Wednesday, October 21, 2026
Homeഇന്ത്യപഞ്ചാബ് മുഖ്യമന്ത്രിയെ എയർപോർട്ടിൽ തടഞ്ഞു, 50,000 രൂപ പിഴ; കേന്ദ്രത്തിനെതിരെ ആം ആദ്മി പാർട്ടി

പഞ്ചാബ് മുഖ്യമന്ത്രിയെ എയർപോർട്ടിൽ തടഞ്ഞു, 50,000 രൂപ പിഴ; കേന്ദ്രത്തിനെതിരെ ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് ഡൽഹി വിമാനത്താവളത്തിൽ മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തതായി ആം ആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയെ മനഃപൂർവം അപമാനിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് എഎപി പഞ്ചാബ് മീഡിയ ഇൻ-ചാർജ് ബാൽതേജ് പന്നു എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വിലക്കുകളെ അവഗണിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മൻ പാരീസിലേക്ക് പോയതെന്ന് പന്നു പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയിൽ പഞ്ചാബിലെ പ്രശസ്തമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്. എന്നാൽ മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ നൽകാൻ പാരീസിലെ ഇന്ത്യൻ കോൺസൽ ജനറൽ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബാഗേജ് പരിശോധനയുടെ പേരിൽ മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരിപ്പിച്ചു. തുടർന്ന് അദ്ദേഹം പുറത്തിറങ്ങാൻ നേരം ഉദ്യോഗസ്ഥർ ഓടിയെത്തി ‘മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്’ നടപടിയെന്ന് അറിയിക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നുവെന്ന് എഎപി ആരോപിക്കുന്നു.

എന്നാൽ ലഗേജിൽ കൊണ്ടുവന്ന ചില വസ്തുക്കൾ കൃത്യമായി പ്രഖ്യാപിക്കാത്തതിനാലാണ് മുഖ്യമന്ത്രിക്ക് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 50,000 രൂപ പിഴ ചുമത്തിയതെന്ന് ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്റ്റാഫിന്‍റെ ബാഗേജുകളും പരിശോധിച്ചിരുന്നു. സംഭവത്തെ തുടർന്ന് രൂക്ഷമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ധാർഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. എന്നാൽ അനുവദനീയമായതിനേക്കാളും കൂടുതൽ ലഗേജോ പണമോ കൊണ്ടുവന്നതിനാണ് മന്നും ഭാര്യ ഗുർപ്രീത് കൗറും ചോദ്യം ചെയ്യപ്പെട്ടതെന്ന് ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി വിക്രം സിംഗ് മജീതിയ ആരോപിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ