”
“ സോറി, അതൊന്നും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യമാണ്. കൂടുതൽ ഡീറ്റെയിൽസ് പറയാൻ ആഗ്രഹിക്കുന്നില്ല.”

“ ഡോക്ടറുടെ മുന്നോട്ടുള്ള ജീവിതം?”
“ എന്റെ സംരക്ഷണം ഇന്ത്യ ഗവൺമെന്റ് ഏറ്റെടുത്തല്ലോ. കൂടുതൽ ഗവേഷണത്തിനുള്ള സൗകര്യം ചെയ്തു തരാമെന്ന് അറിയിച്ചിട്ടുണ്ട്.”
……………………….
മണാലിയിലെ റിസോർട്ടിന്റെ ബാൽക്കണിയിൽ നിന്ന് ഒരു തണുത്ത പ്രഭാതത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന ഇമ്മാനുവേലിന്റെ അടുത്തേക്ക് ഒരു പത്രവുമായി ഡോ. സന്ധ്യ ഓടിയെത്തി. “ മുത്തൂ, ഇത് നോക്കിക്കേ. ഇതാണോ നീ പറയാറുള്ള നന്ദകിഷോർ? “
ഇമ്മാനുവൽ പത്രം വാങ്ങി നോക്കി. ഒരു ഞെട്ടലോടെ മുത്തു ഡോ. സന്ധ്യയുടെ മുഖത്തേക്കു നോക്കി.

മുംബൈയിലെ ഏതോ ഒരു ചേരിപ്രദേശത്തു നിന്നും വെടിയേറ്റ് മരിച്ച നിലയിൽ ഒരാഴ്ച മുമ്പ് കണ്ടെത്തിയ മനുഷ്യശരീരം നന്ദകിഷോർ എന്ന ആളുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു എന്ന വാർത്തയാണ്. ഫോട്ടോയും ഉണ്ട്.

ഇമ്മാനുവേൽ സന്ധ്യയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. അവളുടെ മുഖത്ത് ഘനീഭവിച്ചു കിടക്കുന്ന ആശങ്കകൾ കണ്ട് ഇമ്മാനുവൽ അവളെ ചേർത്തുപിടിച്ചു. മണാലിയിലെ സുപ്രഭാതത്തിൻ്റെ കുളിർമ വഹിക്കുന്ന മന്ദമാരുതൻ അവരെ തഴുകി കടന്നു പോയി, ഒരു നവയുഗ പിറവിക്ക് സ്വാഗതമോതുന്നതുപോലെ!

(അവസാനിച്ചു)

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments