Tuesday, September 17, 2024
Homeസ്പെഷ്യൽകതിരും പതിരും: (പംക്തി - 51) 'മരണഭയം നിങ്ങളെ വേട്ടയാടപ്പെടുന്നുണ്ടോ ? '...

കതിരും പതിരും: (പംക്തി – 51) ‘മരണഭയം നിങ്ങളെ വേട്ടയാടപ്പെടുന്നുണ്ടോ ? ‘ ✍ ജസിയ ഷാജഹാൻ

ജസിയ ഷാജഹാൻ
  • മരണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാവർക്കും ഒരു ഭീകരമായ മുഖമാണ് മനസ്സിൽ തെളിയുക. ചന്ദനത്തിരികളുടെയും സാമ്പ്രാണിത്തിരികളുടെയും സുഗന്ധവും വെള്ളമൂടിപ്പുതപ്പിച്ച ദേഹവും നാലു പാടും ബന്ധുക്കളും ശത്രുക്കളും, സുഹൃത്തുക്കളും,സ്നേഹിച്ചവരും സ്നേഹിക്കാത്തവരും കലഹിച്ചവരും, പരിഭവിച്ചവരും ഒക്കെ എല്ലാം മറന്ന് ഒരു നോക്കു കാണാൻ തിങ്ങിനിറഞ്ഞ് നിൽക്കുന്ന അന്തരീക്ഷവും… ആലോചിക്കുമ്പോൾ തന്നെ ഒരു ശ്വാസം മുട്ട് പോലെ… അല്ലേ?..

മരണം ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ്. ജനിച്ചാൽ ഒരിക്കൽ മരിക്കണം . മരണം എപ്പോഴും നമ്മോടൊപ്പം തന്നെയുണ്ട്. എന്നൊക്കെ നാം മരണത്തെക്കുറിച്ച് കേട്ട് തഴമ്പിച്ച വാക്കുകൾ…

മരണത്തെക്കുറിച്ച് ചിന്തിക്കാൻ അധികമാരും ഇഷ്ടപ്പെടാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ മരണം യാഥാർത്ഥ്യമായ ഒരു അനുഭവമായി മുന്നിൽ തെളിഞ്ഞു നിൽക്കുമ്പോൾ ഇന്നല്ലെങ്കിൽ നാളെ പലപ്പോഴും ചില പ്രത്യേക സന്ദർഭങ്ങളിൽ എങ്കിലും  നമുക്ക് മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ല. മരണ ഭയം നമ്മെ കീഴ്പ്പെടുത്തുന്ന പല അവസരങ്ങളും ജീവിതത്തിൽ നമുക്ക് മുന്നിലൂടെ നമ്മെ അമ്പരപ്പിച്ചു കൊണ്ട് കടന്നുപോകാറുണ്ട്. കടന്നു പോയിട്ടുണ്ട്. അപ്പോഴൊക്കെ നാം തിരികെ കിട്ടിയ ജീവിതത്തിൻെറ മധുരം ഇരട്ടി നുകർന്നിട്ടുമുണ്ട്!

പെട്ടെന്നൊരു ദിവസം നാം ഈ ഭൂമിയിൽ നിന്ന് ഇല്ലാതെയാവുക ,നമ്മൾ ഇഷ്ടപ്പെട്ടതൊക്കെ, നമുക്ക് പ്രിയപ്പെട്ടതൊക്കെ, നമ്മുടെ പ്രണയങ്ങൾ ഒക്കെ ,സ്നേഹങ്ങളൊക്കെ, ബന്ധങ്ങൾ ഒക്കെ ഉപേക്ഷിക്കപ്പെടേണ്ടി വരിക! എത്ര ചിന്തിച്ചാലും നമ്മുടെ മനസ്സതിനെ ഉൾക്കൊള്ളാൻ മടി കാണിക്കുന്നു.നമുക്കത് സഹിക്കാൻ പറ്റുന്നില്ല!

കണ്ട് കൊതിതീരാത്തവയും, കേൾക്കാൻ ആഗ്രഹിച്ചിരിക്കുന്നവയും,
ഹൃദയം ചേർത്തു വച്ച് സ്നേഹിക്കുന്നവയും, ലാളിച്ച് മതിയാകാത്തവയും, അനുഭവിച്ച് സുഖം പറ്റിയവയും എല്ലാം ക്ഷണനേരം കൊണ്ട് വിസ്മൃതിയിലേക്ക് മറയുന്നു. ആണ്ടു പോകുന്നു. നിശ്ചലമായ ശ്വാസത്തിൽ നമ്മളൊരു കാഴ്ചവസ്തുവാകുന്നു. നമ്മുടേതെന്ന് അഹങ്കരിച്ചിരുന്ന എല്ലാ സ്വത്തുക്കളും, തലക്കനവും അഹങ്കാരവും ഞാനെന്ന ഭാവവും ഇല്ലാതെയാകുന്നു.. നമ്മളെക്കുറിച്ച് മാത്രം കുറേ നേരത്തേക്കങ്കിലും മറ്റുള്ളവർ ഒളിഞ്ഞും തെളിഞ്ഞും ,അടക്കിയും ഉറക്കെയും ഒക്കെ സംസാരിക്കുന്നു. വിലയിരുത്തുന്നു. നല്ല ചെയ്തികളെയും മോശം ചെയ്തികളെയും തരംതിരിക്കുന്നു. ഓർത്തെടുക്കുന്നു . സങ്കടപ്പെടുന്നു കണ്ണീരു വാർക്കുന്നു. നമ്മളാൽ മാത്രം നിറഞ്ഞ കുറേ നിമിഷങ്ങൾ..

പഴമക്കാർ പറയാറുണ്ട്!.. “ചാവുമ്പോ …കുഴിച്ചു മൂടാൻ മറ്റൊരുത്തന്റെ സഹായം വേണമെന്ന ചിന്തയെങ്കിലും നിനക്കുണ്ടാകണം എന്ന്.
” നിന്റെ അവസാന സമയം എവിടെയാണ്?.. എന്താണ്?… എങ്ങിനെയാണ് ?… ആരാലാണ് നീയൊരിറ്റ് വെള്ളമിറക്കുക … എന്നൊന്നും പറയാനും അറിയാനും ആർക്കും കഴിയില്ല… അവൻ്റെയൊരു നെഗളിപ്പ് കണ്ടില്ലേ?.. അഹങ്കാരം കണ്ടില്ലേ? എന്നൊക്കെ”? പഴയ മുത്തശ്ശിമാരും കാരണവന്മാരുമൊക്കെ തങ്ങളുടെ തൽക്കാല കലിയടക്കാനും താക്കീതായും മറ്റുള്ളവർക്ക് നേരെ ഈ വാചകങ്ങൾ പ്രയോഗിച്ചിരുന്നു. ഈ വാചകങ്ങളിലെ ധ്വനികൾ മരണഭയത്തെ സൂചിപ്പിക്കുന്നു. ആ ഭയം ഉണ്ടായാൽ എങ്കിലും നീ മനുഷ്യൻ ആകണം … ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരണം. താഴ്മയുണ്ടാകണം അലിവുണ്ടാകണം, നന്മകളുണ്ടാകണം എന്നതൊക്കെ നമ്മിൽ പ്രതിധ്വനിപ്പിക്കുന്നു.

മരണം അനിവാര്യമാണ്. ഉചിതമായ സമയത്ത് നിങ്ങൾ മരിച്ചുവീഴാൻ ആഗ്രഹിക്കുന്നുണ്ടോ?
കൺമുന്നിൽ ചത്ത് വീഴുന്ന ഒരു പ്രാവിനെ കാണുമ്പോൾ നാളെ എൻ്റെ അവസ്ഥയും ഇതാണെന്ന് ചിന്തിച്ച് ഭയപ്പെടാറുണ്ടോ?..
മരണത്തിൻ്റെ നിങ്ങളിലേക്കുള്ള കടന്നു കയറ്റം ഏതു വിധമാണ് ?
നിങ്ങളെ അത്രയേറെ സ്നേഹിച്ചായിരിക്കുമോ ?.. പരിഗണിച്ചായിരിക്കുമോ?..കാത്തുവച്ചായിരിക്കുമോ? മരണം കൊണ്ടുപോവുക! അതോ ഒറ്റ നിമിഷം കൊണ്ട് ഒന്നുമറിയാതെ എല്ലാം നിശ്ചലമാക്കുമോ?..
ഇങ്ങനെയൊക്കെ ചിന്തിച്ച് തല പുണ്ണാക്കാത്തവർ ആരുണ്ട്? എല്ലാവരും ആഗ്രഹിക്കുക സുഖമരണമാണ്. അതിനുവേണ്ടി പ്രാർത്ഥിക്കുന്നവരാണേറെയും. വീണു കിടപ്പിലായി നരകിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി മരിച്ചു പോകണമെന്ന് ആരും ആഗ്രഹിക്കാറില്ല.

എന്നാൽ ജനിക്കുമ്പോൾ മുതൽ നമ്മൾ മരിച്ചു കൊണ്ടിരിക്കുകയാണ്.
അന്ന് തുടങ്ങി മരണം നമ്മളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. നമ്മൾ അതിനെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെട്ട് സമയം കളയേണ്ട ഒരു കാര്യവുമില്ല! സമയത്തിലും കർമ്മങ്ങളിലും വിശ്വസിച്ച് വന്നുചേരുന്ന സുഖദുഃഖങ്ങളെ ഒരുപോലെ സ്വീകരിച്ചു മുന്നോട്ടുപോകുക. വരാനുള്ളതൊക്കെ വഴിയിൽ തങ്ങാതെ വന്നുകൊണ്ടിരിക്കും. നേരത്തെ തന്നെ ലിഖിതപ്പെട്ട ജീവിതവുമായാണ് നമ്മൾ ഈ ഭൂമിയിൽ പിറന്നുവീഴുക .ആ ലിഖിതങ്ങളെ തിരുത്തപ്പെടാൻ വേണ്ടി നമ്മൾ മത്സരബുദ്ധിയോടെ ജീവിതം നയിക്കുന്നു. ജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും സംഭവിച്ചു പോകുന്നതിനെയൊക്കെ ബുദ്ധിപൂർവ്വം നേരിടുന്നതിലും , കൈകാര്യം ചെയ്യുന്നതിലും വിജയം കണ്ടെത്തി മുന്നോട്ടുപോവുക. ഏത് പ്രായത്തിലും ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുക.
മരണം അതിൻ്റെ സമയത്ത് കടന്നുവന്ന് നമ്മെ ഏത് വിധേനയും കൂട്ടിക്കൊണ്ടുപോകും.

“മതിയാകും വരെ
ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ”? എന്ന സിനിമാഗാന വരികൾ കൂടി
ഈയവസരത്തിൽ ഓർമ്മപ്പെടുത്തുന്നു.

ഓർക്കുക ! ഭീരുക്കൾ അനേകം തവണ മരിക്കും ധീരന്മാർക്ക് മരണം ഒരിക്കലേയുള്ളൂ..

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.. നന്ദി,സ്നേഹം.

✍ ജസിയ ഷാജഹാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments