Saturday, November 9, 2024
Homeകഥ/കവിതഓണം ബഹു കേമം (കഥ) ✍വീരാൻ അമരിയിൽ

ഓണം ബഹു കേമം (കഥ) ✍വീരാൻ അമരിയിൽ

വീരാൻ അമരിയിൽ മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

രാമുണ്ണികുട്ടിനായർ എന്ന കുട്ട്യായര് (കുട്ടി നായർ ) ഉച്ചയൂൺ കഴിഞ്ഞ് പതിവുപോലെ ഒന്നു മയങ്ങാൻ കിടന്നതാണ്. ഉറക്കം കിട്ടുന്നില്ല. പലതരം ചിന്തകൾ . ഇന്നലെ രാത്രി പതിവില്ലാതെ മക്കൾ രണ്ടു പേരും ഒരുമിച്ചു വീഡിയോ കാൾ ചെയ്തു. അപ്പോൾ തുടങ്ങിയതാണ് ചിന്തകളുടെവേലിയേറ്റം.
” ദോക്കൂന്നെ ണീറ്റേ രണ്ടാളും കൂടി ഫോണില്'”
ദേവുവിൻ്റെ ശബ്ദം കേട്ടുണർന്നതാണ് നായർ. മക്കളുടെ ഫോൺ വരാറ് രാത്രി അച്ഛൻ
‘ഉറക്കത്തിലായശേഷമാണ്. അമ്മയാണ് ഫോണെടുക്കാറ്. വിവരങ്ങൾ രാവിലെ അച്ഛനു റിലേ ചെയ്യലാണ് പതിവ് . അയാൾക്കതിൽ പരിഭവവുമില്ല. മക്കളോട്
അടുത്തു പെരുമാറിയിരുന്നത് അവളാണല്ലോ. പിന്നെ ഇംഗ്ലീഷ് മാത്രം പറയുന്ന കൊച്ചമക്കളോട് സംസാരിക്കാൻ വെറും എട്ടാം ക്ലാസുകാരനായ
നായർക്കാവില്ലല്ലോ. പ്രിഡിഗ്രിക്കാരിയായ അവക്കതാവും. പതിവില്ലാതെ തന്നെ
വിളിച്ചുണർത്താൻ കാരണമുണ്ട്. മക്കൾ രണ്ടു പേരും യുക്കെയിൽ കിലോമീറ്ററുകൾ അകലത്തിലാണ് താമസം. പരസ്പരം കാണൽ തന്നെ ദുർല്ലഭം. ഒരോരുത്തരായാണ് വീട്ടിലേക്ക് ഫോൺ ചെയ്യാറ്. മൂത്തവൻ രാകേഷ് എല്ലാ ശനിയാഴ്ചയും ഫോൺ
ചെയ്യുമ്പോൾ രണ്ടാമത്തവൻ അങ്ങനെ കൃത്യനിഷ്ടതയൊന്നുമില്ല. അവനു സൗകര്യം കിട്ടുമ്പോൾ വിളിക്കും. പലപ്പോഴും മാസത്തിലധികം കഴിയും. രണ്ടു പേർക്കും പറയാനുള്ളത് ഏകദേശം ഒരേ വിഷയം. കുശലം പറച്ചിലും അച്ഛനും സുഖല്ലേ എന്നതും കഴിഞ്ഞാൽ അവർക്ക് അച്ഛനേയും അമ്മയേയും നേരിട്ടുവന്നു കാണണമെന്നാഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തതിലുള്ള സങ്കടം പറയുകയും, വരാൻ പറ്റാത്ത സാഹചര്യം യുക്തിപൂർവം വിശദീകരിക്കുകയും ചെയ്യും. മൂത്തവൻ ഭാര്യാമക്കളോടൊപ്പമാണ് ഫോൺ ചെയ്യാറെങ്കിൽ രണ്ടാമൻ രാജേഷ് ഒറ്റക്കാണ്. നേഴ്സായി ജോലി ചെയ്യുന്ന അവൻ്റെ ഭാര്യ സുകന്യ ഡ്യൂട്ടിയിലാവുമ്പോഴാണ് അവൻ വിളിക്കാറ്. രാഗേഷിന്റെ നല്ലപാതി
രമ്യ വീട്ടിലിരുന്നു വിവിധ കമ്പനികളുടെ ജോലികൾ കറാറടിസ്ഥാനത്തിൽ
ഏറ്റെടുത്തു ചെയ്യുന്നവളായതുകൊണ്ട് എപ്പോഴും വീട്ടിൽ തന്നെ കാണും.

ഇന്നലത്തെ ഫോൺ കാളിൽ പുതുമയും സന്തോഷവും തോന്നാൻ കാരണം രാഗേഷും കുടുംബവും രാജേഷ് താമസിക്കുന്നിടത്തേക്കു വന്നു ,രണ്ടു കുടുംബങ്ങൾ ഒന്നിച്ചു ഫോൺ ചെയ്തു എന്നതു മാത്രമല്ല, രണ്ടുകുടുംബങ്ങളും ഒന്നിച്ചു ഓണം ആഘോഷിക്കാൻ നാട്ടിലേക്കു വരുന്നു എന്നു പറഞ്ഞതുകൊണ്ടു കൂടിയാണ് .
എല്ലാവരും കൂടിയുള്ള ഒരോണം 16 വർഷത്തിനുശേഷം ആദ്യമായാണ്.
16 വർഷം മുമ്പ് ആദ്യം പറന്നത് രാജേഷാണ്. അവൻ്റെ ഭാര്യ വീട്ടുകാർ കുടുംബ സമേതം U.K.യി ലാണ്. മെക്കാനിക്കൽ എഞ്ചിനീയറായ അവനെ മുൻനിശ്ചയ പ്രകാരം അവർ അങ്ങോട്ടു കൊണ്ടുപോവുകയായിരുന്നു. രണ്ടു വർഷശേഷം അവരുടെ സഹായത്താൽ ഓട്ടോമൊബൈൽ എഞ്ചിനിയറായ രാഗേഷും U.K യിലെത്തി.പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് ഐ.ടി എഞ്ചിനിറായ
രാകേഷിൻ്റെ ഭാര്യ രമ്യയുംനാലു വയസ്സുകാരി കാവ്യയും U.K യിലേക്കു പോകുന്നത്.

ഇന്നലെ രാത്രി ആ വൃദ്ധദമ്പതികൾക്ക് സന്തോഷം കൊണ്ട് ഉറങ്ങാനായില്ല.
ഇങ്ങനെയൊരു സന്തോഷം അവരുടെ ജീവിതത്തിൻ ഇതേവരെ ഉണ്ടായിട്ടില്ല.
മക്കളും മരുമക്കളും കൊച്ചു മക്കളും ഒന്നിച്ചുള്ള ആദ്യ ഓണം ത്രില്ലിലാണവർ. ഈ ഓണംഎങ്ങനെ കേമമാക്കണമെന്ന ചിന്ത. അതു മാത്രം. അതിനുവേണ്ട സംഗതികളെല്ലാം അവർ പരസ്പരം ചർച്ചചെയ്തു തീരുമാനത്തിലെത്തി. ഒറ്റക്കു ചെയ്യാൻ പറ്റാത്തതുകൊണ്ട് ഓരോ കാര്യത്തിനുംപറ്റാവുന്നവരെ ഏൽപ്പിക്കാനാണ് തീരുമാനം. നേരം വെളുത്ത പാടെ ദേവകിയമ്മ സന്തോഷ വിവരം അയൽവാസി വീടുകളിലെല്ലാം എത്തിച്ചു. നായരാവട്ടെ രാവിലെ പ്രാതൽ കഴിഞ്ഞ ഉടനെ തൻ്റെ സന്തത സഹചാരിയായ കാലൻ കുടയെടുത്തു “ദേവൂ …ഞാൻ പുറത്തിറങ്ങി,
വരാട്ടോ ”

ആദ്യം പോയത് നാട്ടിലെഏറ്റവും വലിയ വാഴകൃഷിത്തോട്ടത്തിനുടമയായ
മരക്കാരാജിയെ കാണാനാണ്. ഹാജിയെ കൂട്ടി തോട്ടം മുഴുവൻ നടന്നു തിരഞ്ഞു മുഴുത്തതു നോക്കിപത്തിരുപത് കുലകൾ അടയാളപ്പെടുത്തി പോന്നു. പണി കാർക്കും
സുഹൃത്തുക്കളായമമ്മു,അലവി,കുഞ്ഞലവി , തോമസ് മാഷ്, ഏലിയാമടീച്ചർ, കുഞ്ഞാലനാജി, മീൻകാരൻ കാദർ എന്നിവർക്ക് കൊടുക്കാനുള്ളതും,
ഇതിൽ പെടും. പിന്നെ പാചകക്കാരൻ കുഞ്ഞുണ്ണി നായർ,അറവുകാരൻ മമ്മത്
എന്നിങ്ങനെഓരോ കാര്യത്തിനും ഓരോരുത്തരെയും കണ്ട് ഏല്പിച്ചാണ് നായര് വീട്ടിലേക്കു മടങ്ങിയത്.

രാവുണ്ണികുട്ടിനായർ ദേവകിയമ്മ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണെന്നും
അവർ U.K.യി ലാണെന്നും നിങ്ങൾക്കു ഇതിനകം മനസ്സിലായി കാണുമല്ലോ. അവർ രണ്ടു മക്കളേയുള്ളു എന്ന കാര്യംകൂടി കൂട്ടത്തിൽ ഊ ഹിച്ചു കാണണം.

രാമുണ്ണികുട്ടിനായരുടേയും ദേവകിഅമ്മയുടെയും ആദ്യകാല ജീവിതം അത്ര സുഖകരമല്ലായിരുന്നു. ആരാന്റെ പറമ്പിലും പണിയെടുത്തും അടുക്കളയിൽ എച്ചിൽ പാത്രങ്ങൾ കഴുകിയും, മറ്റു പുറം പണിക്കു പോയിയുമാണ് അവർ വീട് പുലർത്തിയതും 30 സെൻ്റ് കാലി പറമ്പ് വാങ്ങി ചെറിയ വീടു വെച്ചതും പറമ്പിൽ തൈകൾ വെച്ചതും, പഠിക്കാൻ മിടുക്കരായ മക്കളെ പഠിപ്പിച്ചു എഞ്ചിനിയർമാരാക്കിയതും.രാഗേഷിന് ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലിയ കിട്ടിയശേഷമാണ് വീട് പുതിക്കിപണിതത്. ഇപ്പോഴുള്ളത് സാമാന്യം തരക്കേടില്ലാത്ത ഇരു നില കോൺഗ്രീറ്റു വീടാണ്.

” കുട്ട്യാരെ, കുട്ട്യായരേ ”
കുഞ്ഞികാദറിൻ്റെ വിളി കേട്ടാണ് നായര് ചിന്തയിൽ ‘നിന്നുണർന്നത്.
“ഇങ്ങട്ട് സൂട്ടും കോട്ടുംട്ട മൂന്നാലാള്കള് കാറില് ബര്ണ് ണ്ട് , കുഞ്ഞാക്കാൻെറ
ചായ പീടില് ചായ കുടിച്ചാൻ കേറീറ്റിണ്ട്. ഇങ്ങളെ പറ്റിയൊക്കെ ചോയിച്ചറിയ്ണ് ണ്ട്.
വിവരം പറയാൻ ഞാൻമുമ്പില് മണ്ടിപ്പോന്നതാണ്. ഇങ്കൻടാക്സേരോ മറ്റോ
ആണോ ആവോ.”
നായർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
”ആരാവും?”
അതാ കാർ മുറ്റെത്തെത്തി. കുഞ്ഞി ക്കാദർ കുറച്ച പ്പുറത്തേക്കു മാറി നിന്നു. നായർ കാറിൽ നിന്നിറങ്ങിയവരെ ഭവ്യതയോടെ സ്വീകരിച്ചു അകത്തേക്കാനയിച്ചു. നായർ ചൂണ്ടി കാണിച്ച കസേരകളിൽ ഇരുന്ന ശേഷം അതിലൊരാൾ ഒരു പെട്ടി തുറന്ന് എന്തൊക്കൊയോ സാമഗ്രികൾ പുറത്തെടുത്തു മേശപ്പുറത്തു വെച്ചു.
മറ്റൊരാൾ നായരോട്
” രാമുണ്ണിനായർ എന്നയാൾ സാറു തന്നെയല്ലേ? ”
പേരിനോടു സാറു കൂട്ടി വിളിച്ചതിൽ അല്പമല്ലാത്ത അമ്പരപ്പുണ്ടായെങ്കിലും
നായർ പറഞ്ഞൊപ്പിച്ചു.
“അതെ”
“നിങ്ങളും ഭാര്യ ദേവകിയമ്മയും മാത്രമല്ലേ ഈ വീട്ടിൽ ഇപ്പോൾ താമസമുള്ളു? ”
നെഞ്ചിടിപ്പു വർദ്ധിക്കുന്നു. ഇടറുന്ന ശബ്ദത്തിൽ “അതെ”
പിന്നെ ഫോട്ടോ കാണിച്ചു കൊണ്ട് ” ഈ ഫോട്ടോയിൽ കാണുന്ന
രാഗേഷും രാജേഷും നിങ്ങളുടെ മക്കളല്ലേ?”
തൊണ്ട വരളുന്നു.
“അതേ”
”രണ്ടു പേരും UK യിലല്ലേ ?”
വിയർക്കുന്നു, തളരുന്നു.
“അതേ”
“അവർ കുടുംബ സമേതം ഓണം ആഘോഷിക്കാൻ ഇങ്ങോട്ടു വരുന്നുണ്ട്, അല്ലേ?”
“അതെ, ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ?”
ധൈര്യം സംഭരിച്ച് നായർ.
“പറയാം ,ഞങ്ങൾ ‘വൈ എന്ന ഇൻ്റർനാഷണൽ സംഘത്തിൽ നിന്നാണ്. ”
“മനസിലായില്ല “.
“വൈ എന്നത് ഡബ്ളിയു ,എച്ച്, വൈ, .
അത് ഇങ്ങനെ,ഡബ്ലിയു ഫോർ വി, എച്ച് ഫോർ ഹെൽപ്പ്, വൈ ഫോർ
യു . വി ഹെൽപ് യു എന്നു
കൂട്ടിപറയാം”
നായർക്കോ, അപ്പുറത്ത് ഒളിഞ്ഞു നിന്ന് കേൾക്കുന്ന കുഞ്ഞിക്കാദറിനോ ഒന്നും തിരിഞ്ഞില്ല.
“ഇവൻ്റ് മാനേജുമെൻറു കാരാണ് . ”
“അത് എന്തു സംഗതിയാണ് ? എന്ത്
കുന്ത്രാണ്ടായാലും ഇവിടെ വരാൻ എന്താ കാര്യം. ”
“പൂക്കളം, തൃക്കാക്കരപ്പൻ എന്നിവ ഒരുക്കാൻ ആളെ ഏൽപ്പിക്കാൻ”.

കുറച്ചപ്പുറത്തുപോയിരുന്നദേവകിയമ്മ അപ്പോഴാണ് കയറിവരുന്നത്. മുറ്റത്തു
കിടക്കുന്നകാറും, അകത്തെ സംസാരവും കേട്ടു ആകാംക്ഷയോടെ കടന്നുവരുന്ന അവരെ കണ്ടപ്പോൾ… “ഇവരാണോമിസിസ്സ്നായർ ?”
“ഇവൾ എൻ്റെ കെട്ടിയോൾ, അതായത് ഞാനവളുടെ നായർ ,
ബാക്കി ചോദ്യം അവളോടാവാം. ”
” ഇവർക്ക് വല്ലതും കുടിക്കാൻ കൊടുത്തോ?”
” അതിന് സമയം തന്നിട്ടു വേണ്ടെ?”
” സോറി, ഞാനെന്തെങ്കിലും കുടിക്കാനെടുക്കാം അതു
കഴിഞ്ഞാവാം ചോദ്യോത്തരം”
”ഓക്കെ മാം ”
” ടീ ഓർ സാമ്പാരം ?”
“നൗ വി പ്രിഫർ സാമ്പാരം”
“ഓക്കെ ”

സാമ്പാരം കുടിച്ചു കഴിഞ്ഞശേഷം കലാപരിപാടി പുനരാരംഭിച്ചു.
വന്നിട്ടുള്ളവർ മക്കൾ ഏർപ്പാടാക്കിയ ഇവൻ്റു മാനേജുകാരാണെന്ന് ദേവകിയമ്മക്ക് പിടികിട്ടി. നായരുടെ മനസിൽ നിന്ന് ശങ്ക, പരിഭ്രമം, ഭയം എന്നിവ നീങ്ങി കാറൊഴിഞ്ഞ മാനം പോലെയത് തെളിഞ്ഞു .

“അത്തം മുതൽ എല്ലാ ദിവസവും പൂക്കളം വേണോ? ”
” ആവാല്ലേ മക്കളെആഗ്രഹല്ലേ ”
മി.നായർ.
“ഈ കാറ്റ്ലോഗിൽ കാണുന്നതിൽ നിന്നു ഇഷ്ടപെട്ടവ തിരഞ്ഞെടുക്കാവുന്നതാണ്. ”
ദേവകിയമ്മ കാറ്റലോഗ് വാങ്ങി നോക്കി എല്ലാം ഒന്നിനൊന്നു മെച്ചം. പണി പെട്ടു പത്തെണ്ണം തിരഞ്ഞെടുത്തു.
“തൃക്കാക്കപ്പൻ പ്ലാസ്റ്റിക്ക് വേണോ അതോ മണ്ണോ ?”
“മണ്ണുമതി ”
“നേന്ത്രൻ എത്ര കുല ?”
“അതിന്നു ഞാൻ തോട്ടത്തിൽപോയി ഏർപ്പാടാക്കിയിട്ടുണ്ട്. ”
“ആരു പറഞ്ഞു നിങ്ങളോടതു ചെയ്യാൻ ? അച്ഛനുമമ്മയും ഒരു തരത്തിലും ബുദ്ധിമുട്ടെരുതെന്ന് കരുതി മക്കൾ സ്നേഹത്തോടെ ഏർപ്പാടാക്കിയതിനെ പുറം കാലു കൊണ്ട് തട്ടി തെറിപ്പിക്കരുത്. എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യും. അവരുടെ ഫ്ലൈറ്റു ടിക്കറ്റു വരെ ഞങ്ങളാണ് തരപ്പെടുത്തി കൊടുത്തത്. ”
പിന്നീട് മിസ്റ്റർ ആൻ്റ് മിസ്സിസ് നായന്മാർ മറുത്തൊന്നും പറഞ്ഞില്ല. സദ്യക്കുള്ള വിഭവങ്ങൾ പായസങ്ങൾ തുടങ്ങി എല്ലാം വിശദമായി രേഖപ്പെടുത്തിയാണ് അവർ
സ്ഥലം വിട്ടത്. അത്തം മുതൽ അവർ പറഞ്ഞപ്പോലെ മുറ്റത്ത് ചാണകകളമുണ്ടാക്കി പൂക്കളം. പിന്നെ തൃക്കാക്കപ്പൻ .എല്ലാം മുറതെറ്റാതെ . ഉത്രാടതലേന്ന്, പൂരാട നാളിലാണ് മക്കൾ എത്തിയത്. അന്നു മുതൽ ആഘോഷം തന്നെ.
”കണ്ട്രി ഫെലോ “എന്നു തുടങ്ങിയ ചിലപരിഹാസ വാക്കുകളും നോട്ടങ്ങളും
കൊച്ചുമക്കളിൽ നിന്ന്നേരിടേണ്ടി വന്നെങ്കിലുംആ വയസ്സൻ നായർ അതൊക്കെ സഹിച്ചു ആഘോഷത്തിൽ പങ്കു ചേർന്നു.

തിരുവോണ സദ്യ കേമമായിരുന്നു. അഥിതി കളായി എത്തിയവരും ഇങ്ങനെയൊരു സദ്യ ജീവിതത്തിൽ കഴിച്ചിട്ടില്ല. ഇനി കഴിക്കുമെന്നും തോന്നുന്നുമില്ല
എന്ന അഭിപ്രായക്കാരാണ്. ഇവൻ്റ്മാനേജുമെൻ്റിനു സ്തുതി !

തിരുവോണരാത്രി 11 മണി ആയിക്കാണും, വാതിലിൽ മുട്ടു കേട്ട് ദേവകി അമ്മ ലൈറ്റിട്ട് വാതിൽ തുറന്നു. അപ്പോഴേക്കും രാമുണ്ണി നായരും ഉണർന്നെണീറ്റിരുന്നു.
മക്കൾ രണ്ടു പേരും കൂടി മുറിയിൽ കടന്നു വാതിൽ ചാരി. കുറച്ചു നേരം മുറിയിൽ മൗനം.
“മക്കളെ, കട്ടിലിൽ ഇരിക്കു എന്നിട്ട് വന്ന കാര്യം ന്താച്ചാ പറയൂ. ” അച്ഛൻ.
മക്കൾ പരസ്പരം മുഖത്തോട് മുഖം നോക്കുന്നു. പിന്നെ രാജേഷ് “ഏട്ടനാണ് പറേണ്ടത് ഏട്ടൻ മിണ്ടാത്തത് കൊണ്ട് ഞാൻ തുടങ്ങി വെക്കാം ”
“ആരാച്ചാ ന്തച്ചാ പറഞ്ഞാട്ടെ. ഞങ്ങൾ ങ്ങടെ, അച്ഛനുമമ്മയുമല്ലേ? പുറമക്കാരല്ലല്ലോ, ഇവിടെ ഇപ്പോൾ നമ്മൾ മാത്രമല്ലേയുള്ളു. എന്തായാലും പറഞ്ഞോളു. ”
” ഞങ്ങൾക്ക് മറ്റന്നാൾപോണം. ”
“രണ്ടീസം കൂടി കഴിഞ്ഞിട്ടു പോയാൽ പോരെ ”
” പോര, റിട്ടേൺ ടിക്കറ്റ് ഓക്കെയാണ്. ”
” ശരി , തിരുച്ചുപോകുമ്പോൾ കൊണ്ടാവാനുള്ള നേത്ര ക്കായയും വറുത്തുപ്പേരിയും ശർക്കരപ്പേരിയും പറഞ്ഞു വെച്ചിട്ടുണ്ട്. അത് നാളെ തന്നെ എത്തിക്കാൻ പറയാം. ”
“ഉം ”
” എന്നാ പിന്നെ പറയാൻവന്ന കാര്യം പറഞ്ഞോളു ”
“ഈ കാര്യം പറയാൻ കൂടിയാണ് ഞങ്ങൾ ഒന്നിച്ച് വന്നത്. ”

അപ്പോ അച്ഛനമ്മമാരോടൊപ്പം കുടുംബസമേതം ഓണം ആഘോഷിക്കാനല്ല. നായർ മനസ്സിൽ പറഞ്ഞു

“നിങ്ങൾക്ക് പ്രായം കൂടി വരികയാണ്. ആരോഗ്യവും ക്ഷയിച്ചുവരുന്നു. ഞങ്ങളാണെങ്കിൽ വളരെ ദൂരത്ത്. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ തന്നെ ഉടനെ ഓടി വരാൻ പറ്റാത്തിടത്ത്. ”
രാഗേഷ് പറഞ്ഞു നിർത്തി.

ശേഷകൃയ ചെയ്യാൻ ഇവൻ്മാനേജുമെൻ്റുകാരെ ഏൽപ്പിക്കുന്ന കാര്യാവും നായർ ഊഹിച്ചു വീണ്ടുംമനസിൽ പറഞ്ഞു .

“നിങ്ങളെ ഈ അവസ്ഥയിൽ ഇവിടെ ഒറ്റക്കാക്കി പോകാൻ ഞങ്ങൾക്കു മനസ്സു വരുന്നില്ല. ” രാജേഷ്.
“ഞങ്ങളുടെ കൂടെ കൊണ്ടുപോകാൻ അവിടത്തെ നിയമം അനുവദിക്കുന്നുമില്ല. ” രാഗേഷ് .
അച്ഛനമ്മമാർ കേട്ടുകൊണ്ടിരിക്കുകയാണ്.
”അതുകൊണ്ട് നിങ്ങളെ സുരക്ഷിതമായ ഒരു സ്ഥലത്ത് ഏൽപ്പിച്ചിട്ടു വേണം ഞങ്ങൾക്കു മടങ്ങിപോകാൻ ”
” അതിനു ഈ ഇവൻ്റ് മാനേജുമെൻ്റിനെ തന്നെഏൽപ്പിച്ചിട്ടുണ്ട് . ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഓൾഡേജ് ഹോമാണ് അവർ നിങ്ങൾക്കായി ഏർപ്പാടാക്കിയിട്ടുള്ളത്. ”
രാകേഷ് .
“നിങ്ങൾക്കവിടെഎല്ലാവിധസുഖസൗകര്യങ്ങളും നല്ലസുഹൃത്തുക്കളേയുംകിട്ടും . പ്രതിമാസം നല്ലൊരു സംഖ്യ കൊടുക്കണം. അത് ഞങ്ങൾ കൊടുക്കും,
മരണാനന്തരക്രിയകളടക്കം എല്ലാ കാര്യങ്ങളും നിങ്ങൾ പറയുന്ന തരത്തിലവർ ചെയ്തോളും. നിങ്ങൾ മരിക്കാൻ പറയുകയല്ലട്ടോ. നിങ്ങൾ ദീർഘായുസ്സായി ഇരിക്കണമെന്നാണ് ഞങ്ങളുടെ പ്രാർത്ഥന. എന്നെങ്കിലുംമരിക്കുമല്ലോ
ഞങ്ങളില്ലെങ്കിലും ക്രിയകളൊക്കെ വിധി പ്രകാരം തന്നെ നടക്കണമല്ലോ”
അച്ഛനമ്മമാർമൗനത്തിൽ.
“നാളെ പത്തു മണിക്ക് ആളുവരും പറമ്പ് അളന്നു തിട്ടപ്പെടുത്താൻ. വീടും പറമ്പും ആളില്ലാതെ കിടന്നു നശിക്കരുതല്ലോ. ഉച്ചക്ക് രജിസ്റ്റ്രാളും കൂട്ടരും ഇവിടെ എത്തും.
നിങ്ങൾ അങ്ങോട്ടു പോയി ബുദ്ധിമുട്ടണ്ട. നിങ്ങളുടെ ആധാർ കാർഡും ഫോട്ടോകളും വേണം. ആധാരം ഇന്നലെതന്നെ ഞാൻ അച്ഛന്റെ മേശയിൽ നിന്നെടുത്ത്
അവരെ ഏല്പിച്ചിരുന്നു. അവരെ കിട്ടിയതു നമ്മുടെ ഭാഗ്യം. ഒന്നിനും ടെൻഷനടിച്ചു ഓടിപ്പാഞ്ഞു നടക്കേണ്ടിവന്നില്ലല്ലോ. ”
“ഞങ്ങൾ പോയ ഉടനെഅവർ നിങ്ങളെ സുരക്ഷിതമായ ആ സ്ഥലത്തെത്തിക്കും. ”
” അപ്പോൾ പറഞ്ഞപോലെ രാവിലെ കാണാം”
പ്രതികരണത്തിനു കാത്തു നിക്കാതെ മക്കൾ സ്ഥലം വിട്ടു.

രാവിലെ മക്കൾ നോക്കിയപ്പോൾ അച്ഛനമ്മമാരെ മുറിയിലോ വീട്ടിലെവിടെയോ കാണാനില്ല. കിടക്കയിൽ ഒരു കടലാസു മടക്കിയനിലയിൽ കണ്ട രാജേഷ്
അതെടു നിവർത്തിവായിച്ചു .
” പ്രിയപെട്ട മക്കളെ ,
നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾക്ക് ഈ മണ്ണ് വിട്ട് എങ്ങും പോകാനാവില്ല. ഞങ്ങൾക്ക് ഞങ്ങൾ മാത്രം മതി. ഞങ്ങൾ ഒന്നിച്ചു മരണത്തിലേക്കു
പോവാണ്. ഈ വീട്ടിൽ വെച്ചു മരിച്ചാൽ ഞങ്ങളുടെ മക്കളുടെ ഭാവിയെ അത്
ബാധിക്കും. അതുകൊണ്ട് ഞങ്ങൾ ദൂരെ ദിക്കിലേക്കുപോവുകയാണ്. ഈ കത്ത് വായിച്ച ഉടനെ കത്തിച്ചു കളയണം. നിങ്ങൾ രണ്ടു പേരല്ലാതെ നിങ്ങളുടെ ഭാര്യമാരോ മക്കളോ പോലും കാണരുത് , അറിയരുത്.

തലയണക്കുതാഴെ മറ്റൊരു കത്തുണ്ട്. അതു വേണം മറ്റുള്ളവരെ കാണിക്കാൻ .ആ കത്ത് ഇങ്ങനെയായിരുന്നു.

“പ്രിയമക്കളെ,
ഞങ്ങൾ മുൻ നിശ്ചയ പ്രകാരം കാശിക്കു പുറപ്പെടുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത യാത്ര. നിങ്ങളോട് പറയാതെ, നിങ്ങൾ കാണാതെ ഈ രാത്രി തന്നെ യാത്ര പോകുന്നത്, നിങ്ങളറിഞ്ഞാലോ കണ്ടാലോ നിങ്ങൾ യാത്ര തടയുമെന്ന് ഞങ്ങൾക്കറി
യാവുന്നതുകൊണ്ടാണ്. അത്രക്കിഷ്ടാണല്ലോ നിങ്ങൾക്ക് ഞങ്ങളോട്. എത്ര പണം മുടക്കിയാണ് നിങ്ങൾ രണ്ടു പേരും കുടുംബ സമേതം വന്നു ഞങ്ങളോടൊപ്പം ഓണം ആഘോഷിച്ചത്. ഇങ്ങനെയൊരു ആഘോഷം ഞങ്ങളുടെ ഏറ്റവുംവലിയ ഒരു ആഗ്രഹമായിരുന്നു ഞങ്ങളുടെ മക്കൾ അത് സാധിപ്പിച്ചു തന്നല്ലോ. അതു ഞങ്ങൾക്ക് . ഞങ്ങൾ എത്ര സന്തോഷിച്ചെന്നറിയോ?
നന്ദി മക്കളെ നന്ദി.
നിങ്ങൾക്കും കുടുംബങ്ങൾക്കും ക്ഷേമവും ദീർഘായുസ്സും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

എന്ന് :
സ്വന്തം അച്ഛൻ
രാമനുണ്ണി നായർ (ഒപ്പ്)
അമ്മ ദേവകിയമ്മ (ഒപ്പ്)

വീരാൻ അമരിയിൽ

മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments