വേരുകൾ തേടിയാണ്,
പടിപ്പുര മുറ്റത്തെത്തിയത്…
വിള്ളലുകൾ നിറഞ്ഞ മതിലിലും
കുമ്മായം ഇളകി, ദ്രവിച്ച-
ചുമരുകളിലും വേരുകൾ
ആഴ്ന്നിറങ്ങിയിരിക്കുന്നു…
എത്രയോ ഓണവും, തിരുവാതിരയും
ഊഞ്ഞാലാടിയ മുറ്റത്ത്,
വള്ളിപ്പടർപ്പുകൾ ഇളകിയാടുന്നു …
പറക്കാൻ വെമ്പുന്ന കരിയിലകൾ
അടുത്ത കാറ്റിനെ കാത്തിരിക്കുന്നു…
കൊത്തുപണികളുള്ള വാതിലുകൾ,
മേൽക്കൂര താങ്ങുന്ന തൂണുകൾ…
വെണ് ചിതലിനും മടുത്തിരിക്കുന്നു..
കോലായിലെ ഒരു മൂലയിൽ-
എന്നോ ആത്‌മഹത്യ ചെയ്ത ഭസ്മ
കൊട്ട…
ഈറൻ തുണികൾ ഉണക്കാനിട്ടിരുന്ന-
കഴുക്കോലുകൾക്ക് കണ്ണീർ വറ്റിയത്
പോലെ…
അമ്മ പറഞ്ഞുതന്ന ചിത്രം, സങ്കൽപ്പം..
നിറം മങ്ങിയ ചുമർ ചിത്രങ്ങൾ പോലെ,
ദ്രവിച്ച മാൻകൊമ്പുകൾ പോലെ
വികൃതമായി..
ഇവിടെ ആളുകൾ ഒഴിഞ്ഞിരിക്കുന്നു…
അവകാശികളായി നില കൊള്ളുന്നു…
അയാൾ ഇടനാഴിയിലേക്ക് കയറി…
കടവാതിലുകൾ ചിറകടിച്ചുയർന്നു ..
അട്ടകളും പഴുതാരകളും
ഒളിതാവളം തേടി ഇഴഞ്ഞു…
ചേര പാമ്പുകൾ ഉറികളിൽ ഒളിച്ചു…
മച്ചിനകത്ത് കുടി കൊള്ളുന്ന-
ഭഗവതി ശാന്ത ഭാവത്തിൽ തന്നെ..
നിറം മങ്ങിയ പട്ടും, തുരുമ്പിച്ച വാളും
പരിഭവങ്ങളുടെ പര്യായം പോലെ..
അയാളാദ്യം കുരിശൂ വരച്ചു,
പിന്നെ കൈകൾ കൂപ്പി…
അയാൾക്ക് പ്രാർത്ഥനയെന്നാൽ-
അങ്ങിനെയൊക്കെയാണ്…
അപ്പുറത്തെ അറയിൽ,
കുടി കൊള്ളുന്ന കാരണവന്മാർ…
അമ്മയെ പടിയടച്ചു പിണ്ഡം
വെച്ചവരും-
കൂട്ടത്തിൽ ഉണ്ടാവണം…
ഇത്തിരി പുച്ഛത്തോടെ അയാൾ
നിന്നു…
നീ…എന്തിനിവിടെ വന്നു..
ഇവിടത്തെ പവിത്രത എന്തിന്
തകർത്തു..
ഇവിടം കളങ്കപ്പെടുത്തുന്നവരാരും,
ഗതി പിടിക്കില്ല…കാലം പൊറുക്കില്ല..
അകത്ത് നിന്നും അശരീരി ഉയർന്നു…
അത്, ചുമരുകളിൽ തട്ടി തട്ടി,
അയാളുടെ –
കാതുകളിൽ പലതവണ മുഴങ്ങി
അയാൾക്ക് ഭയമുണ്ടായിരുന്നില്ല,
എട്ടുകാലികൾക്കും…..
വലകൾ പെട്ടെന്നാണ് രൂപം
കൊണ്ടത്…
തന്നിലേക്കടുക്കുന്ന എട്ടുകാലികൾക്ക്,
അമ്മ പറഞ്ഞുതന്ന കാരണവമാരുടെ-
രൂപ സാദൃശ്യമുണ്ടായിരുന്നു…
അമ്മയെ പോലെ വലകൾ-
പൊട്ടിച്ചെറിഞ്ഞ്
പുറത്തേക്ക് കടക്കുമ്പോൾ,
അയാൾ ഉറക്കെ പറഞ്ഞു…
ജീർണിച്ച മനസ്സുകൾ –
പോലെയാണി നാലുകെട്ട്!



