ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കേരളത്തിന്റെ വികസന ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ പദ്ധതികളല്ല, കേന്ദ്ര പദ്ധതികളിൽ കേരളത്തിന് അർഹമായ വിഹിതമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലുള്ള 150 മെഗാവാട്ടിന് പുറമെ കേന്ദ്ര വിഹിതത്തിൽ 500 മെഗാവാട്ട് വൈദ്യുതി കൂടി അധികമായി ആവശ്യപ്പെട്ടു. ജിഡിപി കണക്കെടുപ്പ് പഴയ രീതിയിൽ തുടരണമെന്നതടക്കം ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ടു വെച്ചു.
മിഷൻ സമുദ്ര’യ്ക്ക് കീഴിൽ വിഴിഞ്ഞം അനുബന്ധമായ 12 വൻകിട പദ്ധതികൾക്കായി 1,03,500 കോടി രൂപയുടെ അനുമതി തേടി. 1,500 കോടി രൂപ ചെലവ് വരുന്ന 10.7 കിലോമീറ്റർ വിഴിഞ്ഞം റെയിൽ ലിങ്ക് റെയിൽവേ തന്നെ നിർമ്മിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടു. പദ്ധതിക്കായി സംസ്ഥാനം ഇതിനകം 541 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിനും ഫ്രീ ട്രേഡ് സോണിനും പോർട്ട് ഇക്കണോമിക് റീജിയനും കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടി.
പൂവാർ-വിഴിഞ്ഞം മേഖലയിൽ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്റർ അനുവദിക്കണമെന്നും കൊച്ചിൻ ഷിപ്പ്‌യാർഡ് വികസനത്തിന് അന്തിമ അനുമതി നൽകണമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കൊച്ചി-വിഴിഞ്ഞം മേഖലയെ ദേശീയ ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി അംഗീകരിക്കണമെന്നും ആവശ്യം. കേന്ദ്രത്തിന്റെ പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതിയിൽ കേരളത്തിന് അർഹമായ വിഹിതം വേഗത്തിൽ അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.



