പുതിയ വർഷത്തെ വരവേൽക്കുന്നത്
കലണ്ടർ വാങ്ങിയാണ്, വരാൻ
പോകുന്ന കാലത്തെ, ആദ്യമായി
നോക്കി കാണുന്നത്
കലണ്ടർ മറിച്ച് നോക്കിയാണ്
പിറന്നാളുകളും
ഉത്സവങ്ങളും
വിശേഷ ദിവസങ്ങളും
ആണ്ട് ബലികളും
കോറി വരച്ചിടും
പിന്നെ, പ്രതീക്ഷകൾ
ചിറകടിക്കും
സ്വപ്നങ്ങൾ നെയ്യും
സഫലമാകുമോ-
യെന്നറിയാൻ
ജ്യോതിഷ വചനങ്ങൾ ശ്രദ്ധയോടെ
കേൾക്കും
പുതിയ ചിട്ടകൾ, ശീലങ്ങൾ
നടപ്പാക്കുമെന്ന് പ്രഖ്യാപിക്കും
ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ
അവസാനമായി
ഒന്ന് കൂടെ പരീക്ഷിക്കും
നാളെ, നാളെ എന്ന പോലെ
പരിക്ഷണം തുടരും
ഒടുവിൽ പുതുവർഷം
പിറക്കുമ്പോൾ
സൂര്യചന്ദ്രൻമാർക്ക്
മാറ്റമില്ലെന്ന് തോന്നും,എല്ലാം
തനിയാവർത്തനങ്ങളാകും..
കലണ്ടറിൻ്റെ താളുകൾ മാത്രം മാറി
കൊണ്ടിരിക്കും
ഒരു കലണ്ടറിന് നഷ്ടപ്പെടാൻ
ഒന്നുമില്ലല്ലോ



