Saturday, October 5, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ... " അസാധ്യം - PART - 3 " മുത്തുരാജ്

റെക്സ് റോയിയുടെ നോവൽ… ” അസാധ്യം – PART – 3 ” മുത്തുരാജ്

റെക്സ് റോയി

സമയം ശനിയാഴ്ച രാത്രി പത്തര കഴിഞ്ഞു കാണും. മുത്തുരാജ് തൻ്റെ റഫ്രിജറേറ്റർ തുറന്ന് ഒരു തണുത്ത ബിയർ കുപ്പി എടുത്തു. ഓപ്പണർ എടുത്ത് അതിൻെറ മൂടി തുറന്നു പതഞ്ഞു പൊങ്ങുന്ന ബിയർ അല്പം വായിലേക്ക് ഒഴിച്ചു. മനസ്സിന് ഒരു അസ്വസ്ഥത. സാധാരണ ഒരു ഡിജെ പെർഫോമൻസ് കഴിഞ്ഞാൽ സന്തോഷവും ആത്മസംതൃപ്തിയുമാണ് തോന്നാറ്. ഇന്ന് എന്തോ ഒരു പ്രശ്നം മനസ്സിനെ അലട്ടുന്നു. എന്താണെന്നങ്ങോട്ട് മനസ്സിലാകുന്നില്ല.

ഡിജെ നടന്നുകൊണ്ടിരുന്നപ്പോൾ കണ്ട ചില മുഖങ്ങൾ. അവരുടെ കണ്ണുകൾ. എന്തായിരുന്നു ആ കണ്ണുകളിൽ ഞാൻ കണ്ടത്. തനിക്ക് ചുമ്മാ തോന്നിയതാവും. ഇപ്പോഴും ആരോ പിന്തുടരുന്നുണ്ടെന്നുള്ള തോന്നലിൽനിന്ന് മനസ്സ് വെറുതെ സങ്കൽപ്പിച്ച് ഉണ്ടാക്കിയതായിരിക്കും. എന്നാലും എന്തോ ഒരു ….

സാധാരണ ശനിയാഴ്ച രാത്രിയിലെ ഡിജെ പെർഫോമൻസിനു ശേഷം മുത്തുരാജ് കുളിച്ച് ഒരു കുപ്പി ബിയറും കൂടെ അല്പം ഭക്ഷണവും കഴിച്ചശേഷം കിടന്നുറങ്ങാറാണ് പതിവ്. എന്നാൽ അന്ന് ആകെ അസ്വസ്ഥനായ അദ്ദേഹത്തിന് ഉറക്കം വന്നില്ല. അദ്ദേഹം തന്റെ ലാപ്ടോപ് ഓണാക്കി അതിലുള്ള ക്രിമിനലുകളുടെയും വാടക ഗുണ്ടകളുടെയും ഫോട്ടോകളിലൂടെ സസൂക്ഷ്മം കണ്ണോടിച്ചു കൊണ്ടിരുന്നു. ഡിജെക്കിടയിൽ അസ്വഭാവികമായ രീതിയിൽ തന്നെ നോക്കിക്കൊണ്ടിരുന്ന ആ മുഖങ്ങൾ ഏതെങ്കിലും ….

നൂറുകണക്കിന് ഫോട്ടോകൾ പരിശോധിച്ചെങ്കിലും താൻ കണ്ട മുഖങ്ങൾ ഒന്നും അതിലൊന്നിനോട് പോലും യോജിച്ചില്ല.

കോൺട്രാക്ടർ ! ഇവനെ ഇന്ന് ഞാൻ കണ്ടില്ലേ ? മുത്തുരാജ് ഡിജെ പ്രോഗ്രാമിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന സർവറിലേക്ക് തന്റെ ലാപ്ടോപ്പ് കണക്ട് ചെയ്തു. എന്നിട്ട് ഡിജെ പ്രോഗ്രാമിന്റെ ദൃശ്യങ്ങൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി.

അതെ ! നന്ദകിഷോർ , അഥവാ കോൺട്രാക്ടർ . പക്ഷേ ഇവനെ ഇതിനുമുമ്പും ഇവിടെ പലവട്ടം കണ്ടിട്ടുണ്ടല്ലോ. ഇന്നു മാത്രം എന്താണ് പ്രത്യേകത ? ഉണ്ട്, പ്രത്യേകതയുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. അവൻ ഇമ വെട്ടാതെ എങ്ങോട്ടോ സൂക്ഷ്മമായി നോക്കിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. അവൻ നിൽക്കുന്ന പൊസിഷൻ വെച്ച് നോക്കുമ്പോൾ അവൻ നോക്കുന്നത് സ്റ്റേജിലേക്കാണ്. തൻ്റെ നേർക്കു തന്നെയാണ്.

മുത്തുരാജിനെ വിയർക്കാൻ തുടങ്ങി. തോന്നലായിരിക്കുമോ ? മുത്തുരാജ് ആകെ അസ്വസ്ഥനായി. സമയം നോക്കി. വെളുപ്പിന് രണ്ടര കഴിഞ്ഞിരിക്കുന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരിക്കും. ഇപ്പോൾ കിടന്നുറങ്ങിയിട്ട് രാവിലെ ഓരോരുത്തരെയായി വിളിക്കാം. മുത്തുരാജ് കട്ടിലിലേക്ക് കയറി.
കിടന്നിട്ട് ഉറക്കം വരുന്നില്ല. എണീറ്റ് റഫ്രിജറേറ്റർ തുറന്ന് ഒരു ബിയർ കുപ്പി കൂടി എടുത്തു. അതിൻെറ മൂടി തുറന്ന് അല്പാല്പമായി വായിലേക്ക് ഒഴിച്ചുകൊണ്ട് ജനലിന്റെ അടുത്തുചെന്ന് പുറത്തേക്ക് നോക്കി നിൽപ്പായി.

മുത്തു താമസിക്കുന്ന ഹോട്ടലിന്റെ പത്താം നിലയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഒരു വശത്ത് തിരയടിക്കുന്ന കടൽ കാണാം. ഡിജെ നടന്ന തീരം വിജനമായി കിടക്കുന്നു. തീരത്തെ സോളാർ ലൈറ്റുകൾ എല്ലാം കത്തിത്തന്നെ കിടക്കുന്നു. തീരത്ത് ചിതറിക്കിടന്നിരുന്ന കപ്പുകളും കവറുകളും ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാം അടിച്ചുകൂട്ടി പലയിടത്തായി വെച്ചിട്ടുണ്ട്. രാവിലെ മുനിസിപ്പാലിറ്റി വണ്ടി വന്ന് അതെല്ലാം ശേഖരിച്ചുകൊണ്ട് പൊയ്ക്കോളും.
തീരത്തിന് സമാന്തരമായി കിടക്കുന്ന വഴിയിലൂടെ ഇടയ്ക്കിടയ്ക്ക് ഒന്നോ രണ്ടോ വാഹനങ്ങൾ പോകുന്നത് കാണാം. തീരത്തുള്ള ചില കെട്ടിടങ്ങളിൽ ഇപ്പോഴും വെളിച്ചം കാണാം. ഇരുട്ടും വെളിച്ചവും നിഴലുകളും എല്ലാം കൂടി ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുപോലെ. ഒരുപക്ഷേ തൻെറ ഉള്ളിലെ പേടികൊണ്ടു തോന്നിയതുമാകാം.
……………………….

” ഇല്ല ഇമ്മാനുവേൽ, പ്രത്യേകിച്ച് ഒരു ഇൻഫർമേഷനും കിട്ടിയിട്ടില്ല. എന്താ പെട്ടെന്ന് അങ്ങനെ തോന്നാൻ ? നീ ഇപ്പോ എവിടെയാണ് ? …..സോറി അറിയാതെ ചോദിച്ചു പോയതാ.” ഇമ്മാനുവേലിന്റെ സുഹൃത്തായ ജഗൻ പറഞ്ഞു.

രാവിലെതന്നെ ഇമ്മാനുവേൽ മെട്രോയിൽ കയറി ചോള പട്ടണം ബീച്ചിൽ നിന്ന് അറുപത് കിലോമീറ്റർ അകലെയുള്ള ഒരു ചെറു ഗ്രാമപ്രദേശത്തെ ലോഡ്ജിൽ എത്തി. ഒളിവിൽ പോകുന്നതിനു മുമ്പ് മുംബൈയിൽ നിന്ന് വാങ്ങിയ വ്യാജ സിം ഫോണിലിട്ട് ഫോൺ ഓൺ ആക്കി . എന്നിട്ട് തന്റെ നെറ്റ്‌വർക്കിലുള്ള കൂട്ടുകാരെ ഓരോരുത്തരെയായി വിളിച്ചു തുടങ്ങി.

താൻ എവിടെയാണെന്ന് ചോദിക്കരുതെന്നും തൻ്റെ കാര്യങ്ങൾ ഒന്നും ആരോടും അന്വേഷിക്കരുതെന്നും നേരത്തെ തന്നെ കൂട്ടുകാരോട് പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. തനിക്കെതിരെയുള്ള നീക്കങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളയിടത്തെല്ലാം ഇമ്മാനുവൽ ഓരോരോ ഇൻഫോമർമാരെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. ഇമ്മാനുവേലിന് എതിരായുള്ള ഒരോ നീക്കങ്ങളും അവർ അപ്പപ്പോൾ ഇമാനുവലിനെ അറിയിച്ചു കൊണ്ടിരുന്നു.

എന്നാൽ എവിടെയോ പിഴച്ചിരിക്കുന്നു എന്ന് ഇപ്പോൾ ഇമ്മാനുവേലിന് തോന്നിത്തുടങ്ങിയിരിക്കുന്നു. പക്ഷേ എവിടെ?
(തുടരും)

റെക്സ് റോയി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments