തിരുവനന്തപുരം : കേരളത്തിൽ നിലവിൽ കാലവർഷം ദുർബലമായി തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നും നാളെയും ഉയർന്ന ചൂടും അന്തരീക്ഷ ആർദ്രതയും തുടരും.
സെപ്റ്റംബർ 10 മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 10, 11 തീയതികളിൽ മഴ വ്യാപകമായേക്കും. ഇന്ന് തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
സെപ്റ്റംബർ 7 മുതൽ 9 വരെ സംസ്ഥാനത്ത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന ചൂടും ആർദ്രതയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകാമെന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് നേരിട്ട് വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. കാട്ടുതീ സാധ്യത മുൻനിർത്തി വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.



