കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ് വിവരം. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആന്റ് ലാപ്ടോപ്പ് സര്‍വീസ് കോഴ്സിന് പഠിക്കാനാണ് വിദ്യാര്‍ത്ഥി സ്ഥാപനത്തില്‍ എത്തിയത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റല്‍ സൗകര്യം ഉണ്ടെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മുറികളിലായി പതിനൊന്നൂ പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേര് സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നാലെ ഇക്കാര്യം കുട്ടി അധ്യപകരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അധ്യാപകര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കുട്ടി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പകര്‍ത്തി ഇവര്‍ക്ക് നല്‍കുന്നത്. അധ്യാപകര്‍ ഹോസ്റ്റലില്‍ എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തങ്ങള്‍ ലഹരി ഉപയോഗിച്ചെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വാദം.
എന്നാല്‍ ഉപദേശിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുകയോ വീട്ടില്‍ കാര്യങ്ങള്‍ ധരിപ്പിക്കുകയോ ചെയ്യാതെ ഇവരെ വിട്ടയച്ചെന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി പറയുന്നത്. പിന്നാലെയാണ് അണക്കര സ്വദേശിയായ 19 കാരന് ഉള്‍പ്പടെയുള്ള ആളുകളാണ് ദൃശ്യങ്ങള്‍ അധ്യാപകര്‍ക്ക് അയച്ചു നല്‍കിയതെന്ന് ലഹരി ഉപയോഗിച്ച സഹപാഠികള്‍ മനസിലാകുന്നത്. ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസ്സിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.
തിങ്കളാഴ്ച നടന്ന സംഭവം പേടി മൂലം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നാലെ വേദന അധികമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. കേസില്‍ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജ്യുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ മറ്റ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല.



