Friday, October 2, 2026
Homeകേരളംവീടില്ലാത്തവർക്ക് വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

വീടില്ലാത്തവർക്ക് വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

തിരുവനന്തപുരം :- താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ഐ മധുസൂധനൻറെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമ്മിക്കുവാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ്.

2016ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ പാവപ്പെട്ടവന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി രാജ്യത്തിനാകെ മാതൃകയായി മാറിക്കഴിഞ്ഞതാണ്. ഇതിനകം 4,27,000 പേർക്ക് വീട് വച്ച് നൽകി. അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവർക്ക് അവർ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെൽവയൽ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയിൽ സർക്കാർ 2018-ൽ ഭേദഗതി കൊണ്ടുവന്നു.ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ‘നിലം’ ഇനത്തിൽപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 10 സെൻറിൽ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.ഇത്തരം ഭൂമിയിലെ വീടുകളുടെ നിർമ്മാണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെർമിറ്റ് ലഭിക്കുന്നതിന് ഒരു തടസവാദവും ഉന്നയിക്കാൻ കഴിയില്ല. ഇത്തരം അപേക്ഷകളിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിക്കുന്നതിന് ഭൂമി ബി ടി ആറിൽ നിലം എന്നു രേഖപ്പെടുത്തിയത് തടസ്സമാവില്ല എന്ന് ഉറപ്പു വരുത്തുന്നതാണ്. അതുപോലെ 5 സെൻറ് വരെയുള്ള ഭൂമിയിൽ 40 ച. മീ (430.56 ച.അടി) വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും പ്രസ്തുത നിയമത്തിലെ 27 (എ) വകുപ്പു പ്രകാരം തരംമാറ്റൽ ആവശ്യമില്ല. കെട്ടിടനിർമ്മാണ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമർപ്പിച്ചാൽ മതിയാകും.

മേൽപ്രകാരമുള്ള ഇളവ് ലഭ്യമാണ് എന്നതറിയാതെ തരം മാറ്റത്തിനായി അപേക്ഷകർ റവന്യൂ അധികാരികളെ ഇപ്പോഴും സമീപിക്കുന്ന നിലയുണ്ട്. അത്തരം അപേക്ഷകൾ പരിശോധിച്ച് മേൽപ്പറഞ്ഞ ആനുകൂല്യം അവർക്ക് ലഭ്യമാണ് എന്നത് തങ്ങളെ സമീപിക്കുന്ന അപേക്ഷകനെ അറിയിക്കുകയാണ് കൃഷി, തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. പലപ്പോഴും ഇതിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്. ഇക്കാരണത്താൽ 2018-ൽ നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി വരുത്തിയതിൻറെ ആനുകൂല്യം ജനങ്ങൾക്ക് അനുഭവേദ്യമാകുന്നില്ല എന്നത് വസ്തുതയാണ്.

അപേക്ഷകൾ സ്വീകരിക്കാതെയും വസ്തുതകൾ മനസ്സിലാക്കാതെയും ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസം കാരണം നിരവധി പേരാണ് ഒരു ചെറിയ വീട് പണിയുന്നതിനുവേണ്ടി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ വരുത്തുന്ന ഗുരുതരമായ അനാസ്ഥയായി മാത്രമേ കാണാൻ കഴിയൂ.ഇത്തരം ആനുകൂല്യങ്ങൾ നിലവിലുണ്ട് എന്ന കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നതാണ്. നിലവിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അവ അടിയന്തരമായി തീർപ്പ് കൽപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.

നെൽവയൽ തണ്ണീർത്തട നിയമം നിലവിൽ വന്ന 2008 ൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതുമായ നെൽവയലിൻറെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീട് വയ്ക്കാൻ പറ്റിയ സ്ഥലം സ്വന്തം ജില്ലയിൽ ഇല്ലാത്തപക്ഷം ഗ്രാമപഞ്ചായത്തിൽ 10 സെൻറും, നഗരപ്രദേശങ്ങളിൽ 5 സെൻറും നിലം വീട് വയ്ക്കാനും അനുമതി ലഭിക്കും.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അനുമതി നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓരോ കാരണവും പറഞ്ഞ് മടക്കലാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് കരുതാൻ പാടില്ല. അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ