ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തിൽ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നാട്ടിൽ ഗുണ്ടകളെ പോറ്റി വളർത്തുന്ന ചില ആളുകളുണ്ട്. അവർ മര്യാദയ്ക്കായിരിക്കണം. ഗുണ്ടകളെ പോറ്റി വളർത്തി സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാമെന്ന് ആരും കരുതണ്ട. നാട്ടില് നിയമമുണ്ട്. നിയമത്തിനനുസരിച്ച് എല്ലാവരും പ്രവർത്തിക്കണം. എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും – അദ്ദേഹം പറഞ്ഞു.
ടി ജി മോഹൻദാസിൻ്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പരാതി കിട്ടിയപ്പോൾ തന്നെ സൈബർ സെല്ലിൻ നൽകിയതാണെന്നും അവർ വേണ്ട നടപടികൾ എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് പൊലീസിൻ്റേതായ ജോലി ചെയ്യും. പോലീസിൻ്റെ പ്രവർത്തനങ്ങൾ നിയമപരമായി മുന്നോട്ട് കൊണ്ടുപോകും. എല്ലാം നിയമത്തിൻ്റെ രീതിയിൽ മുന്നോട്ട് പോകും. എല്ലാം കോടതിയുടെ നിരീക്ഷണത്തിനും സ്‌ക്രൂട്ടണിക്കും വിധേയമാണ്. വ്യവസ്ഥാപിതമായ നടപടികൾ പാലിച്ച് മുന്നോട്ട് പോകും – അദ്ദേഹം വ്യക്തമാക്കി.
ടി ജി മോഹൻദാസിനെതിരെ കേസെടുത്തത് 10 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സൈബർ പോലീസിൻ്റെ തുടർനടപടി. ഡൽഹിയിൽ സിപിഐ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയായിരുന്നു ടിജി മോഹൻദാസിൻ്റെ വിദ്വേഷ പരാമർശം. സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെയും ടിജി മോഹൻദാസ് അശ്ലീല പരാമർശം നടത്തി. കലാപാഹ്വനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിൽ സർക്കാരിനെതിരെ വിമർശനവും ഉയർന്നു. ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പൊലീസ് ടി ജി മോഹൻദാസിൻ്റെ വീട്ടിലെത്തി
പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിലെടുത്തു. വീടിന് പുറത്തേക്ക് ഇറക്കിയതോടെ ടി ജി മോഹൻദാസിന് അനുകൂല മുദ്രാവാക്യങ്ങളുമായി സംഘപരിവാർ പ്രവർത്തകർ എത്തി. കനത്ത സുരക്ഷയിലാണ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയത്.



