ആലപ്പുഴ: രണ്ട് വയസ്സുകാരനായ മകൻ രാഹുൽ മരണപ്പെട്ട സംഭവത്തിൽ മാതാപിതാക്കളായ താരയ്ക്കും രാജേഷിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ. ഹരിപ്പാട് കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ മകനായ രണ്ടു വയസ്സുകാരൻ രാഹുൽ മരണപ്പെടുമ്പോൾ കുട്ടിക്ക് വെറും 7 കിലോ മാത്രമായിരുന്നു ശരീരഭാരം . മാതാപിതാക്കൾ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിൽ വലിയ വീഴ്ചയാണ് വരുത്തിക്കൊണ്ടിരുന്നതെന്ന് സമീപവാസികളും അധികൃതരും പറയുന്നു.
കുട്ടികളുടെ ദുരവസ്ഥയും ദാരിദ്ര്യവും ചൂണ്ടിക്കാട്ടി അയൽവാസികളിൽ നിന്നും മറ്റും പണം പിരിക്കുകയായിരുന്നു താര – രാജേഷ് ദമ്പതിമാർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ വേണ്ടി വിധം പരിചരിച്ചിരുന്നില്ല എന്ന പരാതി അയൽവാസികൾക്കെല്ലാമുണ്ട്. അമ്മ താര ഏഴാമത്തെ പ്രസാവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ആയിരുന്ന സമയത്താണ് കുഞ്ഞ് മരിച്ചത്. തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തു. നാല് പെൺകുട്ടികളാണ് ഈ ദമ്പതിമാർക്കുള്ളത്. അമ്മയെ കുഞ്ഞിന്റെ മരണം അറിയിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് കാവിന്റെ ദോഷമുണ്ടായിരുന്നെന്നാണ് രാജേഷ് പറയുന്നത്. ഇക്കാരണത്താൽ ഒരാൾ മരിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നെന്ന വിചിത്രവാദവും രാജേഷ് ഉന്നയിക്കുന്നുണ്ട്. കുഞ്ഞിന് പോഷകാഹാരക്കുറവ് സംഭവിച്ചത് എങ്ങനെയാണെന്ന കാര്യത്തിൽ സംശയമുയർന്നിട്ടുണ്ട്. ഇവരുടെ ഒരു കുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. കൈയിൽ നിന്ന് വീണ് മരിച്ചു എന്നാണ് അന്ന് താര പറഞ്ഞത് എന്നാണ് നാട്ടുകാർ പറയുന്നത്. ഈ മരണവും സംസ്കാരവും നാട്ടുകാരെ അറിയിച്ചിരുന്നില്ല എന്ന ആരോപണവുമുണ്ട്.
രണ്ടു വയസുകാരനായ കുട്ടി ഒന്നും കഴിക്കാന് കൂട്ടാക്കിയിരുന്നില്ലെന്നും രാജേഷ് പറയുന്നുണ്ട്. എന്നാൽ ഇതൊന്നും വിശ്വസിക്കാൻ അയൽവാസികളോ പഞ്ചായത്ത് അധികൃതരോ തയ്യാറല്ല. കുട്ടികളെ യാതൊരു വിധത്തിലും ദമ്പതികൾ പരിചരിച്ചിരുന്നില്ലെന്ന പരാതിയാണ് വാർഡ് മെമ്പർക്കടക്കമുള്ളത്. കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതി കൊണ്ടു പോകുന്നതിനോട് ദമ്പതിമാർ കടുത്ത എതിർപ്പാണ് ഉന്നയിച്ചിരുന്നതെന്ന് സ്ഥലം വാർഡ് മെമ്പർ പറയുന്നു. കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഓർഡറുമായി ശിശുക്ഷേമ സമിതിക്കാർ എത്തിയപ്പോൾ താര ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.കുട്ടികളുടെ ജനന സർട്ടിഫിക്കറ്റോ വാക്സിൻ എടുത്തതിന്റെ രേഖകളോ ഇവരുടെ കൈയിൽ ഇല്ല. തികച്ചും വൃത്തിഹീനമായ അവസ്ഥയിലാണ് കുട്ടികൾ കഴിഞ്ഞിരുന്നത്.
ഓട്ടോഡ്രൈവറായ രാജേഷ് ആരോഗ്യവാനാണ്. ഇയാൾക്കില്ലാത്ത പോഷകാഹാരപ്രശ്നം കുട്ടികൾക്ക് വന്നതിന് കാരണം പരിചരണക്കുറവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.



