തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട് ആണ്.
എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അതേസമയം, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 5, 6 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ആഗസ്റ്റ് 04 മുതൽ 07 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



