കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ്, ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന മായൻ ചാപ്റ്റർ 1 ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരത്തിൻ്റെ പിന്നിലെ രഹസ്യങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ചിത്രമാണിതെന്ന് ടീസർ പറയുന്നു.
‘ഓർഡിനറി’, ‘അനാർക്കലി’ എന്നിവയ്ക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മായൻ. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഡിസംബർ 3ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ.



