കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി കോഴിക്കോട് നടക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ക്യാമ്പസിലേക്ക് മാധ്യമങ്ങൾക്ക് വിലക്ക്. സർക്കാർ നിർദ്ദേശ പ്രകാരമാണ് സമാപന ദിവസമായ നാളെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് ഐഐഎം വാർത്താകുറിപ്പിൽ പറയുന്നു. പിആർടിയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഐഐഎം വ്യക്തമാക്കുന്നു.
ആധുനിക വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിൻ്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ്മ ആലോചനയാണ് ‘റീ ഇമാജിനിംഗ് കേരളം’ ക്യാമ്പിൽ പ്രധാനമായും ചർച്ചചെയ്യുന്നത്. ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിൻ്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ക്യാമ്പിൽ ചർച്ച ചെയ്യുന്നത്.
അതേസമയം, മന്ത്രിസഭ കേരളയ്ക്കായി ഐഐഎംകെ നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് രണ്ടാം തവണയാണ്. 2011ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയ്ക്കായി ഐഐഎംകെ ഏകദിന നേതൃത്വ മാനേജ്മെൻ്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.



