കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ അന്വേഷണ സമിതിയെ രൂപീകരിച്ച് സർവ്വകലാശാല. വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത ആർ എസ് എസ് അനുകൂലിയായ പ്രോക്ടറെ മാറ്റിനിർത്തിയാണ് അഞ്ചംഗ അന്വേഷണ സമിതി. വിദ്യാർത്ഥികൾക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമിരമ്പി.
വന്ദേമാതരം സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിലും, വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് വിളിച്ച ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം ശക്തമായതോടെയാണ് സർവ്വകലാശാല അന്വേഷണസമിതി രൂപീകരിച്ചത്.
അധ്യാപകരടങ്ങിയ അഞ്ചംഗ സമിതിയെയാണ് രൂപീകരിച്ചത്. സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി ശ്രീകുമാറിനെ വിദ്യാർത്ഥികളുടെ എതിർപ്പിനെ തുടർന്ന് അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തിയില്ല. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. വിദ്യാർത്ഥി പ്രതിനിധികളുമായി വൈസ് ചാൻസലർ തിങ്കളാഴ്ച്ച ചർച്ച നടത്തും.
അസി. രജിസ്ട്രാറാണ് വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയത്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സർവ്വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധമിരമ്പി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ചിന് നേരെ മൂന്നുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻ വലിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല ഭരണവിഭാഗം ഓഫീസിനു മുന്നിൽ വ്യാഴാഴ്ച മുതൽ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. അന്വേഷണ സമിതി രൂപീകരിച്ചതോടെ വിദ്യാർത്ഥി സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രതികാര നടപടി അംഗീകരിക്കില്ല, പ്രോക്ടർ പി ശ്രീകുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണം എന്നീ ആവശ്യങ്ങളിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച തുടർസമരം പ്രഖ്യാപിക്കും.



