മലപ്പുറം: മലപ്പുറം താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് റഹിം അസ്ലമാണ്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്
മലപ്പുറം താനൂരിൽ നിന്ന് കാണാതായ കുട്ടികളെ നാളെ ഉച്ചയോടെ നാട്ടിലെത്തിയ്ക്കും. അന്വേഷണ സംഘം കുട്ടികളുമായി 12 മണിയോടെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തും. കോടതി നടപടികൾ പൂർത്തിയാക്കി, രക്ഷിതാക്കൾക്കുൾപ്പെടെ കൗൺസിലിങ് നൽകിയതിന് ശേഷമായിരിക്കും വീട്ടിലേക്ക് അയക്കുക. എന്തിനാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും യാത്രയിൽ കുട്ടികളെ സഹായിച്ച യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കുട്ടികൾ മുംബൈയിലേക്ക് കടന്നത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
അതേസമയം മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ചെന്നൈ – എഗ്മോർ എക്സ്‌പ്രസ് ട്രെയിനിൽ ലോണാവാലയിൽ വച്ച് കണ്ടെത്തിയത്. കേരള പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുംബൈ പൊലീസിന്റെ പഴുതടച്ച അന്വേഷണം. മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരുടെ കരുതലും ജാഗ്രതയും ഫലം കണ്ടു. കേരളത്തിൽ നിന്നുള്ള പോലീസ് സംഘം പൂനെയിലെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുടർന്നാണ്. ആർപിഎഫ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കേരള പൊലീസിന് കൈമാറിയത്.